അമേരിക്കയിൽ കുഞ്ഞ് ഉൾപ്പെടെ നാല് ഇന്ത്യൻ വംശജരെ തട്ടിക്കൊണ്ടുപോയി, അക്രമികൾ ആയുധധാരികളെന്ന് പൊലീസ്

By Web TeamFirst Published Oct 4, 2022, 1:18 PM IST
Highlights

പ്രതികൾ ആയുധധാരികളും അപകടകാരികളുമാണെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലായതിനാൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

കാലിഫോർണിയ: കാലിഫോർണിയയിൽ നാല് ഇന്ത്യൻ വംശജരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. തിങ്കളാഴ്ച കാലിഫോർണിയയിലെ മെഴ്‌സ്ഡ് കൗണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നാല് പേരിൽ 8 മാസം പ്രായമുള്ള പെൺകുട്ടിയും മാതാപിതാക്കളും ഉൾപ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു. 36 കാരനായ ജസ്ദീപ് സിംഗ്, 27 കാരിയായ ജസ്‌ലീൻ കൗർ, അവരുടെ എട്ട് മാസം പ്രായമുള്ള കുട്ടി അരൂഹി ധേരി, 39 കാരനായ അമൻദീപ് സിംഗ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്ന് മെഴ്‌സ്ഡ് കൗണ്ടി ഷെരീഫ് ഓഫീസ് തിങ്കളാഴ്ച പ്രസ്താവനയിൽ അറിയിച്ചു. 

പ്രതികൾ ആയുധധാരികളും അപകടകാരികളുമാണെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലായതിനാൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ സൗത്ത് ഹൈവേ 59-ലെ 800 ബ്ലോക്കിൽ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് അധികൃതർ പറഞ്ഞതായി എബിസി 30 റിപ്പോർട്ട് ചെയ്യുന്നു.

തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്ന സ്ഥലം ചില്ലറ വ്യാപാരങ്ങളും റെസ്റ്റോറന്റുകളും ഉൾപ്പെടുന്ന സ്ഥലമാണ്. തട്ടിക്കൊണ്ട് പോകലിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ലെന്നും പൊലീസ് ആരെയെങ്കിലും സംശയിക്കുന്നതായോ പുറത്തുവിട്ടിട്ടില്ലെന്നും എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

സംശയാസ്പദമായ രീതിയിൽ ആരെയെങ്കിലും കണ്ടാൽ ഉടൻ തന്നെ 911 എന്ന നമ്പറിൽ വിളിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അതേസമയം, 2019-ൽ, യുഎസിലെ ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയുടെ ഉടമയായ ഇന്ത്യൻ വംശജനായ ടെക്കി, തുഷാർ ആത്രെയെ കാലിഫോർണിയയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി വാർത്തകൾ വന്ന് മണിക്കൂറുകൾക്കുള്ളിൽ കാമുകിയുടെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

click me!