
വാഷിംഗ്ടൺ: ഇറാനിലെ സൈനിക നീക്കത്തിൽ നിലവിൽ അമേരിക്കൻ കരസേനയെ നേരിട്ട് യുദ്ധഭൂമിയിലേക്ക് അയക്കാൻ പദ്ധതിയില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിൽ പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, പ്രസിഡന്‍റിന്‍റെയോ കമാൻഡർ ഇൻ ചീഫിന്‍റെയോ സൈനികപരമായ മറ്റ് ഓപ്ഷനുകൾ തള്ളിക്കളയുന്നില്ലെന്നും സാഹചര്യം മാറുന്നതിനനുസരിച്ച് തീരുമാനങ്ങളിൽ മാറ്റം വരാമെന്നും അവർ കൂട്ടിച്ചേർത്തു. ഇറാന്‍റെ ഉൾപ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഡാൻ കെയ്ൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്‍റെ ഈ വിശദീകരണം.
അമേരിക്കയുടെ ആയുധശേഖരത്തെക്കുറിച്ച് ഉയരുന്ന ആശങ്കകൾ കരോളിൻ ലീവിറ്റ് തള്ളിക്കളഞ്ഞു. ഇറാനെതിരെയുള്ള 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' വിജയകരമായി പൂർത്തിയാക്കാൻ ആവശ്യമായതിലധികം ആയുധങ്ങൾ അമേരിക്കയുടെ പക്കലുണ്ടെന്ന് അവർ അവകാശപ്പെട്ടു. ലോകത്തിന് പോലും അറിയാത്ത രഹസ്യ കേന്ദ്രങ്ങളിൽ അമേരിക്ക ആയുധങ്ങൾ സംഭരിച്ചിട്ടുണ്ടെന്നും ഏത് വലിയ യുദ്ധത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും അവർ പറഞ്ഞു. ആയുധശേഖരത്തെക്കുറിച്ച് മുൻപ് പ്രസിഡന്‍റ് ട്രംപ് നടത്തിയ പരാമർശങ്ങൾ നിലവിലെ യുദ്ധത്തെക്കുറിച്ചല്ലെന്നും, മറിച്ച് മുൻ ഭരണകൂടം യുക്രെയ്നിലേക്ക് സൗജന്യമായി ആയുധങ്ങൾ നൽകിയതിനെക്കുറിച്ചാണെന്നും ലീവിറ്റ് വ്യക്തമാക്കി.
ബൈഡൻ ഭരണകൂടം മികച്ച ആയുധങ്ങൾ യാതൊരു പ്രതിഫലവുമില്ലാതെ വിദേശ രാജ്യങ്ങൾക്ക് നൽകിയത് അമേരിക്കയുടെ കരുത്തിനെ ബാധിച്ചിരുന്നു എന്നാണ് ട്രംപിന്‍റെ പക്ഷം. ഇതിനിടെ, ആയുധ നിർമ്മാണം വേഗത്തിലാക്കുന്നതിനായി പ്രമുഖ പ്രതിരോധ കമ്പനികളുടെ മേധാവികളുമായി ട്രംപ് വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. ഇറാനെതിരെയുള്ള സൈനിക നടപടികൾ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും വരും ദിവസങ്ങളിൽ ആക്രമണം കൂടുതൽ ശക്തമാകുമെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അമേരിക്കക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam