
ടെഹ്റാൻ: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്‍റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ആക്രമണം നടത്തുമെന്ന ഭീഷണി ഇസ്രായേൽ നടപ്പിലാക്കിയാൽ പ്രത്യാഘാതം കഠിനമായിരിക്കുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്. ഇസ്രായേൽ സൈന്യം ബെയ്റൂട്ടിൽ ആക്രമണം നടത്തിയാൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇറാന്‍റെ സെൻട്രൽ മിലിട്ടറി കമാൻഡ് വടക്കൻ ഇസ്രായേലിലെ താമസക്കാർക്ക് നിർദ്ദേശം നൽകി. ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ പുറത്തുവിട്ട പ്രസ്താവനയിൽ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് കമാൻഡറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബെയ്റൂട്ടിലെ ദാഹിയയിലുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടതിനുള്ള മറുപടിയായാണ് ഇറാന്‍റെ ഈ പുതിയ നീക്കം.
ഇസ്രായേൽ ഭരണകൂടം വെടിനിർത്തൽ വ്യവസ്ഥകൾ ആവർത്തിച്ച് ലംഘിക്കുകയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. ഇസ്രായേൽ തങ്ങളുടെ ഭീഷണി നടപ്പിലാക്കുകയാണെങ്കിൽ, വടക്കൻ മേഖലകളിലും അധിനിവേശം നടത്തിയ പ്രദേശങ്ങളിലെ സൈനിക താവളങ്ങൾക്ക് സമീപവും താമസിക്കുന്ന ഇസ്രായേലികൾക്ക് ജീവഹാനി സംഭവിക്കാതിരിക്കാൻ അവർ എത്രയും വേഗം അവിടെനിന്നും ഒഴിഞ്ഞു പോകണമെന്നാണ് ഇറാൻ കമാൻഡർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ബെയ്റൂട്ടിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയാൽ വടക്കൻ ഇസ്രായേലിനെ ലക്ഷ്യമിട്ട് വൻതോതിലുള്ള പ്രത്യാക്രമണം ഉണ്ടാകുമെന്ന സൂചനയാണ് ഇറാൻ ഇതിലൂടെ നൽകുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം കൂടുതൽ ശക്തമാകുന്നതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലാണ്.
ഇതിനിടെ, ലെബനനിലെ ഇസ്രായേൽ സൈന്യത്തിന്റെ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ ഇറാൻ പൂർണ്ണമായും നിർത്തിവെച്ചിട്ടുണ്ട്. മധ്യസ്ഥർ മുഖേന യുഎസുമായി നടത്തിവന്നിരുന്ന ചർച്ചകളും രേഖകളുടെ കൈമാറ്റവുമാണ് ഇറാൻ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. വെടിനിർത്തലിനുള്ള പ്രധാന വ്യവസ്ഥകളിൽ ഒന്നായിരുന്നു ലെബനൻ അതിർത്തിയിലെ സമാധാനമെന്നും എന്നാൽ ഇസ്രായേൽ എല്ലാ മുന്നണികളിലും ഇത് ലംഘിച്ചതായും ഇറാൻ കുറ്റപ്പെടുത്തി.
ഗാസയിലെയും ലെബനനിലെയും ഇസ്രായേലിന്റെ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്നും ലെബനനിൽ നിന്ന് ഇസ്രായേൽ സൈന്യം പൂർണ്ണമായി പിന്മാറണമെന്നുമാണ് ഇറാന്റെ ആവശ്യം. ഇക്കാര്യങ്ങളിൽ ഇറാന്റെയും മറ്റ് പ്രതിരോധ സംഘടനകളുടെയും നിലപാടുകൾ അംഗീകരിക്കുന്നത് വരെ യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് ഭരണകൂടം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam