
ടെഹ്റാൻ: ഇറാനിലെ വാണിജ്യപ്രാധാന്യമുള്ള കൂറ്റൻ പാലം വ്യോമാക്രമണത്തിൽ തകർത്ത് അമേരിക്ക. ടെഹ്റാനെ കരാജ് നഗരവുമായി ബന്ധിപ്പിക്കുന്ന ഇറാനിലെ ഏറ്റവും ലിയ പാലമായ ബി-1 ബ്രിഡ്ജ് ആണ് യുഎസ് സൈന്യം തകർത്തത്. ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. 95 ഓളം പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാലത്തിന് നേരെ രണ്ട് തവണ ആക്രമണങ്ങൾ നടന്നതായി ഇറാൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു. ആദ്യത്തെ ആക്രമണത്തിൽ പരിക്കേറ്റവരെ സഹായിക്കാനും രക്ഷാ പ്രവർത്തനം നടത്താനുമെത്തിയവർക്കാണ് രണ്ടാമത്തെ ആക്രമണത്തിൽ പരിക്കേറ്റത്. പാലത്തിലൂടെ യാത്ര ചെയ്തിരുന്ന ഇറാൻ സ്വദേശികളും പ്രദേശത്തെ താമസക്കാരുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
അതേസമയം പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഏതു നിമിഷവും ഒരു കരയുദ്ധം ഉണ്ടായേക്കുമെന്ന സാധ്യതയേറുകയാണ്. കരയുദ്ധത്തിന് ഇറാൻ അതിവേഗം സജ്ജമാകുന്നതായാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ഇറാൻ സൈനിക മേധാവി സേനാംഗങ്ങൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. മൂന്നാഴ്ച കൂടി ആക്രമണം തുടരുമെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാന്‍റെ നീക്കം.
ശത്രുക്കളുടെ ഓരോ നീക്കങ്ങളും അതീവ ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും ഏതു സാഹചര്യത്തെയും നേരിടാൻ തയ്യാറെടുക്കണമെന്നും അമിർ ഹാത്മി ആവശ്യപ്പെട്ടു. ഇറാൻ മണ്ണിലെത്തുന്ന ഒരൊറ്റ അമേരിക്കൻ സൈനികനും ജീവനോടെ മടങ്ങില്ലെന്നും അമിർ ഹാത്മി കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കാൻ കൂടുതൽ നടപടികളുമായി ഇറാൻ മുന്നോട്ടു പോവുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam