72 വര്‍ഷം പഴക്കമുള്ള വിസ്ക്കിക്കായി ലേലം വിളി; വിറ്റു പോയ വില

By Web TeamFirst Published Jan 31, 2021, 2:05 PM IST
Highlights

ബോട്ട്‍ലര്‍ ഗോര്‍ഡന്‍ ആന്‍ഡ് മക്‍ഫെയ്ല്‍ 1948ല്‍ നിര്‍മ്മിച്ച ഗ്ലെന്‍ ഗ്രാന്‍റ് സിംഗിള്‍ മാള്‍ട്ട് വിസ്ക്കി ആദ്യമായിട്ടാണ് ലേലത്തിന് വച്ചത്. ആകെ 290 കുപ്പികളാണ് കമ്പനി നിര്‍മ്മിച്ചിട്ടുള്ളത്. അതില്‍ എണ്‍പത്തിയെട്ടാമത്തെ കുപ്പിയാണ് ബോണ്‍ഹാംസ് ലേലത്തിന് വച്ചത്

ഹോങ്കോംഗ്: മദ്യത്തിന്‍റെ കാര്യം വരുമ്പോള്‍ വന്‍ ജനപ്രീതിയുള്ള വിഭാഗമാണ് വിസ്ക്കി. എങ്കിലും ഒരു ബോട്ടില്‍ വിസ്ക്കിക്ക് എത്ര രൂപ നല്‍കേണ്ടി വരും, അതും ഗ്ലെന്‍ ഗ്രാന്‍റ് സിംഗിള്‍ മാള്‍ട്ട് സ്കോച്ച് വിസ്ക്കിക്ക്. കഴിഞ്ഞ ദിവസം 72 വര്‍ഷം പഴക്കമുള്ള ഗ്ലെന്‍ ഗ്രാന്‍റ് സിംഗിള്‍ മാള്‍ട്ട് വിസ്ക്കിക്ക് വേണ്ടി ഹോങ്കോംഗില്‍ ഒരു ലേലം നടന്നു.

വാശിയേറിയ ലേലം വിളിയാണ് നടന്നത്. ഒടുവില്‍ 54,000 യുഎസ് ഡോളര്‍ അഥവാ ഇന്ത്യന്‍ രൂപ 40 ലക്ഷത്തിനടുത്തുള്ള തുകയ്ക്കാണ് കുപ്പി വിറ്റുപോയത്. ബോട്ട്‍ലര്‍ ഗോര്‍ഡന്‍ ആന്‍ഡ് മക്ഫെയ്ല്‍ 1948ല്‍ നിര്‍മ്മിച്ച ഗ്ലെന്‍ ഗ്രാന്‍റ് സിംഗിള്‍ മാള്‍ട്ട് വിസ്ക്കി ആദ്യമായിട്ടാണ് ലേലത്തിന് വച്ചത്.

ആകെ 290 കുപ്പികളാണ് കമ്പനി നിര്‍മ്മിച്ചിട്ടുള്ളത്. അതില്‍ എണ്‍പത്തിയെട്ടാമത്തെ കുപ്പിയാണ് ബോണ്‍ഹാംസ് ലേലത്തിന് വച്ചത്. 38,000 മുതല്‍ 49,000 യുഎസ് ഡോളര്‍ വരെയാണ് ലേലത്തിന് മുമ്പ് കുപ്പിക്ക് വില പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതും കടന്ന് 54,300 യുഎസ് ഡോളറിനാണ്  72 വര്‍ഷം പഴക്കമുള്ള ഗ്ലെന്‍ ഗ്രാന്‍റ് സിംഗിള്‍ മാള്‍ട്ട് വിസ്ക്കി വിറ്റുപോയത്.

സ്കോട്ട്‍ലന്‍ഡിലെ ബോട്ട്‍ലര്‍ ഗോര്‍ഡന്‍ ആന്‍ഡ് മക്‍ഫെയ്‍ലിന്‍റെ ഗ്ലെന്‍ ഗ്രാന്‍റ് ഡിസ്റ്റിലറിയില്‍ നിന്നുള്ള ഏറ്റവും പഴക്കമേറിയ കുപ്പിയായിരുന്നു ഇത്. അമേരിക്കന്‍ വാള്‍നട്ട് പ്രെസന്‍റേഷന്‍ ബോക്സില്‍ ഡാര്‍ക്കിംഗ്ട്ടണ്‍ ക്രിസ്റ്റല്‍ കുപ്പിയിലായിരുന്നു ഗ്ലെന്‍ ഗ്രാന്‍റ് സിംഗിള്‍ മാള്‍ട്ട് വിസ്ക്കി.

കൊവിഡ് മൂലം ലോകത്താകെ സാമ്പത്തിക അസ്ഥിരത രൂപപ്പെട്ടിട്ടുണ്ടെങ്കിലും അപൂര്‍വ്വമായ വിസ്ക്കികള്‍ക്ക് ആവശ്യക്കാരേറെയാണ്. ലേലം നടത്തിയിട്ടുള്ള മറ്റുള്ളവയുമായി തട്ടിച്ച് നോക്കിയാല്‍ കഴിഞ്ഞ 10 വര്‍ഷമായി വിസ്ക്കിക്ക് വിലയേറി വരികയാണെന്ന് ബോണ്‍ഹാംസിലെ വൈന്‍ ആന്‍ഡ് വിസ്ക്കി സ്പെഷ്യലിസ്റ്റ് ക്രിസ്റ്റഫര്‍ പോംഗ് പറഞ്ഞു. വെള്ളിയാഴ്ച നടന്ന ലേലത്തില്‍ ജപ്പാനില്‍ നിന്നുള്ള 35 വര്‍ഷം പഴക്കം ചെന്ന ഹിബിക്കി വിസ്ക്കി അടക്കമുണ്ടായിരുന്നു. 48,000 യുഎസ് ഡോളറാണ് വില ലഭിച്ചത്.

click me!