
മുംബൈ: ഇറാഖിലെ യുഎസ് സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ മിസൈലാക്രമണം നടത്തിയെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ആഗോള വിപണയില്‍ ക്രൂഡോയില്‍ വില കുതിച്ചു. ബ്രെന്റ് ക്രൂഡ് ബാരലിന്‍റെ വില 70.71ഡോളർ ആയി കൂടി. നാല് ശതമാനം വില വര്‍ധനയാണ് ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന് ഉണ്ടായിരിക്കുന്നത്.
ഇതിന്‍റെ പ്രതിഫലനമെന്നോണം ഇന്ത്യയിലും ഇന്ധനവില വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. കൊച്ചിയില്‍ പെട്രോളിന് അഞ്ച് പൈസ കൂടി ലിറ്ററിന് 77.76 ആയി. ഡീസലിന് 12 പൈസ കൂടി 77.76 ആയി. പുതുവർഷത്തിൽ മാത്രം പെട്രോളിന് 54 പൈസയും ഡീസലിന് 80 പൈസയുമാണ് കൂടിയത്. രൂപയുടെ മൂല്യത്തകർച്ചയും എണ്ണവില ഉയരാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഡോളറിനെതിരായ രൂപയുടെ മൂല്യം 72.21 ആയി ഇടിഞ്ഞിരിക്കുകയാണ്.
ക്രൂഡോയില്‍ വിലയില്‍ കൂടാതെ ആഗോളതലത്തില്‍ ഓഹരി വിപണികളിലും ഇറാന്‍-യുഎസ് സംഘര്‍ഷം സൃഷ്ടിച്ച സമ്മര്‍ദ്ദം പ്രതിഫലിക്കുന്നുണ്ട്. മിസൈല്‍ ആക്രമണ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ജാപ്പനിലെ ടോക്കിയോ ഓഹരിസൂചികയില്‍ ഇടിവ് രേഖപ്പെടുത്തി. 225 പോയിന്‍റുകളുടെ ഇടിവാണ് ടോക്കിയോ ഓഹരിസൂചികയിലുണ്ടായത്.
മിസൈല്‍ ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്‍റിന്‍രെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായാണ് പുറത്തു വരുന്ന വിവരം. അല്‍പസമയത്തിനകം പ്രസിഡന്‍റ് ട്രംപ് ഔദ്യോഗിക പ്രസ്താവന നടത്തും. കടുത്ത തീരുമാനങ്ങള്‍ ട്രംപില്‍ നിന്നുണ്ടാവുമോ എന്ന ആശങ്കയിലാണ് ലോകം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam