പാകിസ്ഥാനെ പിന്തുണച്ച തുർക്കിക്ക് ആകാശത്ത് ഇന്ത്യയുടെ വക വമ്പൻ പണി, തുർക്കി എയലൈൻസുമായുള്ള കരാർ റദ്ദാക്കും

Published : May 30, 2025, 09:33 PM IST
പാകിസ്ഥാനെ പിന്തുണച്ച തുർക്കിക്ക് ആകാശത്ത് ഇന്ത്യയുടെ വക വമ്പൻ പണി, തുർക്കി എയലൈൻസുമായുള്ള കരാർ റദ്ദാക്കും

Synopsis

മൂന്ന് മാസത്തിനകം ബോയിം​ഗ് 777 വിമാനങ്ങൾ ലീസിനെടുത്ത കരാർ റദ്ദാക്കാനാണ് നിർദേശം. ഇൻഡി​ഗോ കമ്പനി ഇക്കാര്യത്തിൽ 6 മാസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുവദിച്ചില്ല

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന്‍റെയും ഓപ്പറേഷൻ സിന്ദൂറിന്‍റെയും പശ്ചാത്തലത്തിൽ ശക്തമായ ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിനിടെ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിൽ തുർക്കിയോടുള്ള നിലപാട് കടുപ്പിച്ച് ഇന്ത്യ. തുർക്കി കമ്പനിക്കെതിരെ വീണ്ടും നടപടിക്ക് കേന്ദ്ര സർക്കാരിന്‍റെ നിർദ്ദേശം. തുർക്കി എയർലൈൻസുമായുള്ള കരാർ റദ്ദാക്കാൻ ഇൻഡി​ഗോയ്ക്കാണ് ഡി ജി സി എ നിർദേശം നൽകിയത്. മൂന്ന് മാസത്തിനകം ബോയിം​ഗ് 777 വിമാനങ്ങൾ ലീസിനെടുത്ത കരാർ റദ്ദാക്കാനാണ് നിർദേശം. ഇൻഡി​ഗോ കമ്പനി ഇക്കാര്യത്തിൽ 6 മാസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുവദിച്ചില്ല. ഇനി കരാർ നീട്ടരുതെന്ന് കർശന നിർദേശവും ഡി ജി സി എ നൽകിയിട്ടുണ്ട്. നേരത്തെ തുർക്കി കമ്പനിയായ സെലെബിയുമായുള്ള വിമാനത്താവളങ്ങളിലെ ​ഗ്രൗണ്ട് ഹാൻഡ്ലിം​ഗ് കരാറും റദ്ദാക്കിയിരുന്നു.

നേരത്തെ പാകിസ്ഥാന് പരസ്യപിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ യാത്രകൾ ബഹിഷ്കരിച്ച് ഇന്ത്യൻ വിനോദസഞ്ചാരികൾ തുർക്കിക്ക് വലിയ തിരിച്ചടി നൽകിയിരുന്നു. ഇന്ത്യൻ വിനോദസഞ്ചാരികളുടെ പിന്മാറ്റം തുർക്കിയുടെ ടൂറിസം മേഖലക്ക് വലിയ പ്രതിസന്ധിയാണ് സമ്മാനിച്ചത്. ഇന്ത്യൻ സഞ്ചാരികൾ ഇപ്പോളും തുർക്കിയ്ക്ക് സമാനമായ അന്തരീക്ഷവും കുറഞ്ഞ ചെലവുമുള്ള മറ്റ് സ്ഥലങ്ങൾ തെരഞ്ഞെടുക്കുകയാണ്. പ്രധാനമായും ​ഗ്രീസും ഈജിപ്തുമാണ് ഇന്ത്യക്കാർ ബദലായി കണക്കാക്കുന്നത്. 2024 ൽ 3.3 ലക്ഷം ഇന്ത്യക്കാരാണ് തുർക്കി സന്ദർശിച്ചത്. ഇതേ കാലയളവിൽ 2.4 ലക്ഷം ഇന്ത്യക്കാർ അസർബൈജാനും സന്ദർശിച്ചു. ഇത് ഈ രാജ്യങ്ങളുടെ ടൂറിസം സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവനയാണ് നൽകിയത്. കഴിഞ്ഞ വർഷം തുർക്കിയുടെയും അസർബൈജാന്റെയും ടൂറിസം സമ്പദ്‌വ്യവസ്ഥയ്ക്ക് 69 ബില്യണിലധികമായിരുന്നു ഇന്ത്യക്കാരുടെ മാത്രം സംഭാവന. എന്നാൽ പാകിസ്ഥാന് പരസ്യ പിന്തുണ പ്രഖ്യാപിച്ച ശേഷം ഇത് കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

ഇന്ത്യ - പാക് സംഘർഷ കാലത്ത് തുർക്കിയെടുത്ത നിലപാട്

എർദോഗന്‍റെ തുർക്കി എന്നും പാകിസ്ഥാൻ പക്ഷപാതികളായിരുന്നു. പഹൽഗാം ആക്രമണത്തിന് ശേഷം ലോകം മുഴുവൻ ഭീകരവാദത്തെ അപലപിച്ചിട്ടും ഇസ്താംബുൾ - ഇസ്ലാമാബാദ് ബന്ധം ശക്തമായി തുടർന്നു. ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാൻ ഉപയോഗിക്കുന്ന ആയുധങ്ങളും തുർക്കിഷ് സംഭാവനയെന്നാണ് പുറത്തുവന്ന വിവരങ്ങൾ. പാകിസ്ഥാന്‍റെ എഫ് 16 വിമാനങ്ങളുടെ അപ്ഗ്രഡേഷൻ സഹായിയും തുർക്കിയാണ്. പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ എപ്പോൾ തിരിച്ചടിക്കും എന്ന ആശങ്കയിൽ ഇസ്ലാമാബാദിന്‍റെ ഉറക്കം നഷ്ടപ്പെട്ടപ്പോൾ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വീട്ടിൽ വിളിച്ച് വരുത്തി ഉപദേശം തേടിയിരുന്നത് തുർക്കി അംബാസിഡറോടായിരുന്നു. നന്ദികെട്ട രാജ്യമാണ് തുർക്കിയെന്നാണ് ഇന്ത്യയുടെ വിലയിരുത്തലെന്ന് പറയാം. 2023 ൽ തുർക്കിയെ നടുക്കിയ ഭൂകമ്പത്തിൽ രക്ഷാ പ്രവർത്തനത്തിന് ആദ്യം എത്തിയ രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയായിരുന്നു. ഓപ്പറേഷൻ ദോസ്ത് എന്നാണ് ഇന്ത്യ അതിന് പേരിട്ടത്. ഏത്രയോ മനുഷ്യരെ ഇന്ത്യ മണ്ണടരുകളിൽ നിന്നും കോണ്‍ക്രീറ്റ് പാളികളിൽ നിന്നും അന്ന് പുറത്തെടുത്തു. എന്നിട്ടും തുർക്കി എന്നും ഇന്ത്യക്കെതിരായ പാകിസ്ഥാന്‍റെ നീക്കങ്ങൾക്കാണ് പിന്തുണ നൽകിയിരുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാൻ അനുകൂല നിലപാട് പരസ്യമായി കൈകൊണ്ട നേതാവായിരുന്നു തയിബ് എർദോഗൻ .എന്‍റെ സഹോദരങ്ങൾക്കായി ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നായിരുന്നു എർദോഗൻ പറഞ്ഞത്. ഷഹബാസ് ഷെരീഫിന്‍റെയും അസീം മുനീറിന്‍റെയും ചങ്ക് ബ്രോയെന്ന വിശേഷണം ഏറ്റവും ചേരുകയും എർദോഗനായിരിക്കും. ഇന്ന് ലോകത്ത് ഏറ്റവും അധികം ശത്രുക്കളുള്ള രാഷ്ട്രങ്ങളിൽ ഒന്നാണ് തുർക്കി. അയൽക്കാരൊക്കെയും തുർക്കി അടിക്കാൻ തക്കം പാർക്കുകയാണ്. ഇന്ത്യയെ കൂടി ശത്രുവാക്കിയത് വിനാശകാലത്ത് എർദോഗന്‍റെ വിപരീത ബുദ്ധിയാണെന്ന വിലയിരുത്തലാണ് ആഗോള തലത്തിൽ ഉയർന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പാകിസ്ഥാന് നന്ദി': ഗാസയിലേക്ക് സേനയെ അയയ്ക്കാമെന്ന പാക് ഓഫറിനെ കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
ഇറാനെതിരെ പുതിയ ആക്രമണത്തിന് കോപ്പുകൂട്ടി ഇസ്രയേൽ? ട്രംപുമായി നെതന്യാഹുവിന്‍റെ നിർണായക കൂടിക്കാഴ്ച, ആക്രമണ പദ്ധതി വിവരിക്കാനെന്ന് റിപ്പോർട്ട്