ഇന്ധനവില കുതിച്ചു, ചായകുടി നിയന്ത്രിക്കാൻ സർക്കാർ, സർവത്ര വിലക്കയറ്റം; ശ്രീലങ്കയുടെ വഴിയേ പാകിസ്ഥാനും?

Published : Jun 17, 2022, 05:31 PM ISTUpdated : Jun 17, 2022, 05:37 PM IST
ഇന്ധനവില കുതിച്ചു, ചായകുടി നിയന്ത്രിക്കാൻ സർക്കാർ, സർവത്ര വിലക്കയറ്റം; ശ്രീലങ്കയുടെ വഴിയേ പാകിസ്ഥാനും?

Synopsis

ധനക്കമ്മി നിയന്ത്രിക്കുന്നതിനും അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) സഹായം സുഗമമായി ലഭിക്കാനും കര്‍ശന സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് പാകിസ്ഥാന്‍.

ഇസ്ലാമാബാദ്: ശ്രീലങ്കക്ക് പിന്നാലെ പാകിസ്ഥാനും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങൾ. 22 കോടി ജനങ്ങളുള്ള പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. രാജ്യത്തിന്‍റെ ധനകമ്മി കൂടുകയാണ്. ജൂലൈയിൽ ആരംഭിക്കുന്ന 2022/23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പാകിസ്ഥാന്‍ ധനമന്ത്രി തന്നെയാണ് ഈ കാര്യം അറിയിച്ചത്. ധനക്കമ്മി നിയന്ത്രിക്കുന്നതിനും അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) സഹായം സുഗമമായി ലഭിക്കാനും കര്‍ശന സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് പാകിസ്ഥാന്‍. സമ്പന്നർക്ക് നികുതി വർധിപ്പിക്കുമെന്നും സർക്കാർ ഉദ്യോഗസ്ഥരെ പുതിയ കാറുകൾ വാങ്ങുന്നതിൽ നിന്ന് വിലക്കുമെന്നുമാണ് പാക്കിസ്ഥാൻ ധനമന്ത്രി മിഫ്താ ഇസ്മായിൽ കഴിഞ്ഞ ദിവസം പറഞ്ഞത്. 

പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

കഴിഞ്ഞ ദിവസം  പാകിസ്ഥാൻ സർക്കാർ ഇന്ധന വില 29 ശതമാനം വരെ ഒറ്റയടിക്ക് വർധിപ്പിച്ചു. ധനക്കമ്മി കുറയ്ക്കുന്നതിനും സമ്പദ്‌വ്യവസ്ഥക്ക് ഐഎംഎഫിൽ നിന്ന് സഹായം തേടാനുമാണ് ഇന്ധന സബ്‌സിഡി എടുത്തുകളഞ്ഞത്. മൂന്നാം തവണയാണ് 20 ദിവസത്തിനിടെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ധന സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നത്.  വർധിപ്പിച്ച വില ബുധനാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. പെട്രോൾ വിലയിൽ ലിറ്ററിന് 24 രൂപയും ഹൈ സ്പീഡ് ഡീസൽ ലിറ്ററിന് 59.16 രൂപയും (എച്ച്എസ്ഡി) വൻതോതിൽ വർധിപ്പിച്ചു. മെയ് 25 മുതൽ പെട്രോളിയം വിലയിൽ  60 രൂപ വർധിച്ചിരുന്നു. അതിനു മുകളിലാണ് ഏറ്റവും പുതിയ വർധനവ്. വില വർധിച്ചതോടെ പെട്രോൾ വില ലിറ്ററിന് 233.89 രൂപയും ഡീസൽ വില ലിറ്ററിന് 263.31 രൂപയും മണ്ണെണ്ണ ലിറ്ററിന് 211.47 രൂപയിലുമെത്തി. ഇന്ധനത്തിന് ഇതുവരെ നൽകിയിരുന്ന എല്ലാ സബ്സിഡിയും എടുത്ത് കളഞ്ഞെന്ന് സർക്കാർ അറിയിച്ചു. വായ്പാ പിന്തുണ ലഭിക്കുന്നതിനായി  അന്താരാഷ്ട്ര നാണയ നിധിയുമായി കരാറിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ധനകാര്യ മന്ത്രി മിഫ്താ ഇസ്മായിൽ പറഞ്ഞു. 

ഐ‌എം‌എഫുമായി മോശമായ ഇടപാട് നടത്തിയവർ കാരണം സർക്കാറിന് മുന്നിൽ മറ്റു വഴികളില്ലെന്ന് പ്രധാനമന്ത്രി ഷെരീഫ് പറഞ്ഞു. മുൻ ഇമ്രാൻ ഖാൻ സർക്കാർ ഐഎംഎഫുമായി തെറ്റായ കരാർ ഉണ്ടാക്കി. അതുകൊണ്ടു തന്നെ സമ്പദ്‌വ്യവസ്ഥയെ ശരിയായ പാതയിൽ എത്തിക്കാൻ എണ്ണവില കൂട്ടാൻ സർക്കാർ നിർബന്ധിതരായെന്നും ധനമന്ത്രി ഇസ്മായിൽ കുറ്റപ്പെടുത്തി. ഇന്ധന വിലവർധനവിൽ മധ്യവർ​ഗം ബുദ്ധിമുട്ട് നേരിടുമെങ്കിലും സർക്കാറിന്റെ സാമ്പത്തിക സ്ഥിതി സുസ്ഥിരമാകുമെന്നും  മന്ത്രി പറഞ്ഞു. 

2019 ൽ ഒപ്പുവച്ച 6 ബില്യൺ യുഎസ് ഡോളറിന്റെ സഹായ പാക്കേജ് പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം അം​ഗീകരിക്കണമെങ്കിൽ  പെട്രോളിയത്തിന് നൽകിയിരുന്ന എല്ലാ സബ്‌സിഡികളും ഒഴിവാക്കണമെന്നായിരുന്നു ഐഎംഎഫിന്റെ ആവശ്യം. സബ്സിഡി നീക്കിയാലും  ശമ്പളം വാങ്ങുന്നവർക്ക് നികുതിയിളവ് നൽകുന്നതുൾപ്പെടെയുള്ള പാക് ബജറ്റിലെ നിർദേശങ്ങളിൽ ഐഎംഎഫ് അതൃപ്തരാണ്. ഐഎംഎഫിന്റെ എതിർപ്പിനെ തുടർന്ന് ശമ്പളക്കാരായ വിഭാഗത്തിന് നൽകിയിട്ടുള്ള കടുത്ത നികുതിയിളവ് പിൻവലിക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. പുതുക്കിയ നികുതി സ്ലാബുകളും മറ്റ് നിർദ്ദേശങ്ങളും ഐഎംഎഫിന് സമർപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബജറ്റിൽ, പരമാവധി നികുതി നിരക്ക് 35 ശതമാനത്തിൽ നിന്ന് 32.5 ശതമാനമായി കുറച്ചുകൊണ്ട് ഉയർന്ന ശമ്പളമുള്ള വ്യക്തികൾക്ക് നികുതി നിരക്കുകളുടെ കാര്യത്തിൽ സർക്കാർ ഇളവ് നൽകിയിരുന്നു. നിർദിഷ്ട ബജറ്റിൽ സ്ലാബുകളുടെ എണ്ണം 12ൽ നിന്ന് ഏഴായി കുറച്ചു. 

അതിനിടെ, സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികളുടെ ഭാഗമായി പൗരന്മാരോട് ചായ കുടി കുറയ്ക്കാനും പാകിസ്ഥാൻ ഗവണ്മെന്റ്. ആവശ്യപ്പെട്ടു. ഷെഹ്ബാസ് ശരീഫ് മന്ത്രിസഭയിലെ പ്ലാനിങ് വകുപ്പ് മന്ത്രിയായ ഇഹ്‌സാൻ ഇക്‌ബാൽ ആണ് ജനങ്ങളോട്  ദിവസേന ഒന്നോ രണ്ടോ കപ്പുമാത്രമായി ചായകുടി ചുരുക്കണം എന്ന് അഭ്യർത്ഥിച്ചത്. ലോകത്തിലെ ഏറ്റവും വലിയ തേയില ഇറക്കുമതി രാജ്യങ്ങളിൽ ഒന്നായ പാകിസ്ഥാൻ, ഈ ഇനത്തിൽ മാത്രം ചെലവിടുന്നത് വർഷാവർഷം 600 മില്യൺ ഡോളറാണ്. 'തേയില ഇറക്കുമതി ചെയ്യാൻ പണം കടം വാങ്ങേണ്ട സ്ഥിതിയാണ്. ജനങ്ങൾ ഒന്ന്-രണ്ട് കപ്പ് ചായ കുറയ്ക്കണമെന്നാണ് അഭ്യർത്ഥന'- ആസൂത്രണ വിഭാഗം മന്ത്രി അഹ്സാൻ ഇഖ്ബാൽ പറഞ്ഞു. മന്ത്രിയുടെ ഈ നിർദേശം പാകിസ്താനിലെ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത പ്രതിഷേധങ്ങൾക്ക് കാരണമായി.

സാമ്പത്തിക പ്രതിസന്ധി; പൗരന്മാരോട് ചായ കുടി കുറയ്ക്കാൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ സര്‍ക്കാര്‍ 

PREV
Read more Articles on
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം