
റോം: അർജന്റീനയുടെ പ്രസിഡന്റിന് പൗരത്വം നൽകി ഇറ്റലി. അർജന്റീനയുടെ പ്രസിഡന്റ് ഹാവിയർ മിലെയ്ക്കാണ് ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി ഇറ്റലിയുടെ പൗരത്വം നൽകിയത്. വലിയ രീതിയിലുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ ഹാവിയർ മിലെയുടെ ഇറ്റാലിയൻ വേരുകൾ ചൂണ്ടിക്കാണിച്ചാണ് ജോർജിയ മെലോണി പ്രതിരോധം സൃഷ്ടിക്കുന്നത്.
അഭയാർത്ഥികളായ മാതാപിതാക്കൾക്ക് ഇറ്റലിയിൽ വച്ചുണ്ടായ കുട്ടികൾക്ക് നൽകാത്ത ആനുകൂല്യമാണ് അർജന്റീനയിലെ പ്രസിഡന്റിന് നൽകുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. നിലവിൽ ഇറ്റലിയിലുള്ള ഹാവിയർ മിലെ ശനിയാഴ്ച ജോർജിയ മെലോണിയുടെ ബ്രേദഴ്സ് ഓഫ് ഇറ്റലി പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധി സാധാരണക്കാർ പൗരത്വം ആവശ്യപ്പെട്ട് പ്രതിഷേധിക്കുമ്പോഴുള്ള മെലോണിയുടെ നടപടി സമൂഹമാധ്യമങ്ങളിലും രൂക്ഷമായ വിമർശനത്തിനും കാരണമായിട്ടുണ്ട്.
രക്തബന്ധത്തെ അടിസ്ഥാനമാക്കിയാണ് ഇറ്റലിയിലെ പൗരത്വം നിയമങ്ങൾ. ഇറ്റാലിയൻ പൗരത്വമുള്ള വ്യക്തിയുമായി അകന്ന ബന്ധമുള്ളവർക്ക് പോലും ഇറ്റലിയുടെ പാസ്പോർട്ട് സ്വന്തമാക്കാൻ കഴിയും. അതേസമയം ഇറ്റലിയിലേക്ക് കുടിയേറിയവരുടെ മക്കൾക്ക് വർഷങ്ങൾ കഴിഞ്ഞാലും പൗരത്വം കീറാമുട്ടിയാണ്. ഇതിൽ മാറ്റം വരുത്തണമെന്ന ആവശ്യം ഇറ്റലിയിൽ ശക്തമാകുമ്പോഴാണ് അർജന്റീനയിൽ നിന്നുള്ള രാഷ്ട്രീയ നേതാവിന് പൗരത്വം നൽകാനുള്ള മെലോണിയുടെ തീരുമാനം.
പിതാവിന്റേയും മാതാവിന്റേയും രക്ഷിതാക്കൾക്ക് ഇറ്റലിയിലെ വേരുകളാണ് ഹാവിയർ മിലെയ്ക്ക് ഇറ്റാലിയൻ പൗരത്വം സുഗമമായി നൽകാൻ കാരണമായത്. കഴിഞ്ഞ വർഷം ഇറ്റലിയിൽ എത്തിയപ്പോൾ താൻ 75 ശതമാനവും ഇറ്റലിക്കാരനാണെന്നാണ് ഹാവിയർ മിലെ പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam