ടെക് ലോകത്തെ ഞെട്ടിച്ച് ആ വീഴ്ച, തായാലൻ്റിൽ നിന്ന് അമേരിക്കലേക്ക്, വിജയത്തിൻ്റെ നെറുകയിൽ നിന്ന് വീഴ്ച, ജെൻസൻ ഹുവാങിൻ്റെ കഥ

Published : Nov 13, 2026, 02:55 PM IST
nvidia ceo jensen huang

Synopsis

വിവാദങ്ങളിൽ കുടുങ്ങി രാജി വയ്ക്കേണ്ടി വന്നെങ്കിലും ജെൻസൻ ഹുവാങ്ങിൻ്റെ നേട്ടങ്ങൾ ആർക്കും എഴുതിത്തള്ളാനാവില്ല. ജെൻസൻ്റെ വിയർപ്പിൽ കെട്ടിപ്പടുത്ത പ്രസ്ഥാനമാണ് എൻവിഡിയ. അതിനെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയാക്കി മാറ്റിയതിന് പിന്നിൽ അയാളുടെ തന്ത്രങ്ങളും വലിയ വെല്ലുവിളികളേറ്റെടുക്കാനുള്ള ധൈര്യവുമുണ്ട്. ആ യാത്രയെക്കുറിച്ച് അരുൺരാജ് എഴുതുന്നു.

തായ്‌വാനിലെ ഓയിൽ റിഫൈനറി എഞ്ചിനീയറുടെയും സ്കൂൾ ടീച്ചറിൻ്റെയും രണ്ടാമത്തെ മകൻ... ഒമ്പതാം വയസ്സിൽ അവനെ അമേരിക്കയിൽ പഠിക്കാനയച്ചു മാതാപിതാക്കൾ. അബദ്ധത്തിൽ ചെന്നുപെട്ടത് ഒരു മതാധിഷ്ഠിത ദുർഗുണ പരിഹാര പാഠശാലയിൽ. അന്നവന് ഇംഗ്ലീഷ് അറിയില്ലായിരുന്നു. കൂടെ പഠിച്ചവരുടെ ക്രൂരതകൾക്ക് ഇരയായ ആ കൗമാരക്കാരൻ പിന്നീട് അതെല്ലാം മറികടന്നു. ടേബിൾ ടെന്നീസ് കളിക്കാരനായി. പഠനത്തിൽ മുന്നേറി... പഠിത്തത്തിനിടെ ഡെന്നീസ് റെസ്റ്റോറന്റിൽ പാത്രം കഴുകി.... പതിനാറാം വയസ്സിൽ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ ജെൻസൻ ഹുവാങ് പിന്നെ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടി. മൈക്രോചിപ്പ് ഡിസൈനറായി. സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മാസ്റ്റേഴ്സും നേടി. സിലിക്കൺ വാലിയിൽ ജെൻസനെ തേടി അന്നത്തെ വമ്പൻമാരെത്തി... ടെക്സാസ് ഇൻസ്ട്രുമെന്റ്സും, എഎംഡിയും, എൽഎസ്ഐ ലോജിക്കും..…ജെൻസൻ ആദ്യം തെരഞ്ഞെടുത്തത് എഎംഡിയെ.... അവിടെ നിന്ന് എൽഎസ്ഐയിലേക്ക്... അവിടെ ജോലി ചെയ്യുമ്പോഴാണ് സൺ മൈക്രോസിസ്റ്റംസിൽ ജോലി ചെയ്യുകയായിരുന്ന ക്രിസ് മലക്കോവ്സ്കിയെയും കർട്ടിസ് പ്രീമിനെയും പരിചയപ്പെടുന്നത്. 1993-ൽ ഇവർ മൂന്ന് പേരും ചേർന്ന് പുതിയൊരു കമ്പനി തുടങ്ങാൻ തീരുമാനിച്ചു.. പിസി ഗെയിമുകൾ കളിക്കാൻ വേണ്ട ഗ്രാഫിക്സ് ചിപ്പുകൾ ഉണ്ടാക്കി വിൽക്കലായിരുന്നു ലക്ഷ്യം. പേരുകള്‍ പലതും ആലോചിച്ചു. ഒടുവിൽ ഉറച്ചത് എൻവിഡിയ.... അവരിറക്കിയ ആദ്യ ചിപ്പ് എൻവി വൺ.…കമ്പനി നിയമപരമായി നിലവിൽ വന്ന ദിവസം മുതൽ ജെൻസൻ തന്നെയായിരുന്നു കപ്പിത്താൻ. ജെൻസനെയും കൂട്ടുകാരെയും വിശ്വസിച്ച് നിക്ഷേപകരെത്തി.. ആദ്യമൊന്ന് കാലിടറി... പൂട്ടിപ്പോകുമെന്ന് വരെ ഉറപ്പിച്ച നാളിൽ സെഗ കോർപ്പറേഷൻ രക്ഷകരായി.. പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല.... സിലിക്കൺ വാലിയിൽ എൻവിഡിയ തരംഗം ആഞ്ഞടിച്ചു…ഗെയിമിങ് രംഗത്ത് എൻവിഡിയയുടെ ചിപ്പുകൾ ഒഴിച്ചുകൂടാനാകാത്തതായി. ഗ്രാഫിക്സ് കാർഡ് വിപണി എൻവിഡിയ ഭരിച്ചു.... ജെൻസൻ്റെ പഴയ കമ്പനി എഎംഡി പലപ്പോഴും ഒപ്പമെത്താൻ കിതച്ചു.എഐ രംഗം കുതിച്ചപ്പോൾ എൻവിഡിയയുടെ അസാധാരണ വളർച്ചയും ലോകം കണ്ടു... ഓപ്പൺ എഐ എന്ന സ്റ്റാർട്ടപ്പിന് അതിൻ്റെ ശൈശവത്തിൽ തന്നെ ചിപ്പുകൾ നൽകി പിന്തുണയ്ക്കാനുള്ള ജെൻസൻ്റെ തീരുമാനം ചരിത്രമായി…ടെക് ലോകത്തെ റോക്ക് സ്റ്റാറായി അയാൾ മാറി... എഐ കമ്പനികൾ എൻവിഡിയയുടെ ചിപ്പുകൾക്കായി ക്യൂ നിന്നു. കമ്പനി വരുമാനം കുതിച്ചു... 2024 ജൂണിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറി എൻവിഡിയ... 2025 ജൂലൈ ആയപ്പോൾ ലോകത്തിലെ ആദ്യ നാല് ട്രില്യൺ ഡോളർ കമ്പനി, അതേ വർഷം ഒക്ടോബറിൽ മൂല്യം അഞ്ച് ട്രില്യൺ ഡോളറായി.... ഈ കുതിപ്പിനി നിൽക്കില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് അസാധാരണ പതനം.…വിവാഹേതര ബന്ധങ്ങൾ പുറത്തുവന്നതോടെ കുടുങ്ങി. ചൈനീസ് വനിതയുമായുള്ള ബന്ധവും ഇടപാടുകളും അമേരിക്കൻ സുരക്ഷാ ഏജൻസികളുടെ അന്വേഷണവും നടക്കുന്നതിനിടെ സഹപ്രവർത്തകയുമായുള്ള വഴിവിട്ട ബന്ധം കൂടി പുറത്തായി. എൻവിഡിയ ഹെൽത്ത് കെയർ വിഭാഗം വൈസ് പ്രസിഡന്റ് കിംബർലി പവലുമായുള്ള ബന്ധം കൂടി പരസ്യമായതോടെ രാജി അനിവാര്യമായി…അസാധാരണ മാനേജ്മെന്റ് ശൈലിയായിരുന്നു ജെൻസൻ്റേത്... സ്ഥിരമായിട്ടൊരു ഓഫീസ് ഇല്ല... കമ്പനി ആസ്ഥാനത്തെ കോൺഫറൻസ് റൂമുകൾ മാറി മാറി ഉപയോഗിക്കും... വമ്പൻ കമ്പനികളിലെ കോർപ്പറേറ്റ് ബ്യൂറോക്രസി ഘടനയെ അപ്പാടെ അവഗണിച്ചു. ഫ്ലാറ്റ് മാനേജ്മെന്റ് സ്ട്രക്ച്ചറെന്നാണ് അതിനെ വിളിച്ചത്.... അറുപത് പേർ നേരിട്ട് ജെൻസന് റിപ്പോർട്ട് ചെയ്യുന്ന രീതി... മറ്റ് വൻകിട കമ്പനികളിലൊന്നും ഇത്രയും പേർ നേരിട്ട് സിഇഒയ്ക്ക് റിപ്പോർട്ട് ചെയ്യാറില്ല. ജെൻസൻ കമ്പനി വിടുന്ന ഒരു അവസ്ഥ എൻവിഡിയ ഒരിക്കലും ചിന്തിച്ചത് പോലുമില്ല... പകരമൊരാളെ കണ്ടുവച്ചില്ല…സാങ്കേതികവിദ്യയും വിവിധ കമ്പനികളുമായുള്ള കരാറുകളും ചേർത്ത് വച്ചാൽ എൻവിഡിയ എന്ന കമ്പനി സുരക്ഷിതമാണ്. പക്ഷേ നയിക്കാൻ ജെൻസന് പകരം ആരെത്തും? അതാണ് ചോദ്യം.പൊതുവേദികളിലെപ്പോഴും ഒരേ വേഷമാണ് ജെൻസന്. കറുത്ത ലെതർ ജാക്കറ്റ്, ഉള്ളിൽ കറുത്ത ടീ ഷർട്ട്, പിന്നെ കറുത്ത പാന്റും.... ടെക് ലോകത്തെ ടെയ്‌ലർ സ്വിഫ്റ്റ് എന്ന് ജെൻസനെ വിളിച്ചത് മാർക്ക് സക്കർബർഗാണ്. ആ ടെക് റോക്ക് സ്റ്റാറാണ് ഇപ്പോൾ വീണത്.…പ്രതിച്ഛായയ്ക്കേറ്റ കളങ്കം എളുപ്പം കഴുകിക്കളയാനാകില്ലെങ്കിലും ഈ അറുപത്തിമൂന്നുകാരനെ ഒഴിവാക്കിക്കൊണ്ട് എഐയുടെ വളർച്ചാ കാലത്തിൻ്റെ ചരിത്രം എഴുതാനാകില്ല..

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദശാബ്ദങ്ങൾ പഴക്കമുള്ള തന്ത്രത്തിന്റെ പുതിയ മുഖമായി ജെൻസൻ ഹുവാങ്, വെളിപ്പെടുത്തൽ മുന്നോട്ട് വയ്ക്കുന്ന വസ്തുതകൾ ചിന്തിപ്പിക്കുന്നത്
ടിക് ടോക്ക് വീഡിയോയ്ക്ക് വേണ്ടി കടുവയെ കൂട്ടിൽ നിന്നിറക്കി, പിന്നാലെ 19 -കാരനെ കടിച്ചുകൊന്നു! പാക് ഇൻഫ്ലുവൻസറും ഫാം ഉടമയും അറസ്റ്റിൽ