
മസ്ക്കറ്റ്: അമേരിക്കയും ഇറാനും തമ്മിൽ പശ്ചിമേഷ്യയിൽ സമാധാനത്തിനായി നടത്തിയ മൂന്ന് ദിവസത്തെ ചർച്ചകൾ പരാജയപ്പെട്ടതായി അമേരിക്കയുടെ മിഡിൽ ഈസ്റ്റ് പ്രത്യേക ദൂതൻ സ്റ്റീവൻ വിറ്റ്‌കോഫ് വെളിപ്പെടുത്തി. യുറേനിയം സമ്പുഷ്ടമാക്കാനുള്ള തങ്ങളുടെ 'അലംഘനീയമായ അവകാശം' അംഗീകരിക്കണമെന്ന് ഇറാൻ ചർച്ചയിൽ വാശിപിടിച്ചതാണ് പ്രധാന തടസമായതെന്ന് അദ്ദേഹം പറഞ്ഞു. "യുറേനിയം സമ്പുഷ്ടമാക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഇറാൻ പറഞ്ഞപ്പോൾ, നിങ്ങളെ അതിൽ നിന്ന് തടയാൻ തനിക്കും അവകാശമുണ്ടെന്നാണ് പ്രസിഡന്‍റ് ട്രംപ് കരുതുന്നത് എന്ന് ഞങ്ങൾ മറുപടി നൽകി," വിറ്റ്‌കോഫ് വ്യക്തമാക്കി.
യുറേനിയം സമ്പുഷ്ടീകരണം തുടങ്ങാനുള്ള ആദ്യ ചുവടുവെപ്പ് മാത്രമാണിതെന്ന് ഇറാൻ നിലപാടെടുത്തതോടെ ചർച്ചകൾ വഴിമുട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത 10 വർഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണം ഇറാൻ നിർത്തിവെക്കണമെന്നും അതിന് പകരമായി ആണവ ഇന്ധനത്തിനുള്ള തുക അമേരിക്ക നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ നിർദ്ദേശം ഇറാൻ പൂർണ്ണമായും തള്ളിക്കളയുകയായിരുന്നു. ഇതോടെ മേഖലയിലെ നയതന്ത്ര ചർച്ചകൾക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ആണവായുധ നിർമ്മാണത്തിലേക്ക് ഇറാൻ നീങ്ങുന്നത് തടയാൻ ഏതറ്റം വരെയും പോകുമെന്ന സൂചനയാണ് അമേരിക്കൻ പ്രതിനിധിയുടെ വാക്കുകൾ നൽകുന്നത്.
അതേസമയം, ഇറാനുമായുള്ള സൈനിക സംഘർഷം മേഖലയിൽ ദീർഘകാല സമാധാനത്തിന് വഴിതുറക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഈ യുദ്ധം മിഡിൽ ഈസ്റ്റിലെ സമാധാനത്തിലേക്കുള്ള ഒരു 'കവാടം' ആണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. യുദ്ധം നീണ്ടുപോകുമെന്ന ആശങ്കകളെ തള്ളിക്കളഞ്ഞ അദ്ദേഹം, അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന ഈ നീക്കം കൂടുതൽ അറബ് രാജ്യങ്ങളുമായി സമാധാന കരാറുകളിൽ ഏർപ്പെടാൻ ഇസ്രായേലിനെ സഹായിക്കുമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഡോണൾഡ് ട്രംപുമായി ചേർന്ന് മുൻപ് നടപ്പിലാക്കിയ 'അബ്രഹാം ഉടമ്പടി' (Abraham Accords) വഴി നാല് അറബ് രാജ്യങ്ങളുമായി സമാധാനമുണ്ടാക്കാൻ സാധിച്ച കാര്യം നെതന്യാഹു ഓര്‍മ്മിപ്പിച്ചു. ഇപ്പോൾ ഇറാനെതിരെ ഒരുമിച്ച് നിൽക്കുന്നതിലൂടെ ഇനിയും നിരവധി രാജ്യങ്ങളുമായി സമാധാന ഉടമ്പടികളിൽ ഒപ്പിടാൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇതൊരു അവസാനമില്ലാത്ത യുദ്ധമല്ലെന്നും മറിച്ച് സമാധാനത്തിനുള്ള വലിയൊരു അവസരമാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. വിമർശകർ പറയുന്നതിന് വിപരീതമായി, ഈ സൈനിക നീക്കം മേഖലയിലെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ അവകാശവാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam