
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്കും ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു. ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിനായി ഏറ്റവും വിയർപ്പൊഴുക്കിയവരിലും പണമൊഴുക്കിയവരിലും മസ്ക് ഏറെ മുന്നിലാണ്. അതുകൊണ്ടുതന്നെ രണ്ടാം വട്ടം അധികാരാത്തിലേറിയപ്പോൾ തന്‍റെ ക്യാബിനറ്റിലെ വിശേഷ പദവി നൽകിയാണ് മസ്കിനെ ട്രംപ് ആനിയിച്ചത്. എന്നാൽ ട്രംപ് ഭരണകൂടത്തിലെ നിർണായക ഘടകമായിരുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫീഷ്യന്‍സി എന്ന ഡോജിന്‍റെ തലപ്പത്ത് നിന്നും മസ്ക് പടിയിറങ്ങിയതോടെ ആ ബന്ധത്തിലെ വിള്ളലുകളാണ് പുറത്തേക്ക് വരുന്നത്. ഡോജിന്‍റെ തലപ്പത്ത് നിന്നും പടിയിറങ്ങിയ മസ്കിന്‍റെ പ്രവർത്തനെ ട്രംപ് പുകഴ്ത്തിയിരുന്നു. എന്നാൽ അതിവേഗം ഡോജ് പുനസംഘടിപ്പിച്ചിരിക്കുകയാണ് ട്രംപ് ഭരണകൂടം. മസ്ക് പടിയിറങ്ങി മണിക്കൂറുകൾക്കകം ട്രംപ് ഭരണകൂടം ഡോജ് പുനഃസംഘടിപ്പിച്ചു എന്നത് ശ്രദ്ധേയമാണ്.
വൈറ്റ് ഹൗസാണ് ഡോജിന്‍റെ പുനസംഘടനയെക്കുറിച്ച് ലോകത്തെ അറിയിച്ചത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ട്രംപിന്‍റെ ക്യാബിനറ്റ് അംഗങ്ങളുമാകും മസ്‌കിന്റെ വിടവ് നികത്തുകയെന്നാണ് വൈറ്റ് ഹൗസിന്‍റെ അറിയിപ്പ്. സര്‍ക്കാരിന്റെ ചെലവ് നിയന്ത്രിക്കുന്നതിനുളള വിഭാഗമായി ആരംഭിച്ച ഡോജ് ഇനി ട്രംപും ക്യാബിനറ്റ് സെക്രട്ടറിമാരും മുന്നോട്ടുകൊണ്ടുപോകുമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വിശദീകരിച്ചു. ട്രംപ് ക്യാബിനറ്റിലെ ഓരോ അംഗവും പ്രസിഡന്റും ഡോജിൻ്റെ ചുമതലക്കാരാണ്. അവര്‍ അനാവശ്യ ചെലവിനും അഴിമതിക്കും വഞ്ചനയ്ക്കുമെതിരെ പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും കരോലിന്‍ ലീവിറ്റ് കൂട്ടിച്ചേർത്തു.
തന്റെ ബിസിനസ് സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് ശതകോടീശ്വരനും ടെസ്‍ല സി ഇ ഒയുമായ ഇലോൺ മസ്‌ക് ഡോജിൽ നിന്ന് രാജിവച്ചത്. ഡോജിലെ തന്റെ സമയം അവസാനിച്ചെന്നും ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ തന്റെ കടമ നിര്‍വഹിച്ചുവെന്നും പറഞ്ഞുകൊണ്ടാണ് മസ്‌ക്, ഡോജിന്റെ പടിയിറങ്ങിയത്. പാഴ്‌ച്ചെലവുകള്‍ കുറയ്ക്കാന്‍ ട്രംപ് നല്‍കിയ അവസരം തന്നാൽ കഴിയും വിധം ചെയ്തെന്ന് വ്യക്തമാക്കിയ മസ്‌ക്, ട്രംപിന് നന്ദിയും പറഞ്ഞിരുന്നു. ഡോജ് ദൗത്യം കാലക്രമേണ ശക്തിപ്പെടുമെന്നും അത് അമേരിക്കയുടെ ഒരു ജീവിതരീതിയായി മാറിക്കഴിഞ്ഞെന്നും മസ്ക് അഭിപ്രായപ്പെട്ടിരുന്നു. മസ്‌ക് ഡോജില്‍ നിന്ന് പടിയിറങ്ങിയെങ്കിലും അദ്ദേഹം എപ്പോഴും യു എസ് സര്‍ക്കാരിനൊപ്പമുണ്ടാകുമെന്നും എല്ലാവിധത്തിലും അദ്ദേഹം സഹായിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്. ഇലോണ്‍ മസ്‌ക് മികച്ചയാളാണെന്നും ട്രംപ് വിശേഷിപ്പിച്ചിരുന്നു. മസ്കിനൊപ്പം വാർത്താസമ്മേളനം നടത്തിയ അമേരിക്കൻ പ്രസിഡന്‍റ്, സ്ഥാനമൊഴിഞ്ഞത് ഗംഭീര പ്രവർത്തനം നടത്തിയ ശേഷമാണെന്നും അഭിപ്രായപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam