
ന്യൂയോർക്ക്: അപ്പോളോ 13-ന്റെ റെക്കോർഡ് തകർത്ത് ചന്ദ്രനിലേക്ക് കുതിക്കുന്ന നാസയുടെ ആർട്ടെമിസ് II പേടകത്തിൽ വീണ്ടും ടോയ്‌ലറ്റ് തകരാർ. മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയൻ പൗരനുമടങ്ങുന്ന നാലംഗ സംഘമാണ് പേടകത്തിലുള്ളത്. പേടകത്തിലെ മൂത്രവിസർജന സംവിധാനത്തിലാണ് തടസ്സമുണ്ടായിരിക്കുന്നത്. ട്യൂബുകളിൽ ഐസ് കട്ടപിടിച്ചതാകാം കാരണമെന്നാണ് നിഗമനം. നിലവിൽ ബാക്കപ്പ് ബാഗുകൾ ഉപയോഗിക്കാൻ ബഹിരാകാശയാത്രികർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ടോയ്‌ലറ്റ് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് നാസ അറിയിച്ചു.
53 വർഷത്തിന് ശേഷം ചന്ദ്രനിലേക്ക് പോകുന്ന ആദ്യ മനുഷ്യസംഘം ചന്ദ്രനിലേക്കുള്ള ദൂരത്തിൻ്റെ മൂന്നിൽ രണ്ട് ഭാഗവും പിന്നിട്ടു കഴിഞ്ഞു. ഭൂമിയിൽ നിന്ന് മൂന്ന് ലക്ഷം കിലോമീറ്റർ അകലെയാണിപ്പോൾ പേടകമുള്ളത്. ദൗത്യം നാലാം ദിവസമായ ഇന്ന് പേടകത്തിന്റെ നിയന്ത്രണം വീണ്ടും പൈലറ്റ് അൽപ്പ നേരത്തേക്ക് ഏറ്റെടുക്കും. ചന്ദ്രന്റെ അടുത്തെത്തുന്പോൾ ചിത്രങ്ങളെടുക്കാൻ ഇന്ന് പ്രത്യേക പരിശീലന സെഷൻ. ഏപ്രിൽ ആറിന് അർദ്ധരാത്രിയോടെ പേടകം ചാന്ദ്ര ആകർഷണവലയത്തിൽ പ്രവേശിക്കും. തിങ്കളാഴ്ച ഫോട്ടോകൾ ഭൂമിയിലേക്ക് അയക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ (ചന്ദ്രനിലെത്തുന്ന ആദ്യ കറുത്ത വർഗ്ഗക്കാരൻ), ക്രിസ്റ്റീന കോച്ച് (ആദ്യ വനിത), ജെറമി ഹാൻസൺ (ആദ്യ കനേഡിയൻ പൗരൻ) എന്നിവരാണ് സംഘത്തിലുള്ളത്. പത്തുദിവസത്തെ ദൗത്യം പൂർത്തിയാക്കി ഏപ്രിൽ 10-ന് സംഘം പസഫിക് സമുദ്രത്തിൽ തിരിച്ചിറങ്ങും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam