ഗൾഫ് രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിൽ ഇറാൻ ഉയർത്തുന്ന ഭീഷണികളെ ഭയക്കുന്നില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. സാങ്കേതിക സഹായം നൽകുന്നത് പ്രതിരോധത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

കീവ്: ഗൾഫ് രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ ഇറാൻ ഭരണകൂടത്തിന്റെ ഭീഷണികൾ കണ്ട് യുക്രൈൻ പിന്മാറില്ലെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. ഇത്തരം പ്രസ്താവനകൾ നയതന്ത്ര രംഗത്ത് പുതിയ കാര്യമല്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി താൻ ഇത്തരം നിരവധി വാക്കുകൾ കേൾക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലിന് ഡ്രോൺ സാങ്കേതികവിദ്യ നൽകുന്നതിലൂടെ യുക്രൈൻ ഒരു ‘നിയമപരമായ ലക്ഷ്യമായി’ മാറിയെന്നും അതിനാൽ ആക്രമണമുണ്ടാകുമെന്നും ഇറാനിയൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മീഷൻ മേധാവി ഇബ്രാഹിം അസീസി ഭീഷണിപ്പെടുത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആക്രമണമല്ല പകരം സംരക്ഷണമാണ് ലക്ഷ്യമെന്ന് സെലെൻസ്കി പറഞ്ഞു. മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾ ഡ്രോണുകളെ തകർക്കാനുള്ള സാങ്കേതിക സഹായമാണ് യുക്രൈനോട് തേടിയത്. ഇത് ആക്രമണത്തിനുള്ളതല്ല, മറിച്ച് പ്രതിരോധത്തിനുള്ളതാണ്. ഇത്തരം സന്ദേശങ്ങളെ ഭയപ്പെടുന്നില്ല. കഴിഞ്ഞ 12 വർഷമായി ഇത്തരം കാര്യങ്ങൾ കേൾക്കുന്നു. ഇത് തങ്ങൾക്ക് പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഖത്തർ, യുഎഇ, സൗദി അറേബ്യ, ജോർദാനിലെ യുഎസ് സൈനിക താവളം എന്നിവിടങ്ങളിലേക്ക് യുക്രൈൻ വിദഗ്ധ സംഘങ്ങളെ അയച്ചിട്ടുണ്ട്. ഇറാനിയൻ ഡ്രോണുകളെ എങ്ങനെ പ്രതിരോധിക്കാം എന്നതിലാണ് ഇവർ പരിശീലനം നൽകുന്നത്. ഇറാനുമായി യുക്രൈൻ യുദ്ധത്തിലല്ലെന്നും സൈനികരെ അയച്ചത് നേരിട്ടുള്ള പോരാട്ടത്തിനല്ല, മറിച്ച് സാങ്കേതിക ഉപദേശം നൽകാനാണെന്നും സെലെൻസ്കി വ്യക്തമാക്കി.

ഗൾഫ് രാജ്യങ്ങളുമായുള്ള ഈ സഹകരണത്തിലൂടെ സാങ്കേതിക വിദ്യയും സാമ്പത്തിക സഹായവുമാണ് യുക്രൈൻ ലക്ഷ്യമിടുന്നത്. 35 മുതൽ 50 ബില്യൺ ഡോളർ വരെയുള്ള കരാറുകൾ ഒപ്പിടാൻ തനിക്ക് താല്പര്യമുണ്ടെന്ന് സെലെൻസ്‌കി വെളിപ്പെടുത്തുകയും ചെയ്തു. റഷ്യ യുക്രൈനിനെതിരെ ഇറാൻ നിർമ്മിത 'ഷഹീദ്-136' ഡ്രോണുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത് പ്രതിരോധിക്കുന്നതിൽ യുക്രൈൻ നേടിയ വലിയ പരിചയസമ്പത്താണ് ഇപ്പോൾ മറ്റ് രാജ്യങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നത്.

അതേസമയം, ഇറാനിയൻ ഡ്രോണുകളെ നേരിടാൻ യുക്രൈന്റെ സഹായം ആവശ്യമില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്. എന്നാൽ, മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾ കാരണം യുക്രൈനിനുള്ള മിസൈൽ വിതരണം കുറയുമോ എന്ന ആശങ്ക സെലെൻസ്‌കി പങ്കുവെച്ചു.