
വാഷിംഗ്ടണ്‍ ഡിസി: കോവിഡിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരത്തെ അറിയാമായിരുന്നുവെന്ന് റിപ്പോർട്ട്. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം ട്രംപിന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായാണ് വിവരം. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് അദ്ദേഹത്തിന് അറിയിപ്പ് ലഭിച്ചത്. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, റിപ്പോർട്ടുകൾ യഥാസമയം പരിശോധിക്കാൻ പ്രസിഡന്റ് തയ്യാറായില്ലെന്നാണ് തെളിവുകള്‍ അടക്കം റിപ്പോർട്ടിൽ പറയുന്നത്.
അതേ സമയം കോവിഡ് കാലത്ത് അമേരിക്കൻ രാഷ്ട്രീയ നേതാക്കൾ ചൈനക്കെതിരെ നടത്തുന്നത് വെറും നുണ പ്രചരണങ്ങളാണെന്ന് ആരോപിച്ച് ചൈന രംഗത്ത് എത്തി. കോവിഡ് പ്രതിരോധത്തിൽ തങ്ങൾക്കുണ്ടായ പാളിച്ചകളിൽനിന്ന് പൊതുസമൂഹത്തിന്റെ ശ്രദ്ധയെ മാറ്റിവിടുക മാത്രമാണ് ട്രംപിന്റെയും കൂട്ടരുടെയും ലക്ഷ്യമെന്നുംകോവിഡ് ദുരന്തത്തിന്റെ പേരിൽ ചൈനയോട് നഷ്ടപരിഹാരം തേടുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് ചൈനയുടെ പ്രതികരണം.
അമേരിക്കൻ നേതാക്കൾക്ക് ഒരു ലക്ഷ്യമേയുള്ളൂ. പകർച്ചവ്യാധി പ്രതിരോധത്തിലും നിയന്ത്രണത്തിലും അവർക്ക് സംഭവിച്ച പിഴവുകൾ മറയ്ക്കുക. അതിനുള്ള ശ്രമങ്ങളിലാണ് അവർ നുണകൾ വിളിച്ചുപറയുന്നതെന്ന് ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ഗെംഗ് ഷുവാംഗ് പറഞ്ഞു. കോവിഡ് വൈറസ് ചൈന ലാബിൽ നിർമിച്ചതാണെന്ന ആരോപണം മുതൽ കോവിഡ് ദുരന്തത്തിന് ചൈന നഷ്ടപരിഹാരം നൽകണമെന്ന വാദം വരെ അമേരിക്ക ഉന്നയിച്ചു.
ചൈനയുടെ കാര്യത്തിൽ ഒട്ടും സന്തുഷ്ടനല്ലെന്നായിരുന്നു ട്രംപ് കഴിഞ്ഞദിവസം വാർത്തസമ്മേളനത്തിൽ അഭിപ്രായപ്പെട്ടത്. ലോകമെന്പാടും ബാധിക്കാത്തവിധം വൈറസിനെ അവിടെതന്നെ തടയാൻ അവർക്ക് കഴിയുമായിരുന്നു. അതിന് നിരവധി മാർഗങ്ങളുണ്ടായിരുന്നെന്നും ട്രംപ് പറഞ്ഞു.
അതേ സമയം അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു മുന്നോട്ട് പോകുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രോഗം ബാധിച്ചത്. 19,522 പേർക്ക്. നിലവിൽ 10,29,878 പേർക്കാണ് രാജ്യത്ത് രോഗബാധ ഉള്ളത്. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം 58,640 പേർക്കാണ് കോവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടത്. 1,40,138 മാത്രമാണ് അമേരിക്കയിൽ രോഗമുക്തി നേടാനായത്.
ന്യൂയോർക്കിൽ മാത്രം രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. 300,334 ആണ് ഇവിടുത്തെ ഇപ്പോഴത്തെ രോഗബാധിതർ. വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതർ- ന്യൂയോർക്കിൽ 3,00,334 പേർക്കും ന്യൂജഴ്സിയിൽ 1,13,856 പേർക്കുമാണ് രോഗം ബാധിച്ചത്. മസാച്യുസെറ്റ്സിൽ 48,102 പേർക്കും ഇല്ലിനോയിസിൽ 48,102 പേർക്കും വൈറസ് ബാധയുണ്ട്. കലിഫോർണിയ- 46,032, പെൻസിൽവാനിയ- 43,264, മിഷിഗണ്‍- 39,262 , ഫ്ളോറിഡ- 32,846 ലൂസിയാന- 27,068 , ടെക്സസ്- 26,171.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam