കാബൂൾ/ ദില്ലി: അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യ വീണ്ടും ഒഴിപ്പിക്കൽ തുടങ്ങി. ഇന്ത്യക്കാരുമായി ഒരു വ്യോമസേനാ വിമാനം അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുപൊങ്ങിയെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 85 യാത്രക്കാരാണ് ഈ വിമാനത്തിലുള്ളതെന്നാണ് സൂചന. ഇന്ധനം നിറയ്ക്കാൻ ഈ വ്യോമസേനാ വിമാനം നിലവിൽ താജിക്കിസ്ഥാനിൽ ഇറങ്ങിയിട്ടുണ്ട്. മണിക്കൂറുകൾക്കുള്ളിൽ ഈ വിമാനം ഇന്ത്യയിലെത്തും. ദില്ലിയിലെ ഹിൻഡൻ വിമാനത്താവളത്തിലേക്കായിരിക്കും ഈ വിമാനം എത്തുക എന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യത്തിൽ അന്തിമസ്ഥിരീകരണമായിട്ടില്ല.
ഇരുന്നൂറോളം ഇന്ത്യൻ പൗരൻമാരെയാണ് വിമാനത്താവളത്തിന് അടുത്തേക്ക് നാല് ബസ്സുകളിലായി ഇന്ന് രാവിലെയോടെ എത്തിച്ചിരിക്കുന്നത്. എന്നാൽ വിമാനത്താവളത്തിന് അകത്തേക്ക് ആളുകളെ കടത്തിവിടാത്തതിനാൽ ഒഴിപ്പിക്കലിൽ അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു. ഇതിൽ 85 പേരെയുമായാണോ വിമാനം പുറപ്പെട്ടിരിക്കുന്നത് എന്ന കാര്യത്തിൽ അൽപസമയത്തിനകം മാത്രമേ സ്ഥിരീകരണമാകൂ.
എംബസി ഉദ്യോഗസ്ഥർ ഇന്ത്യൻ പൗരൻമാരെ അഫ്ഗാനിൽ നിന്ന് പുറത്തേക്ക് എത്തിക്കാനായി എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കാബൂൾ വിമാനത്താവളത്തിന്‍റെ സുരക്ഷയ്ക്കായി 6000 സൈനികരെയും യുഎസ് വിന്യസിച്ചിട്ടുണ്ട്. അഫ്ഗാനിൽ കുടുങ്ങി കിടക്കുന്ന പൗരന്മാരെ രക്ഷിക്കാൻ ഇന്ത്യ അമേരിക്കയുടെ സഹായം തേടിയിരിക്കുകയാണ്.
അതേസമയം മറ്റൊരു സി-17 വിമാനം കൂടി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ പുറത്തെത്തിക്കാനായി തയ്യാറായി നിൽക്കുന്നുണ്ടെന്ന് ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുന്ന ഇന്ത്യക്കാരെ അകത്ത് എത്തിക്കാനായാൽ ഉടൻ ഈ വിമാനം പുറപ്പെടും. കാബൂൾ വിമാനത്താവളത്തിന്‍റെ അകത്തെ സ്ഥിതിഗതികൾ ഇപ്പോഴും നിയന്ത്രിക്കുന്നത് അമേരിക്കയാണ്. അമേരിക്കൻ സൈന്യവുമായി തുടർച്ചയായി ആശയവിനിമയം നടത്തുന്നുണ്ടെന്നും, ഇതിനനുസരിച്ചാണ് വ്യോമസേനയുടെ വിമാനങ്ങളുടെ കാബൂളിലേക്കുള്ള സർവീസ് നിയന്ത്രിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.
ഓഗസ്റ്റ് 15-ന് രണ്ട് വ്യോമസേനാ സി-17 വിമാനങ്ങൾ കാബൂളിലെത്തി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഈ വിമാനത്തിൽ ഇൻഡോ - ടിബറ്റൻ പൊലീസുദ്യോഗസ്ഥരാണ് സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. ആയിരക്കണക്കിന് അഫ്ഗാൻ പൗരൻമാർ രാജ്യം വിടാനായി വിമാനത്താവളത്തിന് അകത്ത് തിക്കും തിരക്കും കൂട്ടിയിരുന്ന സമയത്താണ് ഇന്ത്യയിലേക്കുള്ള ആദ്യ രണ്ട് വിമാനങ്ങൾ പറന്നുയരുന്നത്. അന്ന് മുതലിന്ന് വരെ അഫ്ഗാനിലെ സ്ഥിതിഗതികൾ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. ആയിരക്കണക്കിന് പേരാണ് രാജ്യം വിടാനൊരു അവസരം കാത്ത് വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുന്നത്.
'ജീവനുകൾ വരെ നഷ്ടപ്പെടാം', രക്ഷാദൗത്യം അപകടകരമെന്ന് ബൈഡൻ
അതേസമയം, അഫ്ഗാനിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനുള്ള ദൗത്യത്തിന്‍റെ അന്തിമഫലം എന്തെന്ന് പറയാനാകില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണ് നിലവിൽ നടക്കുന്നതെന്നും ഇത് വരെ 18,000 പേരെ അഫ്ഗാനിൽ നിന്ന് രക്ഷിച്ചെന്നും വൈറ്റ്ഹൗസിൽ നടത്തിയ പ്രസംഗത്തിൽ ജോ ബൈഡൻ പറഞ്ഞു.
അഫ്ഗാനിലെ നിലവിലെ പ്രതിസന്ധിക്ക് ഇടയാക്കിയ സേനാ പിന്മാറ്റത്തിന് രൂക്ഷവിമർശനം ഏറ്റുവാങ്ങുന്നതിനിടെയാണ് ബൈഡന്‍റെ പുതിയ പരാമർശം. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമെന്നാണ് നിലവിലെ രക്ഷാ ദൗത്യത്തെ ബൈഡൻ വിശേഷിപ്പിച്ചത്. ദൗത്യത്തിന്‍റെ അന്തിമഫലത്തിന്‍റെ അനിശ്ചിതാവസ്ഥയെക്കുറിച്ചുളള പരാമർശം ഇന്ത്യ അടക്കമുളള ലോക രാജ്യങ്ങൾ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam