
കാബൂൾ: അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടു. അഫ്ഗാൻ മാധ്യമമായ ടോളോ ന്യൂസ് അടക്കമുള്ളവരാണ് ആദ്യം വാർത്ത റിപ്പോർട്ട് ചെയ്തത്, പിന്നാലെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വാർത്ത സ്ഥിരീകരിച്ചു. വൈസ് പ്രസിഡൻ്റ് അമിറുള്ള സാലെയും പലായനം ചെയ്തു. എവിടേയക്കാണ് ഇവർ രക്ഷപ്പെട്ടതെന്ന് സംബന്ധിച്ച് ഔദ്യോഗിക വിവരം പുറത്ത് വിട്ടിട്ടില്ല. കാബൂൾ എല്ലാ വശത്ത് നിന്നും വളയപ്പെട്ടതോടെ അധികാരം താലിബാന് കൈമാറാൻ അഫ്ഗാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു.
ഗനിയും വൈസ് പ്രസിഡന്‍റും താജിക്കിസ്ഥാനിലേക്കാണ് പോയതെന്നാണ് അൽ ജസീറ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമാധാനപരമായി, ചെറുത്തുനിൽപ്പില്ലാതെ അധികാരക്കൈമാറ്റം നടത്താമെങ്കിൽ ഗനിയ്ക്ക് രാജ്യം വിടാനുള്ള സുരക്ഷിതമായ പാത ഒരുക്കിത്തരാമെന്ന് താലിബാൻ വാഗ്ദാനം ചെയ്തിരുന്നു. ഇതനുസരിച്ചാണ് ഗനി രാജ്യം വിട്ടതെന്നാണ് സൂചന. കുടുംബസമേതമാണ് അഫ്ഗാൻ ഭരണകൂടത്തിലെ ഉന്നതനേതാക്കൾ രാജ്യത്ത് നിന്ന് പലായനം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.
ഇന്ന് ഉച്ചയോടെയാണ് കാബൂൾ അതിർത്തിയിലുള്ള ജലാലാബാദും മസർ - ഇ- ഷെരീഫും കീഴടക്കി താലിബാൻ കാബൂളിന്‍റെ പ്രാന്തപ്രദേശങ്ങളിൽ പ്രവേശിച്ചത്. അവിടെ നിന്ന് കാബൂൾ ആക്രമിച്ച് കീഴടക്കേണ്ടതില്ലെന്ന് താലിബാൻ നിർദേശം നൽകുകയായിരുന്നു. സമാധാനപരമായി അധികാരം എങ്ങനെ കൈമാറുമെന്ന കാര്യത്തിൽ ചർച്ചകൾ നടത്തണമെന്നും താലിബാൻ ആവശ്യപ്പെട്ടു. അതനുസരിച്ച് നടന്ന ചർച്ചയിലാണ് ഗനി അധികാരം കൈമാറാമെന്നും, പകരം രാജ്യം വിട്ട് പലായനം ചെയ്യാൻ സുരക്ഷിതപാത ഒരുക്കിത്തരാമെന്നുമുള്ള വാഗ്ദാനം താലിബാൻ അഫ്ഗാൻ ഭരണകൂടത്തിന് നൽകിയത്. ഇതനുസരിച്ച് കാബൂളിന്‍റെ അതിർത്തികവാടങ്ങളിൽ കാത്തുനിൽക്കുകയായിരുന്നു താലിബാൻ.
സുരക്ഷ സേനകൾ ഉപേക്ഷിച്ച് പോയ ചെക്പോസ്റ്റുകൾ താലിബാൻ നിയന്ത്രണമേറ്റെടുക്കുമെന്നും, നഗരത്തിലേക്ക് പ്രവേശിക്കുകയാണെന്നും താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു.
അഫ്ഗാൻ സൈന്യമാകട്ടെ അതിർത്തിയിൽ ഒരു ചെറുത്തുനിൽപ്പുമില്ലാതെ കീഴടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. സൈന്യം നഗരത്തിനകത്തേക്ക് പിൻമാറിയെന്നും, കാബൂളിന്‍റെ അതിർത്തിയിലെ നിർണായക പോസ്റ്റുകളെല്ലാം ആളൊഴിഞ്ഞ് കിടക്കുകയാണെന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നഗരാതിർത്തി കടന്നൊരു ആക്രമണത്തിന് മുതിരാതെ ചർച്ചകൾക്കായി താലിബാൻ സംഘം പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലെത്തി. രക്തച്ചൊരിച്ചിലില്ലാതെ അധികാരകൈമാറ്റം വേണമെന്ന നിർദ്ദേശം താലിബാൻ മുന്നോട്ട് വയ്ക്കുകയായിരുന്നു. ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്ന് ആഭ്യന്തരമന്ത്രിയുടെ ചുമതല വഹിക്കുന്ന അബ്ദുൾ സത്താർ മിർസാക്വാൽ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കുക കൂടി ചെയ്തതോടെ അഫ്ഗാൻ എല്ലാ അർത്ഥത്തിലും താലിബാൻ്റെ നിയന്ത്രണത്തിലേക്ക് മാറുകയാണ്.
കാബൂൾ താലിബാൻ വളഞ്ഞതോടെ എംബസി ഉദ്യോഗസ്ഥരെയടക്കം അമേരിക്ക എയർലിഫ്റ്റ് ചെയ്ത് കൊണ്ടുപോയി തുടങ്ങി. പൗൻമാരെ തിരികെയെത്തിക്കാൻ ജർമ്മൻ സേനയും കാബൂളിലെത്തി. സ്പെയിനും പൗരൻമാർക്കായി കാബൂളിലേക്ക് വിമാനങ്ങളയക്കും. വിമാനത്താവളത്തിന്‍റെ പ്രവർത്തനം തടസപ്പെടുത്തില്ലെന്നും രാജ്യത്ത് നിന്ന് മടങ്ങുന്നവരെ ബുദ്ധിമുട്ടിക്കില്ലെന്നും താലിബാൻ അറിയിച്ചിരുന്നു. എംബസി അടയ്ക്കില്ലെന്ന് പറഞ്ഞ റഷ്യ യുഎൻ രക്ഷാ സമിതിയിൽ അഫ്ഗാൻ വിഷയം ഉടൻ ചർച്ച ചെയ്യുമെന്ന് അറിയിച്ചു. രാഷ്ട്രീയ പരിഹാരമാണ് അഫ്ഗാനിൽ വേണ്ടതെന്നായിരുന്നു നാറ്റോയുടെ പ്രതികരണം. അഭയർഥികളെ താൽക്കാലികമായി സ്വീകരിക്കാൻ ഇറാനും അൽബേനിയയും തയ്യാറായിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ സാഹചര്യം സങ്കീർണ്ണമായി മാറുമ്പോഴും അടുത്ത നിലപാട് എന്തു വേണം എന്ന് ഇന്ത്യ തീരുമാനിച്ചിട്ടില്ല. കാബൂളിലെ എംബസി മാത്രമാണ് ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്നത്. എംബസിയിലെ ഉദ്യോഗസ്ഥരെ ഇപ്പോൾ ഒഴിപ്പിക്കേണ്ടതുണ്ടോ എന്നതിൽ ആലോചന തുടരുന്നു. എംബസി ഇപ്പോൾ അടച്ചു പൂട്ടുന്നത് അഫ്ഗാൻ സർക്കാരിനെ കൈവിടുന്നതിന് തുല്യമാകും എന്നതാണ് സർക്കാരിൻ്റെ നിലപാട്. എന്നാൽ അടിയന്തര ഘട്ടം വന്നാൽ വിമാനങ്ങൾ അയച്ച് ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam