ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ കോൺസുലാർ, വിസ സേവനങ്ങൾ നിർത്തിവച്ചു. ചിറ്റഗോംഗിലെ ഇന്ത്യൻ അസിസ്റ്റന്‍റ് ഹൈക്കമ്മീഷൻ വിസ സർവീസ് നിർത്തിയതിന് പിന്നാലെയാണിത്.
ദില്ലി: കോണ്‍സുലാർ, വിസ സേവനങ്ങൾ നിർത്തിവച്ച് ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ. ബംഗ്ളാദേശിലെ ചിറ്റഗോങ് അസിസ്റ്റന്‍റ് ഹൈക്കമ്മീഷനിൽ നിന്നുള്ള വിസ സർവ്വീസ് ഒരറിയിപ്പുണ്ടാകുന്നത് വരെ നിറുത്തി വയ്ക്കാൻ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണിത്. ബംഗ്ലാദേശിലെ യുവ നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തെ തുടർന്നുണ്ടായ കലാപത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണതിന് പിന്നാലെയാണിത്.
'ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളാൽ, ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിൽ നിന്നുള്ള എല്ലാ കോൺസുലാർ, വിസ സേവനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു' എന്നാണ് ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ ഓഫീസിന് പുറത്ത് ഒട്ടിച്ച നോട്ടീസിലുള്ളതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ബംഗ്ലാദേശിന്‍റെ മറുപടിയിൽ ഇന്ത്യയ്ക്ക് അതൃപ്തി
ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷത്തിൽ പെട്ട ദിപു ചന്ദർ ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. ഇക്കാര്യം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലും ഇന്ത്യ പരാർമർശിച്ചു. എന്നാൽ ഇതിനോട് യോജിക്കാത്ത മറുപടിയാണ് ബംഗ്ലാദേശ് നല്കിയത്. ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമം ആയി ദിപു ചന്ദ്ര ദാസിൻറെ കൊലപാതകത്തെ കാണേണ്ടതില്ലെന്ന് ബംഗ്ലാദേശ് പ്രസ്താവന പറയുന്നു. ഇതോടൊപ്പം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ എല്ലാ രാജ്യങ്ങൾക്കും ബാധ്യതയുണ്ടെന്ന് ഇന്ത്യയ്ക്കെതിരായ പരോക്ഷ വിമർശനവും പ്രസ്താവനയിലുണ്ട്.
ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഇന്ത്യാ വിരുദ്ധ വികാരം നിലനിർത്താനാണ് ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ വിലിരുത്തുന്നു. ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ ഇരുപത്തഞ്ചോളം പേർ പ്രകടനം നടത്തിയത് ബംഗ്ലാദേശ് ഊതി വീർപ്പിച്ചാണ് പ്രസ്താവനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ചിറ്റഗോംഗിലെ ഇന്ത്യൻ അസിസ്റ്റൻറ് ഹൈക്കമ്മീഷന് മുന്നിൽ മണിക്കൂറുകളോളം സംഘർഷമുണ്ടായിരുന്നു. ഇതേ തുടർന്ന് നിർത്തിവച്ച വിസ സർവ്വീസ് ഉടൻ തുടങ്ങേണ്ടതില്ല എന്നാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.
ഹാദിയുടെ കൊലയാളികൾ ഇന്ത്യയിലേക്ക് കടന്നു എന്ന് ഇടക്കാല സർക്കാരിലെ ചിലർ പ്രചരിപ്പിച്ചതാണ് ഇന്ത്യ വിരുദ്ധ പ്രകടനങ്ങൾക്ക് ഇടയാക്കിയത്. എന്നാൽ ബംഗ്ലാദേശ് പൊലീസ് തന്നെ ഈ വാദം തള്ളി. ഒരു തെളിവും ഇതിനില്ല എന്നാണ് ബംഗ്ലാദേശ് സ്പെഷ്യൽ ബ്രാഞ്ച് മേധാവി ഖൻഡേക്കർ റഫീഖുൽ ഇസ്ലാം പ്രതികരിച്ചത്.ഇതിനിടെ ബംഗ്ലാദേശിൽ ഒരു വിദ്യാർത്ഥി നേതാവിന് കൂടി വെടിയേറ്റു. ഖുൽനയിൽ നാഷണൽ സിറ്റിസൺ പാർട്ടിയുടെ നേതാവ് മുഹമ്മദ് സിക്ദറിനാണ് വെടിയേറ്റത്. ഇയാൾ നിലവിൽ ചികിത്സയിലാണ്.


