
വാഷിങ്ടൻ: അമേരിക്കൻ മുൻ പ്രസിഡന്റ് പ്രസിഡന്റ് റൊണാൾഡ് റീഗനെ വധിക്കാൻ ശ്രമിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചുവരികയായിരുന്ന ജോൺ ഹിൻക‍്‍ലിക്ക് 41 വർഷത്തിനുശേഷം മോചനം. 1981 മാർച്ച് 30നാണ് റീഗന് നേരെ വധശ്രമമുണ്ടായത്. ശ്വാസകോശത്തിൽ വെടിയേറ്റ റീഗൻ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. വാഷിങ്ടണിലെ ഒരു ഹോട്ടലിലെ പൊതുപരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ ഉടൻ ഹിൻക‍്‍ലി പ്രസിഡന്റിനു നേരെ വെടിയുതിർക്കുകയായിരുന്നു. റീഗനൊപ്പമുണ്ടായിരുന്ന പ്രസ് സെക്രട്ടറി ജയിംസ് ബ്രാഡിക്കും വെടിയേറ്റു. ശസ്ത്രക്രിയയിലൂടെയാണ് റീഗന്റെ ശ്വാസകോശത്തിൽ നിന്നും വെടിയുണ്ട നീക്കം ചെയ്തത്. 6 വെടിയേറ്റ് തലയോടു തകർന്ന ബ്രാഡിയും രക്ഷപ്പെട്ടെങ്കിലും ശിഷ്ടജീവിതം സാധാരണ നിലയിലായില്ല. 2 സുരക്ഷാ ഉദ്യോഗസ്ഥർക്കും പരുക്കേറ്റിരുന്നു. ബ്രാഡി 2014ലാണ് മരിച്ചത്. സംഭവത്തിന് ശേഷം ബ്രാഡിയും ഭാര്യയും രാജ്യത്ത് തോക്ക് നിയന്ത്രണത്തിനായി ആരംഭിച്ച കാമ്പയിൻ മാധ്യമശ്രദ്ധ നേടി.
വധശ്രമം നടന്ന തൊട്ടടുത്ത വർഷം തന്നെ മനോദൗർബല്യമുള്ളയാളാണെന്നു കണ്ടതിനെ തുടർന്ന് വിചാരണക്കോടതി 1982 ൽ ഹിൻക‍്‍ലിയെ ചികിത്സക്ക് അയച്ചു. മനോദൗർബല്യമുള്ളയാളാണെന്ന് കണ്ടെത്തിയ കോടതി ഇയാളെ ശിക്ഷയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് ചികിത്സക്കായി വാഷിംഗ്ടണിലെ സെന്റ് എലിസബത്ത് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ആശുപത്രിയിൽ 34 വർഷമാണ് ചികിത്സ നടത്തിയത്. തുടർന്ന് 2016 ൽ കോടതി ഉപാധികളോടെ ജാമ്യം നൽകി. കഴിഞ്ഞ വർഷം അമ്മ മരിക്കുംവരെ വെർജിനീയയിൽ അവർക്കൊപ്പമായിരുന്നു താമസം. ഇക്കാലമത്രയും ഇയാളെ അധികൃതർ നിരീക്ഷിച്ചു. രോഗം പൂർണമായി സുഖമാായതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ഇയാളെ മോചിപ്പിക്കാൻ ഫെഡറൽ കോടതി ഉത്തരവിട്ടു. റീഗന്റെ കുടുംബത്തിന്റെ എതിർപ്പ് മറികടന്ന് ബുധനാഴ്ച ഉത്തരവ് നടപ്പിലാക്കി.
‘41 വർഷവും രണ്ടു മാസവും 15 ദിവസവും നീണ്ട തടവ് ജീവിതത്തിന് അവസാനായെന്ന് മോചിതനായ ശേഷം 67 കാരനായ ഹിൻക‍്‍ലി ട്വിറ്ററിൽ എഴുതി. സംഗീതജ്ഞനായ ഹിൻക്ലി പാട്ടുകൾ എഴുതി ഗിറ്റാർ വായിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. അടുത്ത മാസം ന്യൂയോർക്ക് ഹോട്ടലിൽ സംഗീത പരിപാടി അവതരിപ്പിക്കുമെന്ന് അറിയിച്ചെങ്കിലും ഭീഷണിയെ തുടർന്ന് പരിപാടി റദ്ദാക്കി.