
കാർകീവ്: രണ്ടാം ലോക മഹായുദ്ധ കാലത്തെ (Second World War) നാസി കൂട്ടക്കൊലകളെ (Nazi Holocaust) അതിജീവിച്ച 96 കാരൻ റഷ്യൻ വോമാക്രമണത്തിൽ (Russian Airstrike) കൊല്ലപ്പെട്ടു. കാർകീവിൽ (Kharkiv) നടന്ന റഷ്യൻ ഷെല്ലാക്രമണത്തിലാണ് നാസി പട്ടാളത്തിന്റെ കൂട്ടക്കുരുതിയിൽ നിന്ന് രക്ഷപ്പെട്ട ബോറിസ് റൊമാൻചെങ്കോ (Boris Romanchenko) കൊല്ലപ്പെട്ടത്. ഹിറ്റ്ലർക്ക് പോലും സാധിക്കാത്തത് പുടിന് സാധിച്ചുവെന്നാണ് യുക്രൈൻ പ്രതിരോധ മന്ത്രാലയം ട്വിറ്ററിൽ കുറിച്ചത്. രണ്ടാം ലോക മഹായുദ്ധ കാലത്തെ നാല് കോൺസൻട്രേഷൻ ക്യാംപുകളെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നയാളായിരുന്നു അദ്ദേഹം.
“അദ്ദേഹം എന്തെല്ലാം കാര്യങ്ങളിലൂടെ കടന്നുപോയി. എന്നാൽ അദ്ദേഹം റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു" പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പ്രതികരിച്ചു. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ കാർകീവിന് റഷ്യൻ ആക്രമണത്തിൽ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
1926 ജനുവരി 20 ന് സുമി നഗരത്തിനടുത്തുള്ള ബോണ്ടാരിയിലാണ് റൊമാൻചെങ്കോ ജനിച്ചത്. 1942-ൽ ഡോർട്ട്മുണ്ടിലേക്ക് നാടുകടത്തപ്പെട്ടു, അവിടെ വച്ച് ഖനന തൊഴിലാളിയാകാൻ നിർബന്ധിതനായി. പരാജയപ്പെട്ട രക്ഷപ്പെടൽ ശ്രമത്തിനുശേഷം, 1943-ൽ അദ്ദേഹത്തെ നാസികളുടെ ബുച്ചൻവാൾഡ് കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് അയച്ചു. അവിടെവച്ച് രണ്ടാം ലോകമഹായുദ്ധസമയത്ത് 53,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.
തുടർന്ന് അദ്ദേഹത്തെ ബാൾട്ടിക് കടൽ ദ്വീപായ യൂസെഡോമിലെ പീനെമുണ്ടെയിലേക്ക് അയച്ചു, അവിടെ വി 2 റോക്കറ്റ് പ്രോഗ്രാം, ഡോറ-മിറ്റൽബോ കോൺസെൻട്രേഷൻ ക്യാമ്പ്, ബെർഗൻ-ബെൽസൺ കോൺസെൻട്രേഷൻ ക്യാമ്പ് എന്നിവിടങ്ങളിൽ നിർബന്ധിത തൊഴിലാളിയായി ജോലി ചെയ്തു. അതേ യുദ്ധത്തിൽ അദ്ദേഹം ഡോറ-മിറ്റൽബോ കോൺസൺട്രേഷൻ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ടുവെന്നുമാണ് അദ്ദേഹത്തെ കുറിച്ച് ബുച്ചൻവാൾഡ് അതിജീവിച്ചവർക്കുള്ള സ്മാരകം പുറത്തിറക്കിയ വാത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്. യുക്രൈനിലെ യുദ്ധത്തിൽ ബോറിസ് റൊമാൻചെങ്കോ ക്രൂരമായി കൊല്ലപ്പെച്ചത് തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഭയത്തോടെയാണെന്നാണ് ബുച്ചൻവാൾഡ് അതിജീവിച്ചവർക്കുള്ള സ്മാരകം പ്രസ്താവനയിൽ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam