Ukraine Crisis: യുക്രൈൻ നഗരങ്ങളിൽ വീണ്ടും ജാ​ഗ്രതാ നിർദേശം;സമാധാന ചർച്ചകൾക്കായി യുക്രൈൻ സംഘം ബെലാറൂസിൽ

Web Desk   | Asianet News
Published : Feb 28, 2022, 12:06 PM IST
Ukraine Crisis: യുക്രൈൻ നഗരങ്ങളിൽ വീണ്ടും ജാ​ഗ്രതാ നിർദേശം;സമാധാന ചർച്ചകൾക്കായി യുക്രൈൻ സംഘം ബെലാറൂസിൽ

Synopsis

സമാധാന ചർച്ചകൾക്കായി യുക്രൈൻ സംഘം ബെലാറൂസിലെത്തിയതായി റിപ്പോർട്ടുകളുണ്ട്. ചൈനീസ് ഔദ്യോ​ഗിക മാധ്യമമായ സി ജി ടി എൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റഷ്യൻ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്

യുക്രൈൻ: റഷ്യയുടെ(russia) രൂക്ഷമായ യുദ്ധം (war)തുടരുന്ന യുക്രൈൻ നഗരങ്ങളിൽ (ukraine cities)വീണ്ടും ജാഗ്രതാ(alert) നിർദേശം. വ്യോമാക്രമണ (airstrike)മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ലുഹാൻസ് മേഖല, സ്യോതോമർ,ചെർകാസി, ഡിനിപ്രോ കാർക്കീവ് എന്നിവിടങ്ങളിൽ ആണ് വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എത്രയും പെട്ടന്ന് അടുത്തുള്ള ഷെൽറ്ററുകളിൽ എത്താൻ നിർദേശം നൽകിയിട്ടുണ്ട്.സാപോർഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായി.

യുക്രൈനു നേരെ യുദ്ധം രൂക്ഷമാക്കിയ റഷ്യക്കെതിരെ മിക്ക രാജ്യങ്ങളും ഉപരോധം കടുപ്പിച്ചെങ്കിലും പുടിൻ വിട്ടുവീഴ്ചക്ക് തയാറായിട്ടില്ല. എന്നുമാത്രവുമല്ല കൂടുതൽ മേഖലകൾ പിടിച്ചെടുക്കാനുള്ള പടയോട്ടം തുടരുകയുമാണ്. 

പൂർണ്ണമായും റഷ്യൻ സൈനികരാൽ ചുറ്റപ്പെട്ടതോടെ യുക്രൈൻ തലസ്ഥാനമായ കീവിൽ സ്ഥിതി അതീവ ഗുരുതരമായി. ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കീവിലേക്ക് എത്തിക്കാനാകുന്നില്ല. സഞ്ചാര മാർഗങ്ങൾ അടഞ്ഞതിനാൽ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് എളുപ്പമല്ലെന്ന് കീവ് മേയർ പറഞ്ഞു. കൊടും തണുപ്പിൽ വൈദ്യുതി കൂടി നിലച്ചാൽ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്നും മേയർ പറയുന്നു. 

ഇതിനിടെ സമാധാന ചർച്ചകൾക്കായി യുക്രൈൻ സംഘം ബെലാറൂസിലെത്തിയതായി റിപ്പോർട്ടുകളുണ്ട്. ചൈനീസ് ഔദ്യോ​ഗിക മാധ്യമമായ സി ജി ടി എൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റഷ്യൻ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ നടന്ന ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞിരുന്നു. എന്നാലും സമാധാനത്തിനായി താൻ ശ്രമിച്ചില്ലെന്ന് യുക്രൈൻ ജനത കുറ്റപ്പെടുത്തരുതെന്ന് ആ​ഗ്രഹമുണ്ടെന്നും അതിനായി ഒരു ശ്രമം എന്നുമാണ് സെലൻസ്കി പറഞ്ഞത്.

യുക്രൈൻ പ്രതിസന്ധി ഇന്ധന വിതരണത്തെ ബാധിക്കുമെന്ന് ആശങ്കയിൽ യൂറോപ്യൻ യൂണിയൻ.യൂറോപ്യൻ യൂണിയനിലെ ഊർജ മന്ത്രിമാർ അടിയന്തര യോഗം ചേരും. ഇന്ന് ബ്രസൽസിൽ വച്ചാണ് യോ​ഗം ചേരുന്നത്. 

യൂറോപ്യൻ യൂണിയൻ അവരുടെ 40 ശതമാനം ഇന്ധന ആവശ്യങ്ങൾക്കും റഷ്യയെയാണ് ആശ്രയിക്കുന്നത്. പല രാജ്യങ്ങളും റഷ്യക്കെതിരെ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് പിന്നാലെ പുടിൻ എണ്ണ കയറ്റുമതി നിർത്തിവച്ചേക്കുമെന്നാണ് ആശങ്ക

ഇതിനിടെ റഷ്യയുടെ യുദ്ധ നടപടിക്കെതിരെ ഐക്യരാഷ്ട്ര പൊതുസഭ ഇന്ന് അടിയന്തര യോഗം ചേരും. റഷ്യ, യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം ചർച്ച ചെയ്യും. യുക്രൈൻ ജനത നേരിടുന്ന മാനുഷിക പ്രശ്നങ്ങളും ചർച്ചയാകും. ഇന്ന് രാത്രിയോടെയാണ് യോഗം ചേരുക. റഷ്യ യുക്രൈൻ വിഷയം യു എൻ പൊതുസഭയിൽ ചർച്ചക്ക് കൊണ്ടുവരണമോ എന്ന് തീരുമാനിക്കാൻ സുരക്ഷാ സമിതി ഇന്നലെ യോഗം ചേർന്നിരുന്നു. ഇന്ത്യയും ചൈനയും യു എ ഇയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. റഷ്യ എതിർത്ത് വോട്ട് ചെയ്തു

ഷ്യയുടെ അതിരൂക്ഷ ആക്രമണം നേരിടുന്ന യുക്രൈന് ഇന്ത്യയുടെ പരിപൂർണ പിന്തുണ ഇല്ല. റഷ്യ യുദ്ധം നിർത്തണമെന്ന പ്രമേയം പാസാക്കാനായി ഇന്ന് ചേരുന്ന ഐക്യരാഷ്ട്ര പൊതുസഭയിലും നിഷ്പക്ഷ നിലപാട് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി.

നേരത്തേയും ഇന്ത്യ ഇത്തരമൊരു നിഷ്പക്ഷ നിലപാടാണ് തുടർന്നിരുന്നത്. ഐക്യരാഷ്ട്ര സഭയിൽ റഷ്യയ്ക്കെതിരായ പ്രമേയത്തിൻറെ വോട്ടെടുപ്പിൽ നിന്ന് നേരത്തെ ഇന്ത്യ നവിട്ടു നിന്നിരുന്നു. ഇങ്ങനെ വിട്ടു നിന്നത് സമാധാന ശ്രമങ്ങൾക്ക് ഇടം നൽകാനെന്നായിരുന്നു ഇന്ത്യുടെ നിലപാട്യ. റഷ്യയെ പിണക്കിയത് കൊണ്ട് ഒരു കാര്യവുമില്ലെന്നും അന്ന് ഇന്ത്യ വിലയിരുത്തി. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങളാണ് റഷ്യക്കെതിരായ യുഎൻ പ്രമേയത്തിൻറെ വോട്ടെടുപ്പിൽ നിന്ന് അന്ന് വിട്ടുനിന്നത്.


 

PREV
Read more Articles on
click me!

Recommended Stories

മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ
കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ