ഗൂഗിൾ മാപ് ചതിച്ചു: നൂറോളം ഡ്രൈവർമാർ ചളിയിൽ കുടുങ്ങി

By Web TeamFirst Published Jun 28, 2019, 10:47 PM IST
Highlights

വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയിൽ ട്രാഫിക് ബ്ലോക്കായതിനാൽ എളുപ്പവഴി തേടിയ ഡ്രൈവർമാർക്ക് കിട്ടിയത് എട്ടിന്റെ പണി

കൊളറാഡൊ: ഗൂഗിൾ മാപിനെ വിശ്വസിച്ച് എളുപ്പവഴിയിൽ നീങ്ങിയ നൂറോളം ഡ്രൈവർമാർ ചളിയിൽ കുടുങ്ങി. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഗൂഗിൾ മാപിലെ നാവിഗേഷൻ നോക്കി മുന്നോട്ട് പോയ അമേരിക്കയിലെ കൊളറാഡോയിലെ ഡ്രൈവർക്കാണ് അമളി സംഭവിച്ചത്.

ഡെന്‍വെര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ പെന ബോളവാര്‍ഡിലുണ്ടായ വാഹനാപകടത്തെതുടര്‍ന്ന് പ്രധാന പാതയിൽ വലിയ ഗതാഗതക്കുരുക്കുണ്ടായി. ഇതോടെ അടുത്ത വഴി ഏതെന്ന് തിരക്കി ഡ്രൈവർമാർ ഗൂഗിൾ മാപ് തുറന്നു. ഇതൊരു മൺപാതയായിരുന്നു. വലിയ വാഹനങ്ങൾക്ക് ഉൾപ്പടെ പോകാൻ സാധിക്കുന്നതായിരുന്നു വഴിയെങ്കിലും മഴപെയ്‌ത് ഈ വഴിയിൽ പലയിടത്തും ചളി നിറഞ്ഞിരുന്നു.

മുന്നിൽ പോയ ചില വാഹനങ്ങൾ ചളിയിൽ മുന്നോട്ടും പിന്നോട്ടും ചലിക്കാനാകാതെ വന്നതോടെ ഇതിന് പിന്നാലെയെത്തിയ വാഹനങ്ങളും കുടുങ്ങി. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരായിരുന്നു കാറിൽ. 

റോഡിന്റെ വലിപ്പവും ദിക്കും അടക്കം പല കാര്യങ്ങള്‍ പരിഗണിച്ചാണ് തങ്ങള്‍ വാഹനമോടിക്കാനുള്ള വഴികള്‍ നിര്‍ണയിക്കുന്നതെന്ന് പറഞ്ഞ ഗൂഗിൾ, അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ പ്രശ്നം സംഭവിക്കാറുണ്ടെന്നും പറഞ്ഞു. മികച്ച വഴികാണിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ കാലാവസ്ഥ മാറ്റം പോലെയുള്ള ഘടകങ്ങൾ ഉണ്ടാകാറുണ്ടെന്നും പ്രാദേശിയ നിയമങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്ത് ശ്രദ്ധിച്ച് തീരുമാനമെടുക്കാനാണ് ഡ്രൈവര്‍മാരോട് നിര്‍ദേശിക്കാറുള്ളതെന്നും ഗൂഗിള്‍ മാപ് വ്യക്തമാക്കി.

click me!