
ധാക്ക: ബംഗ്ലാദേശ് ദേശീയ പതാകയെ അപമാനിച്ചെന്നതടക്കമുള്ള രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ ഇന്‍റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷിയസ്നെസ് (ഇസ്കോൺ) ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന് വീണ്ടും തിരിച്ചടി. കൃഷ്ണദാസിന്‍റെ ജാമ്യ ഹര്‍ജി ചിറ്റഗോംഗ് കോടതി തള്ളി. കൃഷ്ണദാസിന്‍റെ നടപടി രാജ്യദ്രോഹപരമാണെന്ന് ചിറ്റഗോംഗ് മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജി സൈഫുല്‍ ഇസ്ലാം നിരീക്ഷിച്ചു. 42 ദിവസമായി ജയിലില്‍ കഴിയുന്ന ചിന്മയ് കൃഷ്ണദാസിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല.
ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് കൃഷ്ണദാസിന്‍റെ അഭിഭാഷകര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറില്‍ ചിറ്റഗോംഗില്‍ നടത്തിയ റാലിക്കിടെ ബംഗ്ലാദേശ് ദേശീയ പതാകക്ക് മുകളില്‍ കാവിക്കൊടി ഉയര്‍ത്തിയെന്ന കേസിലാണ് ചിന്മയ് കൃഷണദാസ് അറസ്റ്റിലായത്. അതേസമയം കോടതി മുറിയില്‍ ചില അഭിഭാഷകര്‍ അല്ലാഹു അക്ബര്‍ മുദ്രാവാക്യം മുഴക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
കേസിന്‍റെ വിശദാംശങ്ങൾ
ഇക്കഴിഞ്ഞ നവംബർ 25 നാണ് ചിന്മോയ് കൃഷ്ണദാസിനെ ബംഗ്ലാദേശിലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയെന്നതടക്കമുള്ള ആരോപണങ്ങളിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ധാക്കയിലെ വിമാനത്താവളത്തിൽ നിന്നായിരുന്നു ചിന്മോയിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ പ്രതിഷേധിച്ച് ധാക്കയിലും ചിറ്റഗോങ്ങിലും ചിന്മയ് കൃഷ്ണദാസിന്‍റെ അനുയായികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ബംഗ്ലാദേശിൽ വ്യാപകമായ തോതിൽ അക്രമങ്ങളും അരങ്ങേറിയിരുന്നു. അതിനിടെ ചിന്മോയിയുടെ സംഘടനയായ ഇസ്കോണിനെതിരെ ബംഗ്ലാദേശ് സർക്കാർ കടുത്ത നടപടികളും സ്വീകരിച്ചിരുന്നു. ചിന്മയി കൃഷ്ണദാസ് അടക്കം 17 ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകളടക്കം ബംഗ്ലാദേശ് ഫിനാൻഷ്യൽ ഇന്‍റലിജൻസ് യൂണിറ്റ് മരവിപ്പിട്ടിരുന്നു. ഈ 17 ഹിന്ദു നേതാക്കളുടെ അക്കൗണ്ടുകളുടെ എല്ലാ ഇടപാടുകളും നിർത്തിവെക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകുകയും മുഴുവൻ സാമ്പത്തിക ഇടപാടുകളുടെയും രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam