
ന്യൂയോര്‍ക്ക്: കൊവിഡ് വാക്സിന്‍ വികസിപ്പിച്ചാല്‍ ലോകരാജ്യങ്ങള്‍ക്കെല്ലാം അതില്‍ തുല്യാവകാശം വേണമെന്ന ആവശ്യവുമായി ലോകനേതാക്കള്‍. എട്ട് രാജ്യങ്ങളുടെ രാഷ്ട്രതലവന്മാരാണ് ഈ ആവശ്യമുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള സംയുക്ത ലേഖനം വാഷിംങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ചു.
ഇത് സംബന്ധിച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വീറ്റ് ചെയ്തിട്ടുണ്ട്. വാക്സിന്‍ ജീവനുകള്‍ രക്ഷിക്കും. അതിനാലാണ് ഞങ്ങളുടെ രാജ്യത്തും ലോകത്തെല്ലായിടത്തും അത് കണ്ടെത്താന്‍ ശ്രമം നടക്കുന്നത്. വാക്സിന്‍ കണ്ടെത്തുന്ന സമയത്ത്. അത് എല്ലാവര്‍ക്കും എവിടെ ജീവിക്കുന്നു എങ്ങനെ ജീവിക്കുന്നു എന്ന എല്ലാ പരിഗണനകള്‍ക്ക് അപ്പുറം ലഭ്യമാകാന്‍ നാം ഒന്നിച്ച് പ്രവര്‍ത്തിക്കണം.
ഇതോടൊപ്പം എത്തോപ്യന്‍ പ്രസിഡന്‍റ്,ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ്, ന്യൂസിലാന്‍റ് പ്രധാനമന്ത്രി, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ്, സ്പാനീഷ് പ്രസിഡന്‍റ്, സ്വീഡിഷ് പ്രധാനമന്ത്രി, ട്യൂണിഷ്യന്‍ പ്രസിഡന്‍റ് എന്നിവര്‍ ഈ ആവശ്യവുമായി എഴുതിയ ലേഖനവും ജസ്റ്റിന്‍ ട്രൂഡോ ട്വീറ്റ് ചെയ്തിട്ടുണ്ട്.
കൊവിഡ് വാക്സിനെ ഏറ്റവും ശക്തമായ പൊതു ആരോഗ്യ ആയുധം എന്നാണ് ഈ നേതാക്കള്‍ വിശേഷിപ്പിക്കുന്നത്, രാജ്യങ്ങള്‍ തമ്മിലുള്ള എല്ലാ അസമത്വങ്ങളും മറന്ന് ഇത് കണ്ടുപിടിക്കുമ്പോള്‍ ഇതിന്‍റെ വിതരണവും നിര്‍മ്മാണവും നടക്കണം എന്ന് ലേഖനത്തില്‍ പറയുന്നു.
കൊവിഡിന് ശേഷമുള്ള ലോകത്തിന്‍റെ ബഹുമുഖമായി ഐക്യത്തിന്‍റെ ആണിക്കല്ലായി കൊവിഡ് വാക്സിനെ മാറ്റാന്‍ സാധിക്കുമെന്ന് ഈ നേതാക്കള്‍ നിരീക്ഷിക്കുന്നു. കൊവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍ വിജയത്തിലേക്ക് എത്തുന്നു എന്ന വാര്‍ത്ത ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നതിന് പിന്നാലെയാണ് ലോക നേതാക്കളുടെ ആഹ്വാനം.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്താകമാനം 100 ഓളം വാക്സിന്‍ ഉണ്ടാക്കാനുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam