പാകിസ്ഥാന്‍റെ ആവശ്യം തള്ളി ജര്‍മ്മനി; നിര്‍ണ്ണായക പ്രതിരോധ സാങ്കേതിക വിദ്യ കൈമാറില്ല

By Web TeamFirst Published Aug 25, 2020, 10:47 PM IST
Highlights

മുങ്ങിക്കപ്പലുകളെ ആഴ്ചകളോളം കടലിന് അടിയില്‍ തന്നെ മുങ്ങി കിടക്കാന്‍ സഹായിക്കുന്ന എയര്‍ ഇന്‍റിപെന്‍റന്‍റ് പ്രൊപ്പല്‍ഷന്‍ (എഐപി) എന്ന സാങ്കേതിക വിദ്യയാണ് പാകിസ്ഥാന്‍ ജര്‍മ്മനിയുടെ കൈയ്യില്‍ നിന്നും പ്രതീക്ഷിച്ചത്.

ബര്‍ലിന്‍: മുങ്ങികപ്പലുകള്‍ക്ക് വേണ്ടുന്ന നിര്‍ണ്ണായക സാങ്കേതിക വിദ്യ നല്‍കാനുള്ള പാകിസ്ഥാന്‍ അപേക്ഷ തള്ളിക്കളഞ്ഞ് ജര്‍മ്മനി. ജര്‍മ്മനിയുടെ ഉന്നത സുരക്ഷ കൌണ്‍സിലാണ് ഈ കാര്യം തീരുമാനിച്ചത്. ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ അദ്ധ്യക്ഷയായ സമിതിയുടെയാണ് തീരുമാനം.

മുങ്ങിക്കപ്പലുകളെ ആഴ്ചകളോളം കടലിന് അടിയില്‍ തന്നെ മുങ്ങി കിടക്കാന്‍ സഹായിക്കുന്ന എയര്‍ ഇന്‍റിപെന്‍റന്‍റ് പ്രൊപ്പല്‍ഷന്‍ (എഐപി) എന്ന സാങ്കേതിക വിദ്യയാണ് പാകിസ്ഥാന്‍ ജര്‍മ്മനിയുടെ കൈയ്യില്‍ നിന്നും പ്രതീക്ഷിച്ചത്. എന്നാല്‍ പാകിസ്ഥാന്‍ ആവശ്യം ജര്‍മ്മനി തള്ളുകയായിരുന്നു. ഇത് സംബന്ധിച്ച് ജര്‍മ്മന്‍ തീരുമാനം കഴിഞ്ഞ ഓഗസ്റ്റ് 6ന് തന്നെ പാകിസ്ഥാന്‍റെ ജര്‍മ്മനിയിലെ നയതന്ത്ര ഉന്നതരെ ജര്‍മ്മനി അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്ഥാന്‍ ചൈനയുടെ സഹായത്തോടെ വികസിപ്പിച്ച യുവാന്‍ ക്ലാസ് മുങ്ങിക്കപ്പലുകള്‍ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു സാങ്കേതിക വിദ്യ പാകിസ്ഥാന്‍ ജര്‍മ്മനിയില്‍ നിന്നും വാങ്ങാന്‍ ഉദ്ദേശിച്ചത്. ഈ സാങ്കേതിക വിദ്യയില്ലാത്ത മുങ്ങിക്കപ്പലുകള്‍ക്ക് രണ്ട് ദിവസം ഇടവിട്ട് സമുദ്ര ഉപരിതലത്തില്‍ പ്രത്യക്ഷപ്പെടേണ്ടിവരും. 

ജര്‍മ്മന്‍ തീരുമാനം പാകിസ്ഥാന് വലിയ തിരിച്ചടിയാണ് എന്നാണ് ചില ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം പാകിസ്ഥാന്‍റെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സാങ്കേതികത  കൈമാറുന്നതില്‍ ജര്‍മ്മനിയെ പിന്തിരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

2017 മെയ് മാസത്തില്‍ കാബൂളിലെ ജര്‍മ്മന്‍ എംബസിയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിയുന്നതില്‍ പാകിസ്ഥാന്‍റെ നിസഹകരണം ജര്‍മ്മനിയെ ചൊടിപ്പിച്ചിട്ടുണ്ട്. 150 പേര്‍ കൊല്ലപ്പെട്ട അന്നത്തെ ട്രക്ക് ബോംബ് സ്ഫോടനത്തിന് പാകിസ്ഥാനില്‍ അടക്കം വേരുകള്‍ ഉള്ള ഹഖാനി ഗ്രൂപ്പാണ് എന്ന് ജര്‍മ്മനി തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഇതിന്‍റെ കൂടുതല്‍ അന്വേഷണത്തിന് പാക് സഹകരണം ലഭിക്കുന്നില്ലെന്നാണ് ജര്‍മ്മന്‍ പരാതി. ഇത് കിസ്ഥാന്‍റെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ജര്‍മ്മനി കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതെല്ലാം കണക്കിലെടുത്താണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ആവശ്യം ജര്‍മ്മന്‍ ചാന്‍സിലര്‍  ആംഗല മെര്‍ക്കല്‍ അദ്ധ്യക്ഷയായ ഉന്നത സുരക്ഷ കൌണ്‍സില്‍ തള്ളിയത്.

click me!