
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ തമ്മിലുള്ള ആദ്യ ടെലിവിഷൻ സംവാദം തുടങ്ങുന്നു. ഇന്ത്യൻ സമയം ഇന്ന് രാവിലെ ആറരക്കാകും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ തമ്മിലുള്ള ആദ്യ ടെലിവിഷൻ സംവാദം തുടങ്ങുക.
ഇന്ന് തുടങ്ങുന്ന ആദ്യ ടെലിവിഷൻ സംവാദത്തിൽ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കില്ല. സംവാദം നടക്കുന്ന സമയത്ത് ട്രംപ് ടക്കർ കാൾസനുമായി നടത്തിയ അഭിമുഖം 'എക്സ്' പ്ലാറ്റ്ഫോമിൽ സംപ്രേഷണം ചെയ്യും. ഇന്ത്യൻ വംശജരായ വിവേക് രാമസ്വാമി, നിക്കി ഹേലി, മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്റിസ് അടക്കം 8 സ്ഥാനാർത്ഥികളാണ് ഇന്ന് സംവാദത്തിൽ പങ്കെടുക്കുക.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ക്യാംപയിൻ ആരംഭിച്ച വിവേക് രാമസ്വാമിയാണ്.മലയാളികൾ ഏറ്റവും കൂടുതൽ അറിയേണ്ടത് മലയാളി വേരുകളുള്ള അമേരിക്കൻ ബിസിനസുകാരനാണ് 37കാരനായ വിവേക് രാമസ്വാമി. ഫോക്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് വിവേക് രാമസ്വാമി താനും മത്സര രംഗത്തേക്കുണ്ടാകുമെന്ന പ്രഖ്യാപനം നടത്തിയത്.
ആരാണ് വിവേക് രാമസ്വാമി?
കേരളത്തിൽ വേരുകളുള്ള, മാതാപിതാക്കൾ പാലക്കാട് വടക്കഞ്ചേരി സ്വദേശികളായ വിവേക് രാമസ്വാമി അമേരിക്കയിലെ സിൻസിനാറ്റിയിലാണ് ജനിച്ചത്. അച്ഛൻ ജനറൽ ഇലക്ട്രിക് എഞ്ചിനീയറും അമ്മ വയോജന മനോരോഗ വിദഗ്ധയുമായിരുന്നു. ഹാർവാർഡ്, യാലെ യൂണിവേഴ്സിറ്റികളിൽ നിന്നായിരുന്നു വിവേക് രാമസ്വാമിയുടെ പഠനം. 2007ൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമെടുത്തു. അഞ്ഞൂറ് കോടി അമേരിക്കൻ ഡോളറിന് മുകളിൽ ആസ്തിയുള്ളതായി കേൾക്കുന്ന വിവേക് രാമസ്വാമി തന്റെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള കരുനീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. നിക്കി ഹാലിക്ക് ശേഷം റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ പ്രൈമറിയിൽ പ്രവേശിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ-അമേരിക്കക്കാരൻ കൂടിയാണ് വിവേക് രാമസ്വാമി. 2014 ൽ ഫാർമസ്യൂട്ടിക്കൽ റിസർച്ച് കമ്പനിയായ റോവന്റ് സയൻസസ് സ്ഥാപിച്ച വിവേക് രാമസ്വാമി അതിലൂടെ കോടിക്കണക്കിന് ഡോളറാണ് സമ്പാദിച്ചത്. അസറ്റ് മാനേജ്മെന്റ് സംരംഭമായ സ്ട്രൈവിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ കൂടിയായിരുന്നു വിവേക് രാമസ്വാമി.
ഒരു ബയോടെക് സംരംഭകൻ എന്ന നിലയിലും എഫ്ഡിഎ അംഗീകൃത അഞ്ച് മരുന്നുകൾ ഉൾപ്പെടെയുള്ള മരുന്നുകളുടെ ഡെവലപ്പർ എന്ന നിലയിലും വിജയകരമായ സംരംഭകനായിരുന്നു വിവേക് രാമസ്വാമി. നാൽപ്പത് വയസിന് താഴെ പ്രായമുള്ള അമേരിക്കയിലെ ധനികനായ യുവസംരംഭകരിൽ ഒരാൾ കൂടിയാണ് വിവേക് രാമസ്വാമി. തന്റെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലേക്കുള്ള കരുനീക്കത്തിന്റെ ഭാഗമായി വിവേക് രാമസ്വാമി അമേരിക്കൻ സംസ്ഥാനമായ അയോവയിൽ പ്രസംഗങ്ങളും മറ്റു പ്രവർത്തനങ്ങളും സംഘടിപ്പിച്ചിരുന്നു. 20 പേരടങ്ങുന്ന ഒരു സംഘമാണ് വിവേക് രാമസ്വാമിക്ക് ഇത്തരത്തിലുള്ള നിർദേശങ്ങൾ നൽകുന്നതെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam