Ukraine Crisis : മാള്‍ഡോവയിലും അഭയം തേടി ഇന്ത്യക്കാര്‍;സൈനിക ആശുപത്രിയില്‍ താമസം ഒരുക്കിയെന്ന് വിദ്യാര്‍ത്ഥിനി

By Web TeamFirst Published Feb 28, 2022, 10:26 AM IST
Highlights

അലീന അടക്കം 45  പേര്‍ ബസിലാണ് മാള്‍ഡോവയിലെത്തിയത്. അവിടെ സൈനിക ആശുപത്രിയില്‍ തങ്ങള്‍ക്ക് താമസ സൌകര്യമൊരുക്കിയെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു.

കീവ്: യുദ്ധം രൂക്ഷമായ യുക്രൈനില്‍ (Ukraine) നിന്ന് ഏതുവിധേനയും സ്വന്തം ദേശത്ത് എത്താനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങള്‍. ഓപ്പറേഷന്‍ ഗംഗ (Operation Ganga) എന്ന പേരില്‍ യുക്രൈനില്‍ നിന്ന് ജനങ്ങളെ ഇന്ത്യ ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെ യുക്രൈനില്‍ നിന്നെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാള്‍ഡോവ അഭയം നല്‍കിയതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. അതിര്‍ത്തി കടക്കാന്‍ കഴിഞ്ഞതായി മലയാളി വിദ്യാര്‍ത്ഥി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

യുക്രൈനില്‍ നിന്ന് മാള്‍ഡോവയിലെത്തിയ അലീനയാണ് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചത്. അലീന അടക്കം 45 പേര്‍ ബസിലാണ് മാള്‍ഡോവയിലെത്തിയത്. അവിടെ സൈനിക ആശുപത്രിയില്‍ തങ്ങള്‍ക്ക് താമസ സൌകര്യമൊരുക്കിയെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. സ്വന്തം റിസ്കിലാണ് മാള്‍ഡോവയിലെത്തിയത്. യുക്രൈന്‍ വിട്ടതോടെ ആശ്വാസമായെന്നും ഒഡേസയിലുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം മാള്‍ഡോവയിലെത്തിയിട്ടുണ്ടെന്നും അലീന പറഞ്ഞു. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വൈകാതെ മാള്‍ഡോവയിലെത്തും. ഉദ്യോഗസ്ഥരത്തിയതിന് ശേഷം വിദ്യാര്‍ത്ഥികളെ റൊമേനിയയിലേക്ക് കൊണ്ടുപോകാനാണ് നീക്കും. തുടര്‍ന്ന് വിമാനത്തില്‍ ഇന്ത്യയിലേക്ക് എത്തിക്കും.മാള്‍ഡോവയില്‍ നിന്ന് വൈകാതെ തന്നെ രക്ഷാദൌത്യം ആരംഭിക്കുമെന്നാണ് വിവരം. 

അതേസമയം റൊമേനിയയിൽ നിന്ന് രക്ഷാപ്രവര്‍ത്തനത്തിലുള്ള അഞ്ചാമത്തെ വിമാനവും ഇന്ന് ദില്ലിയിൽ എത്തി. 249 ഇന്ത്യക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 12 പേർ മലയാളികളാണ്. ഇതോടെ യുദ്ധഭൂമിയായി മാറിയ യുക്രൈനിൽ നിന്നും ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 1157 ആയി. ഇവരിൽ 93 പേർ മലയാളികളാണ്. മൂന്ന് ദിവസത്തിനുള്ളിൽ 7 വിമാനങ്ങൾ കൂടി രക്ഷാദൌത്യത്തിന്റെ ഭാഗമാകും. യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ വലയുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത് ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി അടിയന്തര യോഗം ചേർന്നിരുന്നു.  യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൌരൻമാരെ തിരിച്ചെത്തിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന അജണ്ടയെന്നായിരുന്നു യോഗത്തിലെ തീരുമാനം. 

രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ യോഗം രണ്ട് മണിക്കൂർ നീണ്ടുനിന്നു. ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ എന്തൊക്കെ കാര്യം ചെയ്യണമെന്ന് യോഗം ചർച്ച ചെയ്കു. രക്ഷാ ദൗത്യം എങ്ങനെ പുരോഗമിക്കുന്നുവെന്നതും യോഗം   വിലയിരുത്തി. വിവിധ മുഖ്യമന്ത്രിമാർ നൽകിയ കത്തുകളും യോഗത്തിൽ ചർച്ചയായി. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാൻ കൂടുതൽ ലോക രാജ്യങ്ങളുടെ സഹകരണം തേടാൻ തീരുമാനിച്ചു. റഷ്യയുടെ ഭാഗത്ത് നിന്നുള്ള സഹകരണം എങ്ങനെയാകും എന്നതും യോഗം ചർച്ച ചെയ്തു. കൂടുതൽ സമ്മ‍ർദ്ദം ചെലുത്തുന്ന കാര്യവും യോഗത്തിൽ ചർച്ചയായി.

യുദ്ധം ആരംഭിച്ച ശേഷം യുക്രൈനിൽ കുടുങ്ങിയ 82 വിദ്യാർഥികൾ ഇന്നലെ കേരളത്തിലെത്തി. ദില്ലി വഴി 56 പേരും മുംബൈ വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിയത്. കൊച്ചിയിലെത്തിയ ആദ്യ സംഘത്തിൽ പതിനൊന്ന് പേരാണ് ഉൾപ്പെട്ടിരുന്നത്. തിരുവനന്തപുരത്ത് വൈകുന്നേരം ആറരയോടെ 19 പേരും രാത്രി എട്ടരയോടെ ആറു പേരും വിമാനമിറങ്ങി. നെടുമ്പാശ്ശേരിയിൽ മന്ത്രി പി രാജീവും തിരുവനന്തപുരത്ത് മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ, എന്നിവരും വിദ്യാർഥികളെ സ്വീകരിച്ചു. തിരിച്ചെത്തിയതിൽ ആശ്വാസമുണ്ടെന്നും എന്നാൽ എല്ലാവരും നാട്ടിലെത്തിയെന്നറിഞ്ഞാൽ മാത്രമേ സന്തോഷിക്കാനാകുവെന്നും വിദ്യാർഥികൾ പറഞ്ഞു. 

click me!