
ബ്രസൽ: പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ അധ്യാപിക (Teacher) അപമാനിച്ചെന്ന് ആരോപിച്ച് 30 വർഷങ്ങൾക്ക് ശേഷം അധ്യാപകയെ അതിക്രൂരമായി കൊല്പപെടുത്തി 37കാരൻ. ബെൽജിയത്തിലാണ് (Belgium) അതിക്രൂരമായ കൊലപാതകം (Murder) നടന്നത്. 59 കാരിയായ മരിയ വെർലിൻഡൻ 2020 ലാണ് കൊല്ലപ്പെടുന്നത്. തന്റെ ഏഴാം വയസ്സിൽ, അന്ന് അധ്യാപികയായിരുന്ന വെർലിന്റ തന്നെ അപമാനിച്ചുവെന്നും അതിന് പകരം വീട്ടിയതാണെന്നുമാണ് ഗുണ്ടർ ഉവെന്റ്സ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അധ്യാപികയ്ക്ക് 101 തവണ കുത്തേറ്റിട്ടുണ്ട്.
2020 ൽ നടന്ന കൊലപാതകത്തിൽ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അന്വേഷണ സംഘം. നൂറ് കണക്കിന് പേരുടെ ഡിഎൻഎ പരിശോധന നടത്തി. അധ്യാപികയുടെ ഭർത്താവ് സാക്ഷികളോട് മുന്നോട്ട് വരാൻ പലതവണ അപേക്ഷിച്ചിരുന്നു. എന്നിട്ടൊന്നും ഫലം കണ്ടില്ല.
വെർലിൻഡയുടെ വീട്ടിൽ വച്ചാണ് അവർ കൊല്ലപ്പെടുന്നത്. പണമടങ്ങിയ പഴ്‌സ് മൃതദേഹത്തിന് അടുത്ത് ഡൈനിംഗ് ടേബിളിൽ തൊടാതെ കിടക്കുന്നത് അവർ ക്രൂരമായ കവർച്ചയ്ക്ക് ഇരയായതല്ലെന്ന സൂചന നൽകിയിരുന്നു.
2020 നവംബർ 20 ന് കൊലപാതകം നടന്ന് പതിനാറ് മാസങ്ങൾക്ക് ശേഷം, ഉവെന്റ്സ് ഒരു സുഹൃത്തിനോട് കുറ്റം സമ്മതിച്ചതോടെയാണ് കേസിന് തെളിവാകുന്നത്. ഈ സുഹൃത്ത് സംഭവം പൊലീസിനെ അറിയിച്ചു. പൊലീസ് കഴിഞ്ഞ ഞായറാഴ്ച ഇയാളെ അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ തെളിവുകളുമായി താരതമ്യപ്പെടുത്താൻ ഉവെന്റ്‌സ് ഡിഎൻഎ സാമ്പിൾ നൽകിയിട്ടുണ്ട്.
അധ്യാപിക കാരണം താൻ ഏറെ വേദനിച്ചുവെന്നാണ് പ്രതി നൽകുന്ന വിശദീകരണം. തന്റെ ഏഴാം വയസ്സിൽ മരിയ വെർലിൻഡൻ തനിക്ക് നേരെ പറഞ്ഞ അത്രയും ക്രൂരമായ വാക്കുകൾ മറ്റാരും തന്നോട് പറഞ്ഞിട്ടില്ലെന്നും പ്രതി പറഞ്ഞു. ഇതിൽ വാസ്തവമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി കസ്റ്റഡി രേഖപ്പെടുത്തി.
പഠിക്കുന്ന കാലത്ത് അടിച്ചതിന്റെ പക, വർഷങ്ങൾക്ക് ശേഷം അധ്യാപകനെ ആക്രമിച്ച് പൂർവ്വ വിദ്യാർത്ഥി
പാലക്കാട്: സ്കൂൾ പഠനകാലത്ത് അടിച്ചതിന്റെ പക തീർക്കാൻ അധ്യാപകനെ ആക്രമിച്ച് പൂർവ്വ വിദ്യാർത്ഥി. ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ അബ്ദുല്‍ മനാഫിനെയാണ് (46) അതേ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയായ അലനല്ലൂര്‍ കൂമഞ്ചിറ മുതുകുറ്റിവീട്ടില്‍ നിസാമുദീൻ (20) ആക്രമിച്ചത്. നിസാമുദ്ദീനെ നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി പത്തോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ഥിയായിരിക്കെ നിസാമുദ്ദീനെ അധ്യാപകന്‍ അടിച്ചതുമായി ബന്ധപ്പെട്ടെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് നാട്ടുകല്‍ സി.ഐ. സിജോവര്‍ഗീസ് പറഞ്ഞു. പ്രതിയെ വെള്ളിയാഴ്ച മഞ്ചേരിയില്‍നിന്നാണ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി.
അലനല്ലൂര്‍ ചന്തപ്പടിയിലെ ബേക്കറിയുടെമുന്നില്‍ നില്‍ക്കുകയായിരുന്നു മനാഫ്. ഇതിനിടെ പിന്നിലൂടെയെത്തിയ നിസാമുദ്ദീൻ അധ്യാപകനെ കൈയില്‍ കരുതിയിരുന്ന സോഡാക്കുപ്പികൊണ്ട് തലയ്ക്ക് അടിക്കയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.