ഇന്ത്യൻ വംശജനായ കോടീശ്വരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു

By Web TeamFirst Published Oct 3, 2019, 6:42 PM IST
Highlights

അമേരിക്കയിലെ ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയായ ആത്രേ നെറ്റിന്റെ ഉടമയായ തുഷാർ ആത്രേയെ രണ്ടംഗ സംഘം തിങ്കളാഴ്ച പുലർച്ചെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടു

കാലിഫോർണിയ: ഇന്ത്യൻ വംശജനും അമേരിക്കയിലെ ടെക് സ്ഥാപനത്തിന്റെ കോടീശ്വരനായ ഉടമയുമായ തുഷാർ ആത്രേയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒക്ടോബർ ഒന്നിന് പുലർച്ചെ ഇദ്ദേഹത്തെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തി മൃതദേഹം വഴിയിൽ ഉപേക്ഷിച്ചതാണെന്ന് കരുതുന്നു. ഇന്നാണ് മൃതദേഹം തുഷാറിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

മോഷണ ശ്രമമാവാം 50കാരനായ തുഷാറിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. തിങ്കളാഴ്ച ഉച്ചയോടെ സാന്താ ക്രൂസ് മലമുകളിലാണ് തുഷാറിന്റെ മൃതദേഹം കണ്ടെത്തിയത്. അമേരിക്കയിലെ ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയായ ആത്രേ നെറ്റിന്റെ (Atre Net Inc) ഉടമയായിരുന്നു. 

ഒക്ടോബർ ഒന്നിന് പുലർച്ചെ മൂന്ന് മണിക്ക് തന്റെ ബിഎംഡബ്ല്യു കാറിലേക്ക് ഇദ്ദേഹം കയറുന്നതാണ് പൊലീസിന് ലഭ്യമായ അവസാന വീഡിയോ ദൃശ്യം. കാലിഫോർണിയയിലെ വസതിയിൽ നിന്നാണ് ഇദ്ദേഹം കാറിൽ കയറിയത്. ഇതിന് തൊട്ടുമുൻപ് പൊലീസ് കൺട്രോൾ റൂമിലേക്ക് ഇദ്ദേഹത്തിന്റെ വസതിയിൽ നിന്ന് ഫോൺ സന്ദേശം ലഭിച്ചിരുന്നു. പൊലീസ് എത്തുമ്പോഴേക്കും തുഷാറുമായി അക്രമി സംഘം കടന്നിരുന്നു.

ഉച്ചയോടെയാണ് തുഷാറിന്റെ കാർ പൊലീസ് കണ്ടെത്തിയത്. മോഷണ ശ്രമമാകാം സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. 

click me!