10 മിനിറ്റിൽ കൊണ്ടുപോയത് 9 അമൂല്യവസ്തുക്കൾ, നെപ്പോളിയൻ്റെയും യൂജിനി ചക്രവർത്തിനിയുടേയും രത്നങ്ങളടക്കം കവർന്നു

Published : Oct 20, 2025, 04:17 PM IST
robbery

Synopsis

നിർമ്മാണ തൊഴിലാളികളുടെ വേഷത്തിലെത്തിയ മോഷ്ടാക്കൾ ഗാലറി ഡി അപ്പോളോണിൽ നിന്ന് നെപ്പോളിയൻ്റെയും യൂജിനി ചക്രവർത്തിനിയുടേയും ഉൾപ്പെടെയുള്ള വസ്തുക്കൾ മോഷ്ടിച്ചു.

മ്യൂസിയത്തിൽ (Louvre Museum) പകൽ വെളിച്ചത്തിൽ അതിക്രമിച്ച് കയറിയ മോഷ്ടാക്കൾ ഒമ്പതോളം അമൂല്യ രാജകീയ വസ്തുക്കൾ കവർന്നു. സുരക്ഷാ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രകാരം, സന്ദർശകർ സമീപത്തുകൂടി നടന്നുപോകുമ്പോളാണ് നിർമ്മാണ തൊഴിലാളിയുടെ വേഷത്തിലെത്തിയ മോഷ്ടാക്കളിലൊരാൾ ഗ്ലാസ് ഡിസ്‌പ്ലേ കേസ് മുറിച്ചത്. മോഷണത്തെ തുടർന്ന് ഞായറാഴ്ച മുതൽ മ്യൂസിയം അടച്ചിട്ടിരിക്കുകയാണ്.

പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് രാജകുടുംബത്തിൻ്റെ ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ഗാലറി ഡി അപ്പോളോൺ (Galerie d'Apollon) ആണ് കവർച്ചക്കാർ ലക്ഷ്യമിട്ടത്. നെപ്പോളിയൻ്റെയും യൂജിനി ചക്രവർത്തിനിയുടേയും ഉൾപ്പെടെ ഒമ്പത് ആഭരണങ്ങളാണ് മൂന്ന് കവർച്ചക്കാർ ചേർന്ന് മോഷ്ടിച്ചത്. നിർമാണം നടക്കുന്ന സ്ഥലത്തുകൂടെ കടന്നുകയറിയ മോഷ്ടാക്കൾ ഏഴ് മിനിറ്റിനുള്ളിൽ ഫ്രഞ്ച് കിരീടത്തിലെ രത്നങ്ങൾ മോഷ്ടിച്ച് ബൈക്കിൽ രക്ഷപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. പിന്നീട്, നാല് മോഷ്ടാക്കൾ ചേർന്നാണ് കവർച്ച നടത്തിയതെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

രാവിലെ 9:30-നും 9:40-നും ഇടയിലായിരുന്നു സംഭവം. നാല് കവർച്ചക്കാർ ചേര്‍ന്ന് വെഹിക്കിൾ മൗണ്ടഡ് ലിഫ്റ്റ് (ചെറി പിക്കർ) ഉപയോഗിച്ച് സീൻ നദിക്ക് എതിരെയുള്ള ഒന്നാം നിലയിലെ ജനലിന് അടുത്തുള്ള ബാൽക്കണിയിൽ എത്തി. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഡിസ്ക് കട്ടർ ഉപയോഗിച്ച് ഗ്ലാസ് പാളികൾ മുറിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. അകത്തുകടന്ന കവർച്ചക്കാർ സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഉടൻ തന്നെ ജീവനക്കാർ സന്ദർശകരെ ഒഴിപ്പിച്ചു. രണ്ട് ഡിസ്‌പ്ലേ കേസുകളിൽ നിന്നായി അമൂല്യവസ്തുക്കൾ മോഷ്ടിച്ച ശേഷം സംഘം ബൈക്കുകളിൽ രക്ഷപ്പെട്ടു.

മോഷണം പോയവയിൽ കിരീടങ്ങൾ, മാലകൾ, കമ്മലുകൾ, ബ്രൂച്ചുകൾ എന്നിവയടക്കം ഉൾപ്പെടുന്നുണ്ട്. മോഷണം പോയവയുടെ വിശദാംശങ്ങൾ സംസ്കാര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. യൂജിനി ചക്രവർത്തിനിയുടേത് എന്ന് കരുതുന്ന ഒരു ടിയാരയും ബ്രൂച്ചും, മാരീ ലൂയിസ് ചക്രവർത്തിനിയുടേതായ മരതക മാലയും കമ്മലുകളും, ക്വീൻ മേരി-അമെലി, ക്വീൻ ഹോർട്ടെൻസ് എന്നിവരുടെ ഇന്ദ്രനീല സെറ്റിലെ ഒരു ടിയാര, മാല, കമ്മൽ എന്നിവയാണ് കവര്ർച്ച ചെയ്യപ്പെട്ടതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.

അതേസമയം, മ്യൂസിയത്തിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ് ഈ സംഭവം. കഴിഞ്ഞ 15 വർഷത്തിനിടെ 200 ഓളം മുഴുവൻ സമയ സുരക്ഷാ ജീവനക്കാരുടെ തസ്തിക വെട്ടിക്കുറച്ചത് ലൂവ്ര് മ്യൂസിയത്തെ ദുർബലമാക്കിയെന്ന് യൂണിയനുകൾ ആരോപിച്ചു. 1998-ലെ മോഷണവും 2021-ലെ ഇപ്പോഴത്തെ ഡയറക്ടറുടെ ഓഡിറ്റ് റിപ്പോർട്ടുകളും ഉൾപ്പെടെ മുൻപ് നൽകിയ സുരക്ഷാ മുന്നറിയിപ്പുകൾ വേണ്ടത്ര ഗൗരവമായി എടുത്തില്ലെന്നും വിമർശനമുയരുന്നുണ്ട്.

ഇത്രയും എളുപ്പത്തിൽ ലൂവ്ര് മ്യൂസിയത്തിൽ കവർച്ച നടത്താൻ കഴിഞ്ഞത് ഞെട്ടിക്കുന്നതാണെന്ന് പാരിസ് സെൻ്റർ മേയർ ഏരിയൽ വെയിൽ പറഞ്ഞു. 'ഇതൊരു സിനിമ പോലെയാണ്. ലൂവ്ര് മ്യൂസിയത്തിൽ കവർച്ച നടത്തുന്നത് ഇത്ര എളുപ്പമാണെന്ന് സങ്കൽപ്പിക്കാൻ പ്രയാസമാണ്. മ്യൂസിയം അപ്രതീക്ഷിതമായി അടച്ചത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം