
ദില്ലി: യുദ്ധം (war)കടുത്ത യുക്രൈനിൽ(ukraine) നിന്ന് ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി(prime minister) നരേന്ദ്രമോദി(narendra modi). ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. ഇതിനായി കേന്ദ്ര സർക്കാർ രാവും പകലും ശ്രമിക്കുന്നുവെന്നും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എല്ലാവരും ഐക്യത്തോടെ നിൽക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. റഷ്യൻ അധിനിവേശം തുടരുന്ന യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക ദൗത്യം തുടങ്ങിയിരുന്നു. ഓപറേഷൻ ഗംഗ എന്ന് പേരിട്ട ദൗത്യം വഴി രണ്ട് വിമാനങ്ങളിലായി 81 മലയാളികൾ ഉൾപ്പെടെ 500ലേറെ ഇന്ത്യാക്കാരെ ദില്ലിയിലെത്തിച്ചു. ബുക്കാറസ്റ്റിലേക്ക് ഇന്ന് രണ്ട് വിമാനങ്ങൾ കൂടി അയക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
സ്റ്റുഡന്റ് കോണ്ട്രാക്ടർമാരുടെ കൂടുതൽ സഹായം തേടുമെന്ന് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി അറിയിച്ചു. തിരിച്ചെത്തിയ വിദ്യാർഥികളിൽ നിന്ന് സ്റ്റുഡന്റ് കോണ്ട്രാക്ടർമാരുടെ വിവരങ്ങൾ ശേഖരിക്കും. യുക്രൈനിൽ പെട്ടുപോയ വിദ്യാർഥികൾക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും നൽകാൻ സ്റ്റുഡന്റ് കോണ്ട്രാക്ടരമാർക്ക് സഹായിക്കാൻ പറ്റും. ഇത്തരത്തിൽ കൂടുതൽ ഇടപെടൽ നടത്തുമെന്നും വേണു രാജാമണി പറഞ്ഞു.
അതിനിടെ യുക്രൈനിൽ കുടുങ്ങി കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർ സുരക്ഷിതരല്ലെന്ന് നോർക്ക റൂട്ട്സ് വൈസ് ചെയർമാർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. അതിർത്തികളിൽ എത്തിയവർ പോലും സുരക്ഷിതരല്ല. അതിർത്തികളിൽ ഇന്ത്യാക്കാരെ തടയുകയാണ്.സ്ഥിതി ആശാവഹമല്ലെന്നും നോർക്ക റൂട്ട്സ് വൈസ് ചെയർമാർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു . വിദേശകാര്യ മന്ത്രാലയവും കേന്ദ്ര സർക്കാരും ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെടണം. കുടുങ്ങിക്കിടക്കുന്നവരുടെ കയ്യിലെ വെള്ളവും ഭക്ഷണവും കുറഞ്ഞ് വരികയാണ്. ഇവരെ എത്രയും വേഗം ഒഴിപ്പിക്കണം. ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രിയുമായി നേരിട്ട് സംസാരിക്കുമെന്നും നോർക്ക റൂട്ട്സ് വൈസ് ചെയർമാർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.
റഷ്യ യുദ്ധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് പരമാവധി വേഗത്തിൽ ഒഴിപ്പിക്കുന്നത്. സുരക്ഷിതരായി എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. എന്നാൽ റഷ്യൻ അതിർത്തികൾ തുറന്നാൽ മാത്രമേ കൂടുതൽ പേരെ എത്തിക്കാൻ കഴിയു എന്നാണ് യുക്രൈനിൽ കുടുങ്ങിയവർ പറയുന്നത്. കീവിൽ മാത്രമല്ല സുമിയിലും റഷ്യൻ സേന കരമാർഗം പ്രവേശിച്ചിതാൻ സംഘർഷം രൂക്ഷമാണ്. അതിനാൽ തന്നെ ഒഴിപ്പിക്കൽ ദുഷ്കരമാകുമെന്നാണ് റിപ്പോർട്ടുകൾ.
പടിഞ്ഞാറൻ അതിർത്തിയിലെ നാല് രാജ്യങ്ങൾ വഴിയുള്ള രക്ഷാ പ്രവർത്തനം മാത്രമാണ് ഇപ്പോൾ ഇന്ത്യ നടത്തുന്നത്.ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന കാര്യത്തിൽ മനുഷ്യത്വപരമായ സമീപനം വേണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പടിഞ്ഞാറൻ അതിർത്തികൾ വഴി മാത്രം 2000ലേറെ വരുന്ന മലയാളികൾ ഉൾപ്പെടെ 18000 ലേറെ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ എളുപ്പമാകില്ല.800 മുതൽ 1000 കിലോമീറ്റർ വരെ റോഡ് ,റെയിൽ മാർഗം സഞ്ചരിച്ച് അതിർത്തിയിലെത്തുക പ്രായോഗികമല്ലെന്ന് അവിടെ കുടുങ്ങി കിടക്കുന്നവർ പറയുന്നു. പോളണ്ട് , ഹംഗറി, റുമേനിയ രാജ്യങ്ങൾ വഴി മാത്രമാണ് ഇപ്പോൾ രക്ഷാ പ്രവർത്തനം നടത്തുന്നത്.
അതിർത്തികൾ പലതും റഷ്യൻ സേന വളഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ യാത്ര സുരക്ഷിതവുമല്ല. മോൾട്ടോവ വഴി എത്തിക്കാനുളള ശ്രമം തുടങ്ങണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അതിർത്തി തുറന്നു തരണമെന്ന് കേന്ദ്ര സർക്കാർ തലത്തിൽ അഭ്യർഥന ഉണ്ടാകേണ്ടതുണ്ട്. ഒഡേസയിൽ നിന്നുള്ള ഇന്ത്യക്കാർക്ക് ഇത് ഗുണകരമാകും.