
ഇസ്‌ലാമാബാദ്: കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യയുമായുള്ള സൈനിക ഏറ്റുമുട്ടലിനിടെ പാകിസ്ഥാന് 'ദൈവിക സഹായം' ലഭിച്ചതായി പാക് പ്രതിരോധ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. മെയ് മാസത്തിൽ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തിന് പിന്നാലെയുണ്ടായ സംഘർഷങ്ങളെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇസ്‌ലാമാബാദിൽ നടന്ന ദേശീയ ഉലമ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് മെയ് ഏഴിന് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഈ ആക്രമണം. തുടർന്നുണ്ടായ നാല് ദിവസത്തെ തീവ്രമായ പോരാട്ടത്തിൽ പാക് സേനയ്ക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഈ ഘട്ടത്തിൽ സൈന്യത്തിന് അദൃശ്യമായ ദൈവിക ഇടപെടലുകൾ അനുഭവപ്പെട്ടുവെന്നും അത് തങ്ങളെ തുണച്ചുവെന്നുമാണ് മുനീർ അവകാശപ്പെട്ടത്. മെയ് പത്തിന് ഇരുരാജ്യങ്ങളും സൈനിക നടപടികൾ നിർത്തിവെക്കാൻ തീരുമാനിച്ചതോടെയാണ് സംഘർഷത്തിന് അയവ് വന്നത്.
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന് കടുത്ത മുന്നറിയിപ്പും അദ്ദേഹം നൽകി. പാകിസ്ഥാനാണോ അതോ നിരോധിത സംഘടനയായ തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ ആണോ വേണ്ടതെന്ന് അഫ്ഗാൻ ഭരണകൂടം തീരുമാനിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്ഥാനിലേക്ക് അതിർത്തി കടന്നെത്തുന്ന ഭീകരരിൽ 70 ശതമാനവും അഫ്ഗാൻ പൗരന്മാരാണെന്ന് അദ്ദേഹം ആരോപിച്ചു. "അഫ്ഗാനിസ്ഥാൻ നമ്മുടെ പാകിസ്താനി കുട്ടികളുടെ രക്തം ചിന്തുകയല്ലേ?" എന്നും അദ്ദേഹം ചോദിച്ചു. ഭരണകൂടത്തിന്‍റെ അനുവാദമില്ലാതെ ആർക്കും 'ജിഹാദ്' പ്രഖ്യാപിക്കാനോ ഫത്വ പുറപ്പെടുവിക്കാനോ അധികാരമില്ലെന്നും മുനീർ ഉലമ കോൺഫറൻസിൽ വ്യക്തമാക്കി. ലോകത്തിലെ 57 ഇസ്‌ലാമിക രാജ്യങ്ങളിൽ പാകിസ്ഥാന് സവിശേഷമായ സ്ഥാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam