സേനയുടെ ചെറുത്തുനിൽപ്പ് ഫലപ്രദമായില്ല; ഭരണനിയന്ത്രണം ഏറ്റെടുത്ത് വിമതർ, രാജ്യം സ്വതന്ത്രമായെന്ന് പ്രഖ്യാപനം

Published : Dec 08, 2024, 01:35 PM IST
സേനയുടെ ചെറുത്തുനിൽപ്പ് ഫലപ്രദമായില്ല; ഭരണനിയന്ത്രണം ഏറ്റെടുത്ത് വിമതർ, രാജ്യം സ്വതന്ത്രമായെന്ന് പ്രഖ്യാപനം

Synopsis

പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സിറിയൻ തലസ്ഥാനമായ ദമാസ്‌കസും വിമത സായുധ സംഘം പിടിച്ചെടുത്തത്. ചെറുത്തുനിന്നിട്ട് കാര്യമില്ലെന്ന് മനസിലാക്കി സർക്കാർ സേന പിന്മാറുകയായിരുന്നു. 

ദമാസ്ക്കസ്: ആഭ്യന്തര സംഘർഷം രൂക്ഷമായ സിറിയയിൽ ഭരണ നിയന്ത്രണം വിമത സായുധ സംഘം പിടിച്ചെടുത്തു. പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടോടിയെന്നാണ് പുതിയ റിപ്പോർട്ട്. ദീർഘകാലം അൽഖായിദയുടെ ഉപവിഭാഗമായി പ്രവർത്തിച്ച സായുധ സംഘം ഭരണം പിടിച്ചതോടെ സിറിയയുടെ ഭാവി എന്തെന്ന ആശങ്ക ശക്തമായി.

പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സിറിയൻ തലസ്ഥാനമായ ദമാസ്‌കസും വിമത സായുധ സംഘം പിടിച്ചെടുത്തത്. ചെറുത്തുനിന്നിട്ട് കാര്യമില്ലെന്ന് മനസിലാക്കി സർക്കാർ സേന പിന്മാറുകയായിരുന്നു. 54 വർഷം നീണ്ട അസദ് കുടുംബത്തിന്റെ ഭരണം അവസാനിച്ചു എന്നും രാജ്യം സ്വതന്ത്രം ആയെന്നും വിമതർ പ്രഖ്യാപിച്ചു. മണിക്കൂറുകൾക്ക് മുൻപേ പ്രസിഡന്റ് ബഷാർ അൽ അസദ് വിമാനത്തിൽ രാജ്യം വിട്ടിരുന്നു. എവിടേക്ക് പോയെന്നത് അവ്യക്തമാണ്. പ്രസിഡന്റും രാജ്യം വിട്ടോടിയതോടെ ജനം തെരുവിലിറങ്ങി. പതിറ്റാണ്ടുകളായി തല ഉയർത്തി നിന്ന ബഷാർ അൽ അസദിന്റെ പ്രതിമകൾ ജനം തകർത്തെറിഞ്ഞു.

സിറിയൻ സൈന്യവും സുരക്ഷാ സേനയും ദമാസ്കസ് രാജ്യാന്തര വിമാനത്താവളം ഉപേക്ഷിച്ചു പോയി. സുപ്രധാന ഭരണ കാര്യാലയങ്ങളിൽ നിന്ന് എല്ലാം സൈന്യം പിന്മാറി. പലയിടത്തും ജയിലുകൾ തകർത്ത വിമതർ തടവുകാരെ കൂട്ടത്തോടെ മോചിപ്പിച്ചു. ദേശീയ ടെലിവിഷനും റേഡിയോയും വിമതരുടെ നിയന്ത്രണത്തിൽ ആയി. പ്രസിഡന്റിന്റെ കൊട്ടാരവും വിമതർ കയ്യേറി. വിമതരുടെ ഭരണത്തോട് സഹകരിക്കാൻ താൻ തയാറാണെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി പ്രഖ്യാപിച്ചു. വിമതരുമായി പ്രധാനമന്ത്രി പോലും നേരത്തെ ധാരണ ഉണ്ടാക്കിയിരുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. അസദ് ഭരണം അവസാനിച്ചതോടെ സിറിയയുടെ ഇരുണ്ട കാലം അവസാനിച്ചു എന്നാണ് പ്രതിപക്ഷ നേതാവ് ഹാഡി അൽ ബഹ്റയുടെയും പ്രതികരണം. ആഗോള ഭീകര സംഘമായ അൽ ഖായിദയുടെ ഉപവിഭാഗമായി പ്രവർത്തനം തുടങ്ങിയ സുന്നി സായുധ സംഘമാണ് ഇപ്പോൾ സിറിയൻ ഭരണം പിടിച്ചെടുത്തിരിക്കുന്നത്. 

ഹയാത്ത് തഹ്‌രീർ അൽ ഷംസ് എന്ന ഈ സായുധ സംഘത്തിന്റെ തലവൻ ഒരു കാലത്ത് അൽഖായിദ ഭീകരൻ ആയിരുന്ന അബു മുഹമ്മദ് അൽ ജുലാനി. 74 ശതമാനം സുന്നി മുസ്ലിംകളും 13 ശതമാനം ഷിയാക്കളും പത്തു ശതമാനം ക്രൈസ്തവരും ഉള്ള ഒരു രാജ്യത്തിൻറെ ഭരണ നേതൃത്വം ഭീകര ബന്ധമുള്ള സായുധ സംഘത്തിന്റെ കൈകളിൽ എത്തുമ്പോൾ എന്താകും സിറിയയുടെ ഭാവി എന്ന ആശങ്ക ശക്തം. ലോകത്തെ വൻശക്തി രാജ്യങ്ങൾ ഒന്നും പ്രശ്‌നത്തിൽ ഉടൻ ഇടപെടാൻ തയാറല്ല. സ്ഥിതി നിരീക്ഷിക്കുന്നു എന്നാണു അമേരിക്കയുടെ പ്രതികരണം. വിഷയത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല എന്ന് നിയുക്ത പ്രസിഡന്റ് ഡോണാൾഡ്‌ ട്രമ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഏഴാം വയസിൽ സിറിയിലെത്തി, 10 കോടി തലയ്ക്ക് വിലയുള്ള കൊടും ഭീകരൻ, തന്ത്രശാലി; അബു മുഹമ്മദ്‌ അൽ-ജുലാനി ആരാണ്?

https://www.youtube.com/watch?v=Ko18SgceYX8


 

PREV
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം