
ദില്ലി: കാലാവസ്ഥാ മാറ്റത്തിന്‍റെ (Climate Change) ഭീകരതയിൽ മനുഷ്യനും ജന്തുജാലങ്ങളും വലഞ്ഞ ഒരു വർഷമാണ് കടന്നുപോകുന്നത്. കാലാവസ്ഥാ മാറ്റത്തിൽ ലോകം ഉരുകിയ വർഷം. പടിഞ്ഞാറൻ കാനഡ കൊടുംചൂടിൽ വെന്തു. 49 ഡിഗ്രി വരെ ഉയർന്ന താപനിലയിൽ 700 പേർ മരിച്ചു. ജൂലൈയിൽ പടിഞ്ഞാറൻ യൂറോപ്പ് പ്രളയത്തിൽ മുങ്ങി. ജർമനിയിലും ബെല്‍ജിയത്തിലുമായി മുന്നൂറോളം മരണമുണ്ടായി. സ്‌പെയിനിൽ ഉണ്ടായത് അര നൂറ്റാണ്ടിലെ ഏറ്റവും കനത്ത മഞ്ഞുവീഴ്ച്ച. അമേരിക്കയിലെ ടെക്‌സസിൽ കൊടും ശൈത്യത്തിൽ താപനില മൈനസ് 13 ഡിഗ്രി വരെ താഴ്ന്നു. മാർച്ചിൽ ചൈനയിൽ ഉണ്ടായത് ഇതുവരെ കാണാത്തത്ര ശക്തമായ മണൽക്കാറ്റ്.
നൂറ്റാണ്ടിനിടയിലെ വലിയ കാലാവസ്ഥാ മാറ്റങ്ങൾ ആണ് 2021 ൽ ലോകം കണ്ടത്. 170 വർഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ കാലമാണ് 2021ൽ ഭൂമിയിൽ ഉണ്ടായതെന്ന് കണ്ടെത്തിയത് യുഎൻ സമിതിയായ ഐപിസിസി ആയിരുന്നു. ഭൂമിയെ രക്ഷിക്കാൻ അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ സർവ്വനാശം എന്നായിരുന്നു ഐപിസിസി റിപ്പോർട്ട് ലോകത്തോട് പറഞ്ഞത്. ലോകമെങ്ങും സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്നു.
പല തീരങ്ങളും മുങ്ങാൻ അധിക കാലം വേണ്ട. കാലാവസ്ഥാമാറ്റം ഇത്ര ഭീകരമാകുമ്പോഴും അതിനെ നേരിടാൻ കാര്യമായ തീരുമാനങ്ങളൊന്നും ആരിൽ നിന്നും ഉണ്ടാകുന്നില്ലെന്ന നിരാശയോടെയാണ് ലോകം പുതുവർഷത്തിലേക്ക് കടക്കുന്നത്. ആഗോളതാപനത്തിന്റെ ആഘാതം ആദ്യമുണ്ടാകുന്നത് സമുദ്രങ്ങളിൽ ആണ്. അതുകൊണ്ടുതന്നെ കേരളത്തിനും ഇനിയങ്ങോട്ട് ഒട്ടും നല്ല കാലമാവില്ലെന്ന് പറയുന്നു കാലാവസ്ഥാ ഗവേഷകർ.
ഇതുവരെയുള്ള എല്ലാ കണക്കുകളും തെറ്റിച്ച മഴയായിരുന്നു ഈ വർഷം കേരളത്തിൽ പെയ്ത് തകർത്തത്.120 വർഷത്തെ ഏറ്റവും കനത്ത തുലാവർഷ മഴ. ഇടുക്കി ചെറുതോണി അണക്കെട്ട് ഇത്രയധികം തവണ തുറക്കേണ്ടി വന്നകാലം മുമ്പില്ല. കോട്ടയത്ത് കൂട്ടിക്കലിൽ ഒക്ടോബർ പതിനഞ്ചിനുണ്ടായ ഉരുൾപൊട്ടൽ ഓർക്കാപ്പുറത്തെ ദുരന്തമായി. കാലാവസ്ഥ വ്യതിയാനം സംസ്ഥാനത്തെ കാർഷിക ഉത്പാദനത്തിൽ വലിയ കുറവുണ്ടാക്കുമെന്ന വിദഗ്ധ പഠന റിപ്പോർട്ടും ഇക്കൊല്ലം പുറത്തുവന്നു. കേരളത്തിന്റെ നെല്ലുത്പാദനത്തിൽ 40 ശതമാനം വരെ കുറവുണ്ടായേക്കാം എന്നാണ് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നത്. വൻ വികസന പദ്ധതികൾക്ക് ഒരുങ്ങുന്ന കേരളം ആദ്യം പരിഗണിക്കേണ്ടത് പ്രകൃതിയുടെ മാറുന്ന താളമാവണം എന്ന പാഠം കൂടിയാണ് 2021 നൽകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam