
കാരക്കാസ്: തടവിലാക്കപ്പെട്ട മകനെ കണ്ടെത്താനായി ഒരു വർഷത്തോളം അലഞ്ഞു. ഒടുവിൽ തടങ്കലിലായിരുന്ന മകൻ മരിച്ച വിവരം സർക്കാർ സ്ഥിരീകരിച്ചതിന് പിന്നാലെ 82 കാരിയായ അമ്മ മരണപ്പെട്ടു. വെനസ്വേലയിലാണ് സംഭവം. ഒരു വർഷത്തോളമായി മകനെ കണ്ടെത്താനായി അധികാരികൾക്ക് മുന്നിൽ അലഞ്ഞുതിരിഞ്ഞ 82 വയസ്സുകാരിയായ കാർമെൻ നവാസ് എന്ന മാതാവാണ് ഒടുവിൽ മരണത്തിന് കീഴടങ്ങിയത്. വേനസ്വേലൻ സർക്കാർ കസ്റ്റഡിയിലായിരുന്ന മകൻ മരിച്ചുവെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് പത്ത് ദിവസങ്ങൾക്ക് ശേഷമാണ് കാർമെൻ നവാസിന്റെ അന്ത്യം. ഇവരുടെ 50 വയസ് പ്രായമുള്ള മകൻ വിക്ടർ ക്വറോ നവാസിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി കാർമെൻ നവാസ് നടത്തിയ പോരാട്ടങ്ങൾ വെനസ്വേലയിലെ മനുഷ്യാവകാശ പോരാട്ടങ്ങളുടെ മുഖമായി മാറിയിരുന്നു.
'ഫോറോ പെനൽ' എന്ന മനുഷ്യാവകാശ സംഘടനയാണ് കാർമെൻ നവാസിന്റെ മരണ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ജൂലൈയിൽ വേനസ്വേലയിലെ കുപ്രസിദ്ധമായ 'റോഡിയോ വൺ' ജയിലിൽ വെച്ച് ശ്വാസകോശ സംബന്ധമായ തകരാറുകൾ മൂലമാണ് വിക്ടർ ക്വറോ മരിച്ചതെന്ന് പത്ത് ദിവസങ്ങൾക്ക് മുമ്പാണ് വെനസ്വേലയിലെ ഭരണകൂടം വെളിപ്പെടുത്തിയത്. എന്നാൽ ഇതിനിടയിലുള്ള നീണ്ട മാസങ്ങളിൽ മകൻ എവിടെയാണെന്ന് അന്വേഷിച്ച് ജയിലധികൃതരെ സമീപിച്ചപ്പോഴൊക്കെ അവനെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്ന മറുപടിയാണ് അധികൃതർ നവാസിന് നൽകിയിരുന്നതെന്ന് ഫോറോ പെനൽ മേധാവി ആൽഫ്രെഡോ റൊമേറോ വ്യക്തമാക്കി. തന്റെ മകന് യഥാർത്ഥത്തിൽ എന്ത് സംഭവിച്ചു എന്ന് പോലുമറിയാതെ ഒരു വർഷത്തോളം കടുത്ത മാനസിക വിഷമത്തിലൂടെ കടന്നുപോയ മാതാവ് ഒടുവിൽ അവൻ ജയിൽ കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടു എന്ന ക്രൂരമായ സത്യം അറിഞ്ഞ് പത്ത് ദിവസങ്ങൾക്കകം മരണപ്പെടുകയായിരുന്നു
മനുഷ്യാവകാശ സംഘടനകൾ രാഷ്ട്രീയ തടവുകാരായി കണക്കാക്കുന്ന നൂറുകണക്കിന് ആളുകളെ മോചിപ്പിക്കുന്നതിനായി വേനസ്വേലൻ സർക്കാർ ഈ വർഷം ആദ്യം ഒരു പൊതുമാപ്പ് നിയമം പാസാക്കിയിരുന്നു. എന്നിരുന്നാലും രാജ്യത്ത് രാഷ്ട്രീയ തടവുകാരെ പാർപ്പിച്ചിട്ടുണ്ടെന്ന ആരോപണം വേനസ്വേലൻ അധികൃതർ എപ്പോഴും നിഷേധിക്കുകയാണ് പതിവ്. തടങ്കലിലുള്ളവർ യഥാർത്ഥ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണെന്നാണ് ഭരണകൂടത്തിന്റെ വാദം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam