ചൈനീസ് സർക്കാരിനെ വിമർശിച്ചു; ആലിബാബ മേധാവി ജാക്ക് മായെ കാണ്മാനില്ലെന്ന് അഭ്യൂഹം

By Web TeamFirst Published Jan 4, 2021, 12:08 PM IST
Highlights

കടൽക്കിഴവന്മാരുടെ സംഘം നയിക്കുന്ന പണയക്കട പോലെയാണ് ചൈനയിലെ ഗവൺമെന്റ് ബാങ്കുകൾ എന്നും അവ കമ്പനികളുടെ ബിസിനസ് പുരോഗതിക്ക് തടസ്സമാകുന്നു എന്നുമൊക്കെ മാ വിമർശിക്കുകയുണ്ടായി.
 

ചൈനീസ് സർക്കാരിനെയും, സർക്കാരിന്റെ വ്യാപാരനിയന്ത്രണ സംവിധാനങ്ങളെയും കഴിഞ്ഞ ഒക്ടോബറിൽ, ഏറെ സാന്ദർഭികമായി നടത്തിയ ഒരു പ്രസംഗത്തിനിടെ വിമർശിച്ചതിന്റെ പേരിൽ സർക്കാരിന്റെ കോപത്തിനിരയായിരിക്കുന്ന ആലിബാബ കമ്പനി മേധാവിയും ശതകോടീശ്വരനുമായ ജാക്ക് മായെ കാണ്മാനില്ല എന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്. പൊതുവായ ഏതെങ്കിലും ഒരു വേദിയിൽ ജാക്ക് മാ പ്രത്യക്ഷപ്പെട്ടിട്ട് രണ്ടുമാസത്തോളമായി എന്നതാണ് അദ്ദേഹത്തെ ആരെങ്കിലും തട്ടിക്കൊണ്ടുപോവുകയോ, സർക്കാർ തന്നെ തടവിൽ പാർപ്പിക്കുകയോ ഒക്കെ ചെയ്തതാകാം എന്നതരത്തിലുള്ള അഭ്യൂഹങ്ങൾ വിപണിയിൽ പ്രചരിക്കുന്നത്.

'ആഫ്രിക്ക'സ് ബിസിനസ് ഹീറോസ്' എന്ന ജാക്ക് മാ ആതിഥേയനായ ടെലിവിഷൻ ഷോയുടെ അവസാന എപ്പിസോഡിൽ അദ്ദേഹം പങ്കെടുത്തില്ല എന്ന് യുകെ ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്യുന്നു . പകരം ആലിബാബയുടെ മറ്റൊരു എക്സിക്യൂട്ടീവാണ് അതിനായി നിയോഗിക്കപ്പെട്ടത്. അതുപോലെ ഷോയുടെ വെബ്‌സൈറ്റിൽ നിന്നും, പരിപാടിയുടെ പ്രൊമോയിൽ നിന്നും ഒക്കെ ജാക്ക് മാ നീക്കം ചെയ്യപ്പെട്ടുകഴിഞ്ഞു. 

സ്വതവേ അഭിപ്രായ സ്വാതന്ത്ര്യം കാര്യമായ രീതിയിൽ കൂച്ചു വിലങ്ങിടപ്പെട്ടിട്ടുള്ള രാജ്യമായ ചൈനയിൽ, വളരെ വിപ്ലവകാരിയും എന്തും തുറന്നു പറയുന്ന ഒരാളുമായിട്ടാണ് ജാക്ക് മാ അറിയപ്പെട്ടിരുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള രാജ്യത്തെ വ്യാപാര നിയന്ത്രണ കൗൺസിൽ കാലഹരണപ്പെട്ട ശിലായുഗത്തിലേതുപോലുള്ള അടിസ്ഥാന തത്വങ്ങളിന്മേലാണ് പ്രവർത്തിക്കുന്നത് എന്നും, പുതിയ കാലത്തിനൊത്ത് ചൈനീസ് നിയന്ത്രണ സംവിധാനങ്ങളും മാറേണ്ടതുണ്ട് എന്നും മാ പറഞ്ഞിരുന്നു. കടൽക്കിഴവന്മാരുടെ സംഘം നയിക്കുന്ന പണയക്കട പോലെയാണ് ചൈനയിലെ ഗവൺമെന്റ് ബാങ്കുകൾ എന്നും അവ കമ്പനികളുടെ ബിസിനസ് പുരോഗതിക്ക് തടസ്സമാകുന്നു എന്നുമൊക്കെ മാ വിമർശിക്കുകയുണ്ടായി.

ഇങ്ങനെ  ഒരു വിമർശനം ജാക്ക് മായിൽ നിന്ന് വന്നതിനു പിന്നാലെ അദ്ദേഹത്തിന്റെ ആന്റ് ഗ്രൂപ്പിനെതിരെ കടുത്ത പ്രതികാര നടപടികളുമായി ചൈനീസ് സർക്കാരും രംഗത്തുവന്നിരുന്നു. കൊവിഡ് കാലത്ത് വൻ നേട്ടമുണ്ടാക്കിയ കമ്പനികളിൽ ഒന്നായ അലിബാബയ്ക്കും ടെൻസെന്റ് ഹോൾഡിങ്സിനും ഫുഡ് ഡെലിവറി ആപ്പായ മെയ്ത്വാനും എതിരെ ചൈനീസ് സർക്കാർ ആരംഭിച്ച അന്വേഷണം ഈ  കമ്പനികളെ വളരെയേറെ വലച്ചു. കമ്പനികളെയും അവരുടെ ഉപ കമ്പനികളെയും വലിയ തോതിൽ ബാധിച്ചു. ഇവരുടെ ഓഹരി മൂല്യം കുത്തനെ കൂപ്പുകുത്തി. ബ്ലൂംബർഗ് അതിസമ്പന്ന പട്ടിക പ്രകാരം ജാക് മായുടെ ഇപ്പോഴത്തെ ആസ്തി 50.9 ബില്യൺ ഡോളറാണ്. നേരത്തെ ഇത് 11.7 ബില്യൺ ഡോളറായിരുന്നു. നഷ്ടം കനത്തതോടെ അതിസമ്പന്ന പട്ടികയിൽ ഇദ്ദേഹം 25 സ്ഥാനം പുറകിലേക്ക് പോയി. ജാക് മായ്ക്ക് രണ്ട് മാസത്തിനിടെ നഷ്ടമായത് 11 ബില്യൺ ഡോളർ. അതായത് 8,04,72,15,00,000 രൂപയുടെ നഷ്ടമാണ് ഈ ഒരു പ്രതികരണം കൊണ്ടുമാത്രം ജാക്ക് മായ്ക്ക് ഉണ്ടായത്.

ഇങ്ങനെ കനത്ത സാമ്പത്തിക നഷ്ടങ്ങളിലൂടെ ജാക്ക് മായുടെ ഗ്രൂപ്പ് കടന്നുപോയ്ക്കൊണ്ടിരിക്കെയാണ്, അദ്ദേഹത്തെ തന്നെ കാണാനില്ല  എന്നൊരു അഭ്യൂഹം കൂടി ചൈനയിൽ കണക്കുന്നത്. തങ്ങൾക്കെതിരെ പ്രതികരിക്കുന്ന ഒരു വ്യക്തിയെയും പ്രസ്ഥാനത്തെയും വെറുതെ വിടുന്ന പതിവില്ലാത്ത ചൈനീസ് സർക്കാരിന്റെ മുൻകാല ചരിത്രം കൂടിയാണ് ഇപ്പോൾ ആശങ്കകൾ കണക്കുന്നതിനു പിന്നിൽ.  

click me!