കൊവിഡിനെ തുരത്താന്‍ സവിശേഷ ടോണിക് എന്ന പ്രചാരണം വ്യാജം

By Web TeamFirst Published Jan 30, 2021, 3:48 PM IST
Highlights

നേഴ്‌സിന്‍റെ വേഷമണിഞ്ഞ ഒരു സ്‌ത്രീ സംസാരിക്കുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

അബുജ: ലോകത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ ശാസ്‌ത്രലോകം കണ്ടെത്തിയത് അടുത്തിടെയാണെങ്കിലും കൊവിഡിന്‍റേത് എന്ന പേരില്‍ പല മരുന്നുകളും പ്രചരിച്ചിരുന്നു. ചായ മുതല്‍ മദ്യം വരെ ഇവയിലുണ്ട്. ഇപ്പോള്‍ ഇത്തരത്തിലൊരു ടോണിക്കിനെ കുറിച്ചുള്ള സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 

പ്രചാരണം

നേഴ്‌സിന്‍റെ വേഷമണിഞ്ഞ ഒരു സ്‌ത്രീ സംസാരിക്കുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊവിഡ് മാറാന്‍ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും നാരങ്ങയും ചൂടുവെള്ളവും ചേര്‍ത്ത മിശ്രിതം(ടോണിക്) കഴിച്ചാല്‍ മതിയെന്നാണ് ഇവരുടെ വാക്കുകള്‍. താനൊരു നേഴ്‌സാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന സ്‌ത്രീ എങ്ങനെയാണ് ടോണിക് തയ്യാറാക്കേണ്ടത് എന്ന് വിവരിക്കുന്നുണ്ട്. ഈ ടോണിക് ഉപയോഗിച്ച് നിരവധി പേരെ ചികില്‍സിച്ച് രോഗം ഭേദമാക്കി എന്നും അവര്‍ അവകാശപ്പെടുന്നു. 

'കൊവിഡിനുള്ള ഒരു പ്രതിരോധമാണിത്' എന്ന തലക്കെട്ടിലാണ് വീഡിയോ പലരും ഷെയര്‍ ചെയ്യുന്നത്. ആറ് മിനുറ്റിലധികം ദൈര്‍ഘ്യമുണ്ട് ഈ വീഡിയോയ്‌ക്ക്. 

വസ്‌തുത

എന്നാല്‍ വീഡിയോയില്‍ പറയുന്ന പോലെ ചികില്‍സിച്ചാല്‍ കൊവിഡ് ഭേദമാകും എന്ന് ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പറയാനാവില്ല. ചൂട്, ചൂടുവെള്ളം, വെളുത്തുള്ളി, ചെറുനാരങ്ങ, ഇഞ്ചി എന്നിവ കൊറോണ വൈറസിനെ കൊല്ലും എന്ന പ്രചാരണങ്ങള്‍ നേരത്തെ തന്നെ പൊളിഞ്ഞതാണ്. ഇവയില്‍ പല വ്യാജ പ്രചാരണങ്ങളുടേയും ഉള്ള് തുറന്നുകാട്ടിയത് ലോകാരോഗ്യ സംഘടന(WHO) തന്നെയായിരുന്നു.

നിഗമനം  

ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും ചെറുനാരങ്ങയും ചൂടുവെള്ളവും ചേര്‍ത്ത മിശ്രിതം കൊവിഡ് ഭേദമാക്കും എന്ന പ്രചാരണം വ്യാജമാണ്. കൊവിഡ് കാലയളവില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വ്യാജ മരുന്നുകളില്‍ ഒന്നുമാത്രമാണിത്. അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയുടെ ഫാക്ട് ചെക്ക് വിഭാഗമാണ് ഈ വസ്‌തുതാ പരിശോധന നടത്തിയത്.  

രാജ്യത്തെ തൊഴില്‍രഹിതര്‍ക്ക് 3800 രൂപ കേന്ദ്ര സര്‍ക്കാര്‍ ധനസഹായം; സത്യമെന്ത്?
 

click me!