ന്യൂയോര്‍ക്ക്: പാക് സൈനിക മേധാവി അസിം മുനീര്‍ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പാക് വ്യോമസേന മേധാവി സഹീര്‍ അഹമ്മദ് അമേരിക്കയിൽ. പ്രതിരോധ മേഖലയിൽ അമേരിക്കയുമായി കൂടുതൽ ബന്ധം സ്ഥാപിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പാക് വ്യോമസേന മേധാവി സഹീര്‍ അഹമ്മദ് ബാബര്‍ സിദ്ദു വാഷിങ്ടണിലെത്തി ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയത്.
അമേരിക്കയും പാകിസ്ഥാനും തമ്മിൽ പ്രതിരോധ മേഖലയിൽ സഹകരണം ഉറപ്പാക്കുന്നതിനായാണ് സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്. ഒരു ദശാബ്ദത്തിനുശേഷമാണ് പാകിസ്ഥാന്‍റെ വ്യോമസേന മേധാവി അമേരിക്ക സന്ദര്‍ശിക്കുന്നത്.
പഹൽഗാം ഭീകാക്രമണത്തിന് മറുപടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിനിടെയും പാകിസ്ഥാന്‍റെ പ്രത്യാക്രമണത്തിനിടെയും ചൈനീസ് നിര്‍മിത യുദ്ധോപകരണങ്ങള്‍ ഇന്ത്യൻ സൈന്യം തകര്‍ത്തിരുന്നു. ചൈനീസ് നിര്‍മിത ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനവുമടക്കം ഇന്ത്യൻ സൈന്യം തകര്‍ത്തിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് അമേരിക്കൻ യുദ്ധ സാങ്കേതിക വിദ്യകളും യുദ്ധോപകരണങ്ങളുമടക്കം വാങ്ങാൻ കൂടി ലക്ഷ്യമിട്ട് വ്യോമസേനാ മേധാവിയുടെ സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്.
പാകിസ്ഥാന്‍റെ വ്യോമസേനയെ ആധുനികവത്കരിക്കുന്നതിനായി എഫ്-16 ബ്ലോക്ക് 70 യുദ്ധവിമാനവും അമേരിക്കൻ വ്യോമ പ്രതിരോധ സംവിധാനവുമടക്കം വാങ്ങാനും ചര്‍ച്ച നടക്കുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്ഥാന്‍റെ സൈന്യത്തിന്‍റെ ആധുനികവത്കരണം, പരിശീലനം, വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങള്‍ ലക്ഷ്യമിട്ടാണ് സന്ദര്‍ശനമെന്നാണ് വിവരം.
എഐഎം-7 സ്പാരോ മിസൈലുകളും വാങ്ങാൻ പദ്ധതിയുണ്ട്. ചൈനയുടെ യുദ്ധോപകരണങ്ങള്‍ ഗുണം ചെയ്തില്ലെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം.അമേരിക്കയിലെ ഉന്നത സൈനിക-രാഷ്ട്രീയ നേതൃത്വവുമായി സഹിര്‍ അഹമ്മദ് ബാബര്‍ കൂടിക്കാഴ്ച നടത്തി. യുഎസ് വ്യോമസേന ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഡേവിഡ് അൽവിനുമായും പാക് വ്യോമസേനാ മേധാവി കൂടിക്കാഴ്ച നടത്തി.
ഇന്ത്യ-പാകിസ്ഥാൻ വെടിനിര്‍ത്തലിന് ഇടപെട്ടുവെന്ന് അവകാശപ്പെട്ട ട്രംപിന് നോബേൽ സമാധാന പുരസ്കാരത്തിന് പാകിസ്ഥാൻ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ട്രംപ് ഇടനിലക്കാരനായിട്ടുണ്ടെന്ന വാദം ഇന്ത്യ തള്ളിയിട്ടും ട്രംപ് ഇടപെട്ടുവെന്ന് ആവര്‍ത്തിക്കുകയായിരുന്നു.