പാകിസ്ഥാന്‍ രൂപ; ഇനി ഇവിടെ വേണ്ടെന്ന് താലിബാന്‍

By Web TeamFirst Published Oct 4, 2022, 3:55 PM IST
Highlights

അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ രൂപയുടെ കൈമാറ്റം, വ്യാപാരം, കറൻസി വിനിമയം എന്നിവ ഉൾപ്പെടെ എല്ലാ സാമ്പത്തിക ഇടപാടുകളും നിരോധിക്കപ്പെട്ടു.


കാബൂൾ:  അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ രൂപ ഉപയോഗിക്കുന്നത് താലിബാൻ നിരോധിച്ചു. രാജ്യത്ത് പാകിസ്ഥാൻ കറൻസിയുടെ നിരോധനം ഒക്ടോബർ ഒന്ന് ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി അഫ്ഗാൻ വാർത്താ ഏജൻസിയായ ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക ഇടപാടുകളിൽ പാകിസ്ഥാൻ രൂപ ഉപയോഗിക്കുന്നത് പൂർണമായും നിരോധിച്ചതായി താലിബാൻ ഇന്‍റലിജൻസ് ഏജൻസിയും അറിയിച്ചു. ഇതോടെ പാകിസ്ഥാനുമായി താലിബാന്‍ കൂടുതല്‍ അകലുകയാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ രൂപയുടെ കൈമാറ്റം, വ്യാപാരം, കറൻസി വിനിമയം എന്നിവ ഉൾപ്പെടെ എല്ലാ സാമ്പത്തിക ഇടപാടുകളും നിരോധിക്കപ്പെട്ടു. 5,00,000 പാകിസ്ഥാന്‍ രൂപയിൽ കൂടുതൽ ഇടപാടുകൾ നടത്തുന്നതിൽ നിന്ന് മണി എക്‌സ്‌ചേഞ്ച് ഡീലർമാർക്ക് വിലക്കുണ്ടെന്നും റിപ്പോർട്ടുകള്‍ പറയുന്നു. നിശ്ചിത തുകയിൽ കൂടുതൽ തുക കണ്ടെത്തിയാൽ ഡീലർമാർക്കെതിരെ നിയമ നടപടികൾ ഉണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു. 

അഫ്ഗാനിസ്ഥാന്‍റെ ഭരണം താലിബാന്‍ ഏറ്റടുത്തതിന് ശേഷം നിലവില്‍ വന്ന അന്താരാഷ്ട്രാ ഉപരോധത്തില്‍ രാജ്യം വലിയ തോതില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. ഇതിനിടെ രാജ്യത്തെ സാധാരണ പൗരന്മാര്‍ പാകിസ്ഥാന്‍ രൂപയിലാണ് ഭക്ഷണമടക്കമുള്ള ദൈനംദിന ചെലവുകള്‍ നടത്തുന്നത്. ഈ സമയത്താണ് താലിബാന്‍ പാകിസ്ഥാന്‍ രൂപ ഉപയോഗിച്ചുള്ള വ്യാപാരം നിരോധിച്ച് കൊണ്ട് ഉത്തരവിട്ടതും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാന്‍റെ അധികാരം പിടിച്ചെടുത്തതിന് ശേഷം, അതിർത്തി സംഘർഷങ്ങൾ വർദ്ധിക്കുന്നതും പാകിസ്ഥാനിൽ നിയമവിരുദ്ധമായ തെഹ്‌രിക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) വീണ്ടും ശക്തിപ്രാപിക്കുന്നതും  ഉൾപ്പെടെ നിരവധി കാരണങ്ങളാൽ താലിബാനും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു.  

അഫ്ഗാനിസ്ഥാനില്‍ അക്രമണം നടത്താന്‍ യുഎസ് ഡ്രോണുകള്‍ക്ക് തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ പാകിസ്ഥാന്‍ അനുമതി നല്‍കിയതായി താലിബാന്‍ ആരോപിച്ചിരുന്നു. ഇതിനായി പാകിസ്ഥാന്‍ യുഎസില്‍ നിന്നും ഭീമമായ തുക കൈപ്പറ്റിയെന്നും ഇതിനുള്ള തെളിവ് തങ്ങളുടെ പക്കലുണ്ടെന്നും താലിബാന്‍ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ജൂലൈ 31 ന് കാബൂളിലെ തന്‍റെ വസതിയില്‍ നില്‍ക്കവേ അല്‍ഖ്വയ്ദ നേതാവായ അയ്മാന്‍ അല് സവാഹിരിയെ യുഎസ്, ഡ്രോണ്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയിരുന്നു. കൂടാതെ തലിബാനെ ലക്ഷ്യം വച്ച് തെഹ്‌രിക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) അഫ്ഗാനിസ്ഥാനില്‍ ആക്രമണങ്ങള്‍ പുനരാരംഭിച്ചതും താലിബാനെ ഏറെ ബുദ്ധിമുട്ടിക്കുന്നു. ഇതിന് പിന്നാലെയാണ്  രാജ്യത്ത് പകിസ്ഥാന്‍ കറന്‍സിക്ക് നിരോധനമേര്‍പ്പെടുത്തിയതായി താലിബാന്‍ അറിയിച്ചത്.

click me!