മാസങ്ങള്‍ നീണ്ട പ്രതിഷേധം; ഹിജാബ് നിയമങ്ങള്‍ പുനപരിശോധിക്കാന്‍ ഇറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

By Web TeamFirst Published Dec 4, 2022, 2:13 AM IST
Highlights

സ്ത്രീകളുടെ വസത്ര ധാരണം സംബന്ധിച്ച് ദശാബ്ദങ്ങള്‍ പഴക്കമുള്ള നിയമമാണ് പുനപരിശോധിക്കാന്‍ പോവുന്നതെന്നാണ് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഹിജാബ് നിയമങ്ങള്‍ പുന പരിശോധിക്കാന്‍ ഇറാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സ്ത്രീകളുടെ വസത്ര ധാരണം സംബന്ധിച്ച് ദശാബ്ദങ്ങള്‍ പഴക്കമുള്ള നിയമമാണ് പുനപരിശോധിക്കാന്‍ പോവുന്നതെന്നാണ് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍റെ അറ്റോണി ജനറല്‍ മൊഹമ്മദ് ജാഫര്‍ മോണ്ടസേറിയെ ഉദ്ധരിച്ചാണ് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട്. പാര്‍ലമെന്‍റും നിയമ സംവിധാനവും ഹിജാബ് സംബന്ധിയായ നിയമങ്ങള്‍ പുനപരിശോധിക്കുമെന്ന് ഇറാന്‍റെ അറ്റോണി ജനറല്‍ വെള്ളിയാഴ്ച വിശദമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 

ഇസ്ലാമിക അടിത്തറയിലൂന്നിയുളളതാണ് രാജ്യത്തെ നിയമങ്ങളെങ്കിലും ഭരണഘടന നടപ്പിലാക്കാന്‍ വിട്ടുവീഴ്ചാ മനോഭാവമുണ്ടാവുമെന്ന് ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി ശനിയാഴ്ച ടെലിവിഷനിലൂടെ വിശദമാക്കിയിരുന്നു. ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരിൽ ഇറാനിലെ മത പോലീസ് അറസ്റ്റ് ചെയ്ത 22കാരിയായ മഹ്‌സ അമിനിക്ക് കസ്റ്റഡിയിൽ മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. സെപ്തംബര്‍ 13നായിരുന്നു മഹ്സ അമീനിയെ കസ്റ്റഡിയില്‍ എടുത്തത്. 

അന്ന് മുതൽ ഇറാനിൽ നടക്കുന്ന പ്രക്ഷോഭത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഈ പ്രക്ഷോഭങ്ങളില്‍ ഇരുനൂറിലധികം പേരാണ് ഇറാനില്‍ കൊല്ലപ്പെട്ടതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിഷേധ പരമ്പരകളേക്കുറിച്ച് ഇറാന്‍റെ ബദ്ധവൈരികളും അവരുടെ സഖ്യ കക്ഷികളും ചേര്‍ന്ന് എന്‍ജിനിയറിംഗ് ചെയ്ത കലാപമെന്നാണ് നേരത്തെ അയത്തൊള്ള ഖമേനി വിലയിരുത്തിയത്.   ജനാധിപത്യ സമരത്തെ അടിച്ചമർത്തുന്നതിന് എതിരെ ബ്രിട്ടനും അമേരിക്കയും ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു. 

റഷ്യക്ക് ആയുധം വിറ്റതിന് പിന്നാലെ യൂറോപ്യൻ യൂണിയനും ഇറാനുമേൽ കൂടുതൽ ഉപരോധം പ്രഖ്യാപിച്ചിരുന്നു. അമീനിയുടെ മരണത്തിൽ പ്രതിഷേധിച്ച് രം​ഗത്തെത്തിയിരിക്കുന്നതിൽ ഭൂരിഭാ​ഗവും സ്ത്രീകളായിരുന്നു. അവർ പൊതുവിടങ്ങളിൽ തങ്ങളുടെ ശിരോവസ്ത്രം കത്തിച്ചും മുടി മുറിച്ച് കളഞ്ഞുമാണ് പ്രതിഷേധിച്ചത്. സ്വേച്ഛാധിപതിക്ക് മരണം എന്ന മുദ്രാവാക്യത്തോടെ വിദ്യാര്‍ത്ഥിനികളും തെരുവിലിറങ്ങിയിരുന്നു. 
 

click me!