കുടിക്കാൻ വെള്ളക്കുപ്പികളിൽ ആസിഡ് കൊടുത്തു; ലാഹോറിൽ റെസ്റ്റോറന്റ് മാനേജർ അറസ്റ്റിൽ, ദുരൂഹത

By Web TeamFirst Published Oct 4, 2022, 3:55 PM IST
Highlights

ലാഹോറിലെ ​ഗ്രേറ്റർ ഇഖ്ബാൽ പാർക്കിനടുത്തുള്ള പോയറ്റ് റെസ്റ്റോറന്റിലാണ് സെപ്തംബർ 27ന് സംഭവം നടന്നത്. ആസിഡ് ഉപയോ​ഗിച്ച് അപകടാവസ്ഥയിലായ കുട്ടികൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. 

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ലാഹോറിൽ റെസ്റ്റോറന്റിലെത്തിയവർക്ക് കുടിക്കാൻ വെള്ളത്തിന് പകരം ആസിഡ് നൽകിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലാ‌യി. ജന്മ​ദിനാഘോഷ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ രണ്ട് കുട്ടികൾക്ക് ആസിഡ് നൽകിയെന്നാണ് കേസ്. റെസ്റ്റോറന്റ് മാനേജരാണ് അറസ്റ്റിലായത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുടിവെള്ളക്കുപ്പികളിൽ എങ്ങനെ ആസിഡ് വന്നു എന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. ജന്മ​ദിനാഘോഷത്തിലാണ് അപകടം ഉണ്ടായത് എന്നതും കുട്ടികളാണ് അപകടത്തിൽ പെട്ടത് എന്നതും സംഭവത്തിന്റെ ​ഗൗരവം വർധിപ്പിക്കുന്നതാണെന്നും പൊലീസ് അഭിപ്രായപ്പെട്ടു. 

ലാഹോറിലെ ​ഗ്രേറ്റർ ഇഖ്ബാൽ പാർക്കിനടുത്തുള്ള പോയറ്റ് റെസ്റ്റോറന്റിലാണ് സംഭവം . സെപ്തംബർ 27നാണ് സംഭവം നടന്നത്. ആസിഡ് ഉപയോ​ഗിച്ച് അപകടാവസ്ഥയിലായ കുട്ടികൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. കുപ്പിവെള്ളത്തിന് പകരം ലഭിച്ച ആസിഡ് ഉപയോ​ഗിച്ച് കൈകഴുകിയതാണ് ഇവരിലൊരാളെ അപകടത്തിലാക്കിയത്. അഹമ്മദ് എന്ന കുട്ടിയാണ് കുപ്പിയിലെ വെള്ളമുപയോ​ഗിച്ച് ഇരുകൈകളും കഴുകിയത്. ഉടൻ തന്നെ കൈകൾ പൊള്ളിയടർന്നെന്ന് ദൃക്സാക്ഷിയും കുട്ടിയുടെ അമ്മാവനുമായ മുഹമ്മദ് ആദിൽ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. 

അപകടം പറ്റിയ രണ്ടാമത്തെയാൾ രണ്ടര വയസ്സുകാരി വാജിഹ‌യാണ്. വെള്ളമാണെന്ന ധാരണയിൽ അവൾ ലഭിച്ച കുപ്പിയിലെ ആസിഡ് കുടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വാജിഹയുടെ നില ​ഗുരുതരമായി തുടരുകയാണ്. റെസ്റ്റോറന്റ് മാനേജർക്കെതിരെയാണ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരിക്കുന്നത്. ഇയാളുടെ മൊഴിപ്രകാരം കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നും റെയിഡ് നടക്കുക‌യാണെന്നും പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.  ഇതൊരു അസാധാരണ സംഭവമാണ്. എല്ലാ വഴികളിലൂടെയും അന്വേഷണം പുരോ​ഗമിക്കുകയാണ്. പൊലീസ് ഉദ്യോ​ഗസ്ഥൻ താഹിൽ വഖാസ് പറഞ്ഞു. അന്വേഷണവിധേ‌യമായി റെസ്റ്റോറന്റ് അടച്ചുപൂട്ടിയതായി പൊലീസ് പറഞ്ഞതാ‌യും റിപ്പോർട്ടിലുണ്ട്.

Read Also: അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ രൂപ നിരോധിച്ച് താലിബാന്‍


 
 

click me!