
മനില(ഫിലിപ്പീന്‍സ്): ഉത്സവസീസണില്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ നിര്‍മ്മിച്ച തേങ്ങ വൈന്‍ കുടിച്ച് എട്ട് പേര്‍ മരിച്ചു. 120 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫിലിപ്പീന്‍സില്‍ നടന്ന ക്രിസ്തുമസ് പാര്‍ട്ടിക്കിടെയാണ് ദാരുണസംഭവം. ഇന്ന് രാവിലെയാണ് പാര്‍ട്ടിക്കിടെ തേങ്ങ വൈന്‍ കഴിച്ച നിരവധിപ്പേര്‍ ആശുപത്രിയിലായത്.
ദക്ഷിണ മനിലയിലുള്ള ലഗൂണ, ക്വസോണ്‍ പ്രവിശ്യകളിലാണ് വിഷബാധയുണ്ടായത്. അവധിക്കാലങ്ങളിലും ആഘോഷവേളകളിലും വ്യാപകമായി തേങ്ങ വൈന്‍ ഉപയോഗിക്കുന്നത് ഈ മേഖലയുടെ പ്രത്യേകതയാണ്. ലാംബനോങ് എന്ന പേരില്‍ അറിയപ്പെടുന്ന തേങ്ങ വൈനില്‍ നിന്നാണ് വിഷബാധയുണ്ടായിരിക്കുന്നത്. നിര്‍മ്മാണത്തിലുണ്ടായ പാളിച്ചയാവാം വിഷബാധയ്ക്ക് കാരണമായതെന്നാണ് കണക്കാക്കുന്നത്.
ലഹരി കൂട്ടാന്‍ ഉപയോഗിക്കുന്ന ചില നിയമവിരുദ്ധ വസ്തുക്കള്‍ ഈ വൈനില്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് വിശദമായ പരിശോധനയില്‍ തെളിയുമെന്ന് ലഗൂണ മേയര്‍ വ്യക്തമാക്കി. വീടുകളില്‍ ഉണ്ടാക്കുന്ന തേങ്ങ വൈനില്‍ മെഥനോള്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശമുള്ളതാണ്. മെഥനോള്‍ കൂട്ടി തേങ്ങ വൈന്‍ നിര്‍മ്മിക്കുന്നവര്‍ക്ക് നേരെ കര്‍ശന നടപടിയെടുക്കുമെന്നും മേയര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം തേങ്ങ വൈനില്‍ നിന്നുണ്ടായ വിഷബാധയെ തുടര്‍ന്ന് 21 പേരാണ് മരിച്ചത്. തെങ്ങിന്‍റേയും പനയുടേയും കൂമ്പ് ഉപയോഗിച്ചാണ് ഈ വൈന്‍ നിര്‍മ്മിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള തേങ്ങ വൈനിന് വന്‍ വിപണി മൂല്യമാണ് ഫിലിപ്പീന്‍സില്‍ ഉള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam