
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള രാഷ്ട്രീയ, സാമ്പത്തിക പങ്കാളിത്തം വേണമെന്ന് അഫ്ഗാനിസ്ഥാൻ. തിങ്കളാഴ്ച ന്യൂഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ നടന്ന 'വിജയ' ദിനത്തിന്റെ അഞ്ചാം വാർഷികാഘോഷ ചടങ്ങിലാണ് എംബസിയുടെ ചുമതലയുള്ള മുഫ്തി നൂർ അഹമ്മദ് നൂർ ഇക്കാര്യം വ്യക്തമാക്കിയത്.
പരസ്പര ബഹുമാനത്തിലും പൊതുവായ താൽപ്പര്യങ്ങളിലും ഊന്നിയുള്ള ഇന്ത്യ-അഫ്ഗാൻ ബന്ധം സമീപ വർഷങ്ങളിൽ വലിയ പുരോഗതി നേടിയിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വിപുലമായി. എംബസികളും കോൺസുലേറ്റുകളും കൂടുതൽ സജീവമായി. കൂടാതെ, ഉന്നതതല പ്രതിനിധികൾ ഇരുരാജ്യങ്ങളിലും സന്ദർശനം തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്തിടെ അഫ്ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിച്ചതും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ സന്ദർശനത്തിലൂടെ രാഷ്ട്രീയം, സാമ്പത്തികം, മാനുഷികം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ മികച്ച ധാരണയിലെത്താൻ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഈ മുന്നേറ്റങ്ങൾ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിലെ സുപ്രധാന ചുവടുവെപ്പാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ രാഷ്ട്രീയ വിശ്വാസവും സാമ്പത്തിക പങ്കാളിത്തവും തുടർച്ചയായ സഹകരണവും അഫ്ഗാനും ഇന്ത്യക്കും മാത്രമല്ല, മേഖലയുടെ സുസ്ഥിരതയ്ക്കും കണക്റ്റിവിറ്റിക്കും അഭിവൃദ്ധിക്കും വലിയ സംഭാവന നൽകും,’ മുഫ്തി നൂർ അഹമ്മദ് നൂർ പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (പിഎഐ ഡിവിഷൻ) ആനന്ദ് പ്രകാശ് ചടങ്ങിൽ പങ്കെടുത്തു. ഇറാൻ, ഭൂട്ടാൻ, സെർബിയ എന്നീ രാജ്യങ്ങളിലെ അംബാസഡർമാരും ചൈന ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വ്യാപാരം, ഗതാഗതം, കായികം, സാംസ്കാരിക പൈതൃകം എന്നിവയിലൂടെ ഇരുരാജ്യങ്ങളും ചരിത്രപരമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. "നമ്മുടെ ചരിത്രത്തിലുടനീളം, ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പാതകൾ അറിവിന്റെയും കലയുടെയും കൈമാറ്റത്തിനുള്ള വഴികളായിരുന്നു. സാഹിത്യത്തിന്റെയും ആത്മീയതയുടെയും മൂല്യങ്ങൾ പകർന്നതും ഈ വഴികളിലൂടെയാണ്,' അദ്ദേഹം പറഞ്ഞു.
‘രാഷ്ട്രീയ രംഗത്തും ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളിൽ ഇരുരാജ്യങ്ങളും പരസ്പരം സ്വാധീനിച്ചിട്ടുണ്ട്. ഇത് നമ്മുടെ പൊതുവായ ഭൂതകാലമാണ്, ഇതിൽ നിന്നാണ് മികച്ച ഭാവിക്കായി നമ്മൾ പ്രചോദനം ഉൾക്കൊള്ളുന്നത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര വേദികളിൽ അഫ്ഗാനിസ്ഥാന്റെ അവകാശങ്ങൾക്കായി നിലകൊണ്ടതിന് അദ്ദേഹം ഇന്ത്യക്ക് നന്ദി പറഞ്ഞു. 'ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ അന്താരാഷ്ട്ര അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ബഹുമാനിക്കുന്നതിനും നൽകിയ പിന്തുണയ്ക്ക് ഇന്ത്യൻ നേതൃത്വത്തിനും വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറിനും ഞങ്ങൾ നന്ദി പറയുന്നു. അഫ്ഗാനിസ്ഥാന്റെ നിയമാനുസൃതമായ അന്താരാഷ്ട്ര അവകാശങ്ങൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അന്താരാഷ്ട്ര വേദികളിൽ അവർ ഊന്നൽ നൽകുന്നതിനെയും ഞങ്ങൾ അഭിനന്ദിക്കുന്നു. ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധയും പ്രായോഗിക ശ്രമങ്ങളും ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," അദ്ദേഹം വ്യക്തമാക്കി.
പ്രധാന മേഖലകളിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും സഹകരണം ശക്തമാക്കുന്നതിനിടെയാണ് നൂറിന്റെ ഈ പരാമർശങ്ങൾ. കഴിഞ്ഞയാഴ്ച, അഫ്ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ ചരിത്രപരവും നിലനിൽക്കുന്നതുമായ പങ്കാളിത്തം അടിവരയിട്ട് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. കാബൂളുമായുള്ള ഉഭയകക്ഷി ബന്ധം ഒന്നിലധികം മേഖലകളിൽ കൂടുതൽ ദൃഢമാക്കാൻ ന്യൂഡൽഹി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. 2021 ഓഗസ്റ്റ് 15-ന് യുഎസ് സൈന്യം പിൻവാങ്ങിയതിനെത്തുടർന്ന് അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ ഏറ്റെടുത്തിട്ട് അഞ്ച് വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഈ പരാമർശങ്ങൾ എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ന്യൂഡൽഹിയും കാബൂളും തമ്മിൽ നടന്ന ഉന്നതതല നയതന്ത്ര ചർച്ചകൾ ഉഭയകക്ഷി ബന്ധത്തിന് വലിയ ഊർജം നൽകിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അഭിപ്രായപ്പെട്ടു. ‘അഫ്ഗാനിസ്ഥാനുമായി ഞങ്ങൾക്ക് ദീർഘകാല ബന്ധമാണുള്ളത്. അവരുമായുള്ള ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam