യുഎസ് പടക്കപ്പൽ എബ്രഹാം ലിങ്കണിൽ നിന്ന് ഇഎ-18ജി ഇലക്ട്രോണിക് അറ്റാക്ക് വിമാനങ്ങളും എഫ്-35സി ലൈറ്റ്നിങ് പോർവിമാനങ്ങളും പറന്നുയർന്നു. ശത്രു റഡാറുകളെ കണ്ടെത്തി തകർക്കാനും വ്യോമ ആക്രമണങ്ങൾക്കും ഉള്ളവയാണ് ഇവ.
വാഷിങ്ടണ്‍: മിഡിൽ ഈസ്റ്റിൽ സേനാഭ്യാസം ശക്തമാക്കി യുഎസ് സെൻട്രൽ കമാൻഡ്. യുഎസ് പടക്കപ്പൽ എബ്രഹാം ലിങ്കണിൽ നിന്ന് ഇഎ-18ജി ഗ്രോവ്‍ലേഴ്സ് ഇലക്ട്രോണിക് അറ്റാക്ക് വിമാനങ്ങളും എഫ്-35സി ലൈറ്റ്നിങ് പോർവിമാനങ്ങളും പറന്നുയർന്നു. ശത്രു റഡാറുകളെ കണ്ടെത്തി തകർക്കാനും വ്യോമ ആക്രമണങ്ങൾക്കും ഉള്ളവയാണ് ഇവ. 24 മണിക്കൂറും നീളുന്ന ദൗത്യങ്ങൾ എന്ന് സെൻട്രൽ കമാൻഡിന്‍റെ പ്രതികരണം. പടക്കപ്പലുകൾ തങ്ങളുടെ പ്രതിരോധ പരിധിയിൽ എന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ അവകാശവാദം.
ജനുവരിയിൽ വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടുമ്പോഴോ കഴിഞ്ഞ വർഷം ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയപ്പോഴോ നടത്തിയതിനേക്കാൾ സമഗ്രമായ തയ്യാറെടുപ്പാണ് നിലവിൽ അമേരിക്ക നടത്തുന്നത് എന്നാണ് സൂചന. മേഖലയിൽ യുഎസിന് ഉപയോഗിക്കാൻ കഴിയുന്ന എട്ട് വ്യോമതാവളങ്ങളുണ്ട്. ഒരു വശത്ത് സൈനിക സമ്മർദം ശക്തമാക്കുമ്പോഴും മറുവശത്ത് ചർച്ചകളുടെ സാധ്യതകൾ തേടുകയാണ് ട്രംപ്. ഇറാന്റെ ആണവ പദ്ധതിയിലെ നിയന്ത്രണങ്ങളും യുഎസ് ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കലും ചർച്ച ചെയ്യാൻ യുഎസ് - ഇറാൻ അധികൃതർ ചൊവ്വാഴ്ച സ്വിറ്റ്സർലൻഡിൽ കൂടിക്കാഴ്ച നടത്തും.
അതിനിടെ ഇറാൻ-യുഎസ് ആണവ ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ വിദേശകാര്യ വകുപ്പ് മന്ത്രി അബ്ബാസ് അരാഖ്ചി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രിക്ക് ഒപ്പം ഇറാന്റെ ആണവ വിദഗ്ധരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ആണവ ചർച്ചകൾക്ക് തൊട്ടു മുമ്പാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള കൂടിക്കാഴ്ച നടന്നത്. അന്താരാഷ്ട്ര ആണാവോർജ ഏജൻസിയുമായി ഇറാൻ നേരത്തേ സഹകരണം അവസാനിപ്പിച്ചിരുന്നു. പുതിയ കൂടിക്കാഴ്ച ഇറാൻ - അമേരിക്ക ചർച്ചകളിൽ വഴിതിരിവായേക്കുമെന്നാണ് വിലയിരുത്തൽ.
ഇറാന്‍റെ യുറേനിയം സമ്പുഷ്ടീകരണത്തെ ചൊല്ലി ചർച്ചകൾ ഇപ്പോഴും വഴിമുട്ടിയ നിലയിലാണ്. ആണവ നിയന്ത്രണങ്ങൾക്ക് പകരമായി ഉപരോധങ്ങൾ നീക്കണമെന്ന് ഇറാൻ ആവശ്യപ്പെടുമ്പോൾ, ഇറാന്റെ മിസൈൽ പദ്ധതികളെക്കൂടി ചർച്ചകളിൽ ഉൾപ്പെടുത്തണമെന്നാണ് അമേരിക്കയുടെ നിലപാട്. എന്നാൽ യുറേനിയം സമ്പുഷ്ടീകരണം പൂർണമായി നിർത്താൻ ഇറാൻ തയ്യാറായിട്ടില്ല. കഴിഞ്ഞ ജൂണിൽ ഇസ്രായേൽ - യുഎസ് ആക്രമണത്തിൽ തകർന്ന ആണവ നിലയങ്ങളിൽ ഉൾപ്പെടെ പരിശോധനകൾ പുനരാരംഭിക്കാൻ ഐ എ ഇ എ അനുമതി തേടിയിട്ടുണ്ട്. എന്നാൽ ഈ സ്ഥലങ്ങൾ ഇപ്പോൾ സുരക്ഷിതമല്ലെന്നും ആക്രമണങ്ങളിൽ ഏജൻസി നിലപാട് വ്യക്തമാക്കണമെന്നുമാണ് ഇറാന്റെ മറുപടി.


