സുലൈമാനി വധത്തെ പിന്തുണച്ച് ബ്രിട്ടന്‍; ഒരുങ്ങിയിരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം

By Web TeamFirst Published Jan 8, 2020, 7:03 AM IST
Highlights

അടിയന്തര സാഹചര്യമുണ്ടായാല്‍ 48 മണിക്കൂറിനകം ഇറാഖിലെത്താന്‍ പാകത്തില്‍ ഒരുങ്ങിയിരിക്കാന്‍ സര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.രണ്ട് ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍  ഗള്‍ഫ് തീരത്ത് ഇപ്പോള്‍ തങ്ങുന്നുണ്ട്.

ലണ്ടന്‍: ഇറാന്‍റെ ഉന്നത സൈനിക കമാന്‍ഡറും റെവല്യൂഷണി ഗാര്‍ഡിന്‍റെ മേധാവിയുമായ സുലൈമാനിയെ വധിച്ച നടപടിയില്‍ അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടന്‍ രംഗത്ത്. ഏത് സാഹചര്യവും നേരിടാന്‍ സജ്ജരാവാന്‍ മേഖലയിലെ ബ്രിട്ടീഷ് സൈന്യത്തിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിര്‍ദേശം നല്‍കി. 

സുലൈമാനി വധത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ പരിഗണിച്ച് ഗള്‍ഫ് തീരത്ത് രണ്ട് ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ തങ്ങുന്നുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ 48 മണിക്കൂറിനകം ഇറാഖിലെത്താന്‍ പാകത്തില്‍ ഒരുങ്ങിയിരിക്കാന്‍ സര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ 400 ബ്രിട്ടീഷ് സൈനികരാണ് ഇറാഖില്‍ ക്യാംപ് ചെയ്യുന്നത്. 

നിരവധി നിഷ്കളങ്കരുടെ കൊലപാതകങ്ങൾക്ക് ഉത്തരവാദിയാണ് സുലൈമാനിയെന്നും, മരണത്തിൽ അനുശോചിക്കില്ലെന്നും  പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ നടപടിയെ ന്യായീകരിച്ച ബ്രീട്ടീഷ് വിദേശകാര്യ സെക്രട്ടറി സുലൈമാനിയെ മേഖലയിലെ പ്രധാന ശല്യമെന്നും വിശേഷിപ്പിച്ചു. ഇതിൽ പ്രകോപിതരായ ഇറാൻ ബ്രിട്ടീഷ് സ്ഥാനപതിയെ വിളിപ്പിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. ഇറാഖിൽ നിന്ന് അവശ്യ സേവനരംഗത്തുള്ളവർ ഒഴികെയുള്ള പൗരന്മാരെ ബ്രിട്ടൺ മാറ്റിയിട്ടുണ്ട്. 

ബ്രീട്ടീഷ് പൗരന്മാരുടെയും മേഖലയുടേയും സുരക്ഷയ്ക്കായി ഏത് സാഹചര്യവും നേരിടാൻ തയ്യാറായി നിൽക്കണമെന്നാണ് ഗൾഫ് മേഖലയിലെ ബ്രീട്ടിഷ് കപ്പലുകൾക്കും മിലിറ്ററി ഹെലികോപ്റ്ററുകൾക്കും പ്രധാനമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. തെഹ്റാനിലെ ബ്രിട്ടീഷ് സ്ഥാനപതിയെ ഇറാൻ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് സൈന്യത്തിന് ജാഗ്രതാ നിർദ്ദേശം ലഭിച്ചത്.

ഇതിനിടെ സുലൈമാനിക്കെതിരെ ചെകുത്താൻ പരാമർശവുമായി വീണ്ടും ട്രംപ് രംഗത്തെത്തി. സുലൈമാനിക്ക് ഇറാൻ വികാര നിർഭരമായ യാത്ര അയപ്പ് നൽകിയതിന് തൊട്ടു പിന്നാലെയാണ് ചെകുത്താൻ പരാമർശവുമായി ട്രംപ് എത്തിയത്. അമേരിക്കയ്ക്ക് എതിരെ സുപ്രധാനമായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനിടെയാണ് സുലൈമാനിയെ വധിച്ചതെന്നും. സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള തിരിച്ചടി മാത്രമാണ് നടന്നതെന്നും ട്രംപ് ആവർത്തിച്ചു. 

എന്നാൽ കഴിഞ്ഞ ദിവസത്തെപ്പോലെ കൂടുതൽ ആക്രണണ സൂചനകൾ ട്രംപിന്റെ ഭാഗത്തു നിന്ന് വന്നില്ല എന്നത് ശ്രദ്ധേയമാണ്. അന്താരാഷ്ട്ര ധാരണകളും നിയമങ്ങളും മാനിച്ച് സാംസ്കാരിക കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് വ്യക്തമാക്കാനും ട്രംപ് മറന്നില്ല. കഴിഞ്ഞദിവസം ഇറാനിലെ സാംസ്കാരിക കേന്ദ്രങ്ങൾ അടക്കം 52 ഇടങ്ങൾ ആക്രമിക്കാൻ അമേരിക്ക സജ്ജമാണെന്ന് ട്രംപ് വ്യക്തമാക്കിരുന്നു. അതിന് പിന്നാലെ ലോകമെമ്പാടുമുള്ള 290 കേന്ദ്രങ്ങളിൽ തിരിച്ചടിയുണ്ടാവുമെന്ന് ഇറാനും പ്രതികരിച്ചു. ഒപ്പം അമേരിക്കയേയും അമേരിക്കൻ സൈനികരേയും ഇറാൻ ഭീകരരായി പ്രഖ്യാപിച്ചു. 

click me!