
വാഷിംഗ്ടൺ: ചൈനീസ് വിദ്യാർത്ഥികളുടെ വിസ റദ്ദാക്കാനുള്ള നടപടി ഊർജ്ജിതമാക്കുമെന്ന് വ്യക്തമാക്കി ട്രംപ് ഭരണകൂടം. നേരത്തെ ട്രംപ് തീരുവയ്ക്ക് പകര തീരുവ ചൈന ചുമത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ സാരമായ ഉലച്ചിലുണ്ടായിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള വിദ്യാർത്ഥികൾ ഏത് മേഖലയിൽ ആണെങ്കിലും തീരുമാനം അവരെ ബാധിക്കുമെന്നാണ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വിശദമാക്കിയത്.
280000 ചൈനീസ് വിദ്യാർത്ഥികളാണ് കഴിഞ്ഞ വർഷം അമേരിക്കയിൽ പഠിച്ചത്. ഇവരിൽ എത്ര പേരെ പുതിയ തീരുമാനം ബാധിക്കുമെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല. ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ള അന്തർ ദേശീയ വിദ്യാത്ഥികളുടെ വിസ അപേക്ഷകൾ ഇനി കർശനമായി വിലയിരുത്തിയ ശേഷം മാത്രമാകും പരിഗണിക്കുകയെന്നാണ് മാർകോ റൂബിയോ ബുധനാഴ്ച വ്യക്തമാക്കിയത്. കൊവിഡ് മഹാമാരി സമയം മുതൽ തന്നെ ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വലിയ രീതിയിലുള്ള വിള്ളലുണ്ടായിരുന്നു. ഇതിന് പുറമേ അന്തർദേശീയ വിദ്യാർത്ഥികളുടെ വിസ അഭിമുഖങ്ങൾ നിർത്തി വയ്ക്കാനും അമേരിക്ക എംബസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിനോടകം തന്നെ ട്രംപ് ഭരണകൂടം നിരവധി വിദേശ വിദ്യാർത്ഥികളെ നാടുകടത്താനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ്. നാടുകടത്തൽ ഭീഷണി നേരിടുന്ന നിരവധി വിദേശ വിദ്യാർത്ഥികളാണ് തീരുമാനത്തിനെതിരെ കോടതിയുടെ സഹായം തേടുന്നത്. അമേരിക്കയിലെ പ്രമുഖ സർവ്വകലാശാലകൾക്ക് വലിയ രീതിയിലുള്ള ഫീസ് നൽകിയാണ് വിദേശ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നത്. ചൈനീസ് വിദ്യാർത്ഥികളെ തിരഞ്ഞ് പിടിച്ച് വിസ റദ്ദാക്കാനുള്ള അമേരിക്കൻ നീക്കത്തിനെക്കുറിച്ച് ചൈന ഇനിയും പ്രതികരിച്ചിട്ടില്ല. എന്നാൽ വിസ അഭിമുഖങ്ങൾ നിർത്തിയതിനെ ചൈന രൂക്ഷമായി വിമർശിച്ചിരുന്നു. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ താൽപര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും ചൈന അമേരിക്കയെ വിമർശിച്ചത്.
ഇതിനിടെ വിദേശ വിദ്യാർത്ഥികളെ പ്രശ്നക്കാർ എന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അധിക്ഷേപിച്ചത്. ഹാർവാർഡ് സർവകലാശാലയിലും യുഎസിലെ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദേശ വിദ്യാർത്ഥികളുടെ പ്രവേശനത്തിന് 15 ശതമാനം പരിധി ഏർപ്പെടുത്തണമെന്ന് നിർദേശിക്കുകയും ചെയ്തു. വിദ്യാർത്ഥികളായി അമേരിക്കയിലേക്ക് വരുന്നവർ 'നമ്മുടെ രാജ്യത്ത് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത്' കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞത്. ഷോപ്പിംഗ് സെന്ററുകൾ പൊട്ടിത്തെറിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കലാപങ്ങൾ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞാൻ നിങ്ങളോട് പറയുന്നു ആ വിദ്യാർത്ഥികളിൽ പലരും തീവ്ര ഇടതുപക്ഷം മൂലമുണ്ടായ കുഴപ്പക്കാരായിരുന്നുവെന്നാണ് ട്രംപ് ഓവൽ ഓഫീസിൽ വച്ച് പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam