
ന്യൂയോർക്ക്: കൃത്രിമബുദ്ധി (എ ഐ) മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി മുൻനിര എ ഐ കമ്പനി മേധാവിമാർ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിനെ അഭിസംബോധന ചെയ്തു. ആന്തോപിക് മേധാവി ഡാരിയോ അമോദി, ഓപ്പൺ എ ഐ സി ഇ ഒ സാം ആൾട്ട്മാൻ എന്നിവരാണ് കൗൺസിലിന് മുന്നിൽ നിലപാട് വ്യക്തമാക്കിയത്. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ എ ഐ വിനാശകരമായി മാറുമെന്നും, ലോകരാജ്യങ്ങൾ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഈ വിഷയത്തിൽ ഒന്നിച്ച് പ്രവർത്തിക്കണമെന്നും ഡാരിയോ അമോദി ആവശ്യപ്പെട്ടു. ഒരേസമയം വലിയ ആഗോള സാധ്യതയും ഭീഷണിയുമാണ് ഈ സാങ്കേതികവിദ്യ മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എ ഐ സാങ്കേതികവിദ്യ പൂർണ്ണമായും ജനാധിപത്യപരമായി മാറുക എന്നതാണ് പ്രധാനമെന്ന് സാം ആൾട്ട്മാൻ ചൂണ്ടിക്കാട്ടി. എ ഐയുടെ ഭാവി നിർണയിക്കുന്ന സുപ്രധാന തീരുമാനങ്ങൾ സാൻഫ്രാൻസിസ്കോയിലെ ഏതാനും സ്വകാര്യ ലാബുകളിൽ മാത്രം ഒതുങ്ങിനിൽക്കരുത്. മറിച്ച്, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ ജനാധിപത്യപരമായ ഇടപെടലുകളിലൂടെ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ ഐ നിയന്ത്രണങ്ങൾക്കുള്ള നീക്കങ്ങളെ മുൻപ് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിക്കളഞ്ഞിരുന്നെങ്കിലും, ഐക്യരാഷ്ട്രസഭയുടെ വേദിയിൽ വെച്ചുതന്നെ നിയന്ത്രണം വേണമെന്ന ആഹ്വാനവുമായി കമ്പനി മേധാവിമാർ മുന്നോട്ടുവന്നത് ഏറെ ശ്രദ്ധേയമാണ്.
ഡിജിറ്റൽ സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് ഹഗ്ഗിങ് ഫെയ്സ് സ്ഥാപകനും സമ്മേളനത്തിൽ സംസാരിച്ചു. അടുത്തിടെ ഓപ്പൺ എ ഐ.യുടെ ഒരു മോഡൽ ഉപയോഗിച്ച് ഹഗ്ഗിങ് ഫെയ്സ് സംവിധാനം ഹാക്ക് ചെയ്യപ്പെടുകയും, പിന്നീട് ചൈനീസ് എ ഐ മോഡലിന്റെ സഹായത്തോടെ അത് പ്രതിരോധിക്കുകയും ചെയ്ത സംഭവം അദ്ദേഹം ഓർമ്മിപ്പിച്ചു. എ ഐ സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണികളെ ചെറുക്കാൻ എ ഐ തന്നെ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇത് തെളിയിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam