ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപനത്തിൽ, പാക് അധീന കശ്മീരും അക്സായിചിന്നും ഉൾപ്പെടുത്തിയ ഇന്ത്യയുടെ പൂർണ്ണ ഭൂപടം അമേരിക്ക ഉപയോഗിച്ചത് ചർച്ചയാകുന്നു. മുൻ നിലപാടുകളിൽ നിന്നുള്ള ഈ മാറ്റം പാകിസ്ഥാനും ചൈനക്കുമുള്ള ശക്തമായ സന്ദേശമായി വിലയിരുത്തപ്പെടുന്നു.

ദില്ലി: ഇന്ത്യയും യുഎസും ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിച്ചു കൊണ്ടുള്ള സംയുക്ത പ്രസ്താവനയിൽ അമേരിക്ക ഉപയോ​ഗിച്ച ഇന്ത്യയുടെ മാപ്പ് ചർച്ചയാകുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് പ്രതിനിധി എക്‌സിൽ പങ്കിട്ട ഒരു പോസ്റ്റിൽ ഉപയോ​ഗിച്ച മാപ്പാണ് ചർച്ചയായത്. ഇന്ത്യ-യുഎസ് കരാർ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് എങ്ങനെ വിപണി പ്രവേശനം നൽകുമെന്ന് കാണിക്കുന്ന ഇന്ത്യയുടെ ഭൂപടമാണ് പങ്കുവെച്ചത്. പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പാകിസ്ഥാൻ അധിനിവേശ കശ്മീർ ഉൾപ്പെടെ, വടക്കൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമായി കാണിച്ചിരിക്കുന്ന ഭൂപടം ചർച്ചയായി. തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമാണെന്ന് ചൈന അവകാശപ്പെടുന്ന അക്സായി ചിന്നും ഭൂപടത്തിൽ ഉൾപ്പെടുത്തി. ഇന്ത്യയുടെ എതിർപ്പുകൾ അവഗണിച്ച് തർക്ക ഭൂമിയിൽ ചൈന ഇപ്പോഴും അവകാശവാദം ഉന്നയിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

കശ്മീർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ എപ്പോഴും വാദിച്ചിരുന്നു. മുഴുവൻ കാശ്മീരിനെയും ഉൾപ്പെടുത്തി ഇന്ത്യൻ ഭൂപടം പങ്കിടുന്നത് യുഎസിന്റെ മുൻ നിലപാടിൽ നിന്നുള്ള വ്യതിചലനമാണെന്നതും ശ്രദ്ധേയം. യുഎസും അതിന്റെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും മുമ്പ് പുറത്തിറക്കിയ ഭൂപടങ്ങളിൽ പി‌ഒ‌കെ മേഖലയുടെ അതിർത്തി വ്യത്യസ്തമായിരുന്നു. പാകിസ്ഥാന്റെ നിലപാട് അംഗീകരിക്കുന്ന രീതിയായിരുന്നു അമേരിക്ക മുമ്പ് സ്വീകരിച്ചിരുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും മറ്റ് ആഗോള ഏജൻസികളും ഉപയോഗിക്കുന്ന ഭൂപടങ്ങളിൽ ഇന്ത്യയുടെ അതിർത്തികൾ, പ്രത്യേകിച്ച് ജമ്മു കശ്മീർ, അരുണാചൽ പ്രദേശ് എന്നിവ തെറ്റായി ചിത്രീകരിച്ചതിനെ വിദേശകാര്യ മന്ത്രാലയം ആവർത്തിച്ച് എതിർത്തിട്ടുണ്ട്. ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനോട് അമേരിക്ക യോജിക്കുന്നുവെന്നതിന്റെ ശക്തമായ നയതന്ത്ര സൂചനയാണ് ഈ ഭൂപടം പാകിസ്ഥാനും ചൈനയ്ക്കും നൽകുന്നതെന്നും വിദ​ഗ്ധർ പറയുന്നു.

അമേരിക്കയുമായുള്ള ഇടക്കാല വ്യാപാര കരാറിന്റെ ഭാഗമായി കാർഷിക, പാലുൽപ്പന്നങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവ ഇന്ത്യ കുറയ്ക്കില്ല. ചോളം, ഗോതമ്പ്, അരി, സോയ, കോഴി, പാൽ, ചീസ്, എത്തനോൾ (ഇന്ധനത്തിനായി), പുകയില, ചില പച്ചക്കറികൾ, മാംസം തുടങ്ങിയ പ്രധാന ഉൽപ്പന്നങ്ങളുടെ അമേരിക്കൻ ഇറക്കുമതിക്ക് തീരുവ ഇളവുകൾ ലഭിക്കില്ല. ഇന്ത്യയും യുഎസും ഈ ഇടക്കാല വ്യാപാര കരാറിനായി ഒരു ചട്ടക്കൂട് സ്ഥാപിച്ച സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം വന്നത്. കരാറിന്റെ ഭാഗമായി, ചില ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ യുഎസ് ഗണ്യമായി കുറയ്ക്കുകയും 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുകയും ചെയ്യും.