പിടിമുറുക്കുന്നോ അസിം മുനീർ? പാകിസ്ഥാനിൽ സൈന്യത്തിന് കൂടുതൽ അധികാരം നൽകുന്ന ഭരണഘടനാ ഭേദഗതിക്ക് നീക്കം

Published : Nov 06, 2025, 07:11 PM IST
Asim Munir

Synopsis

പാകിസ്ഥാനിൽ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ കൂടുതൽ സ്വാധീനം ചെലുത്തുന്നതിനിടെയാണ് പുതിയ നീക്കം. 27-ാമത് ഭരണഘടനാ ഭേദഗതി ഉടൻ പാർലമെന്‍റിൽ അവതരിപ്പിക്കുമെന്ന് ഷെഹ്ബാസ് ഷെരീഫ് സർക്കാർ സ്ഥിരീകരിച്ചു. 

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഭരണഘടനാ ഭേദഗതിയിലൂടെ സൈന്യത്തിന് കൂടുതൽ അധികാരം നൽകാൻ നീക്കം. പാകിസ്ഥാനിൽ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ കൂടുതൽ സ്വാധീനം ചെലുത്തുന്നതിനിടെയാണ് പുതിയ നീക്കം. 27-ാമത് ഭരണഘടനാ ഭേദഗതി ഉടൻ പാർലമെന്‍റിൽ അവതരിപ്പിക്കുമെന്ന് ഷെഹ്ബാസ് ഷെരീഫ് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. സായുധ സേനാ മേധാവിയെ സംബന്ധിച്ചുള്ള നിർദേശങ്ങൾ ഈ ഭേദഗതിയിലുണ്ടെന്നാണ് സൂചന.

പുതിയ ഭേദഗതിയിലൂടെ അസിം മുനീർ പാക് രാഷ്ട്രീയത്തിൽ കൂടുതൽ പിടിമുറുക്കുമെന്ന് അദ്ദേഹത്തിന്‍റെ വിമർശകർക്ക് ആശങ്കയുണ്ട്. സൈന്യം നേരിട്ട് ഭരണം നടത്തിയ ചരിത്രം, മാറിമാറി വന്ന സർക്കാരുകളിലുള്ള സ്വാധീനം, ദേശീയ സുരക്ഷയിലും സമ്പദ്‌വ്യവസ്ഥയിലുമുള്ള സൈന്യത്തിന്‍റെ ഇടപെടൽ എന്നിവയെല്ലാമാണ് വിമർശകർ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ. 27-ാമത് ഭരണഘടനാ ഭേദഗതിക്ക് പിന്തുണ തേടി സർക്കാർ തന്നെ സമീപിച്ചതായി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) തലവൻ ബിലാവൽ ഭൂട്ടോ സർദാരി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ഭരണഘടനയിലെ മാറ്റങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ആരംഭിച്ചത്.

പാക് ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ, പാകിസ്ഥാൻ പാർലമെൻ്റിൻ്റെ ഉപരിസഭയായ സെനറ്റിൽ സംസാരിക്കവെ ഈ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു- "തീർച്ചയായും, സർക്കാർ അത് കൊണ്ടുവരുന്നു, അത് കൊണ്ടുവരും. 27-ാമത് ഭേദഗതി വരും. ഉടൻ വരും. തത്വങ്ങൾക്കും നിയമങ്ങൾക്കും ഭരണഘടനയ്ക്കും അനുസൃതമായി അത് അവതരിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കും". ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെ ഭരണഘടന മാറ്റാൻ സർക്കാർ ശ്രമിക്കുമെന്ന പാകിസ്ഥാൻ തെഹ്രിക്-ഇ-ഇൻസാഫ് (പിടിഐ) പാർട്ടിയുടെ ആശങ്കകൾ അദ്ദേഹം തള്ളിക്കളഞ്ഞു.

എന്തെല്ലാമാണ് ഭേദഗതികൾ?

പാകിസ്ഥാനിലെ മാധ്യമ റിപ്പോർട്ട് പ്രകാരം 27-ാമത് ഭേദഗതിക്ക് കീഴിലുള്ള മാറ്റങ്ങളിൽ കരസേനാ മേധാവിയുടെ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ, എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ പുനഃസ്ഥാപിക്കൽ, ജഡ്ജിമാരുടെ സ്ഥലം മാറ്റം സംബന്ധിച്ച കാര്യങ്ങൾ എന്നിവ സംബന്ധിച്ചും മാറ്റങ്ങൾ വരും. സെനറ്റിലും ദേശീയ അസംബ്ലിയിലും ഭേദഗതി പാസ്സാക്കാൻ സർക്കാരിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. 336 അംഗങ്ങളുള്ള ദേശീയ അസംബ്ലിയിൽ 233 അംഗങ്ങളുടെ പിന്തുണയുള്ളതിനാൽ ആവശ്യമായ അംഗബലമുണ്ട്. എന്നാൽ 96 അംഗങ്ങളുള്ള സെനറ്റിൽ 61 അംഗങ്ങൾ മാത്രമേ ഉള്ളൂ. ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാൻ കുറഞ്ഞത് മൂന്ന് പ്രതിപക്ഷ അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്.

കരസേനാ മേധാവി അസിം മുനീർ,'ഓപ്പറേഷൻ സിന്ദൂർ' നെത്തുടർന്നാണ് ഫീൽഡ് മാർഷലായി ഉയർത്തപ്പെട്ടത്. അതിനുശേഷം അസിം മുനീർ പാക് രാഷ്ട്രീയത്തിൽ തൻ്റെ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുകയാണ്. നിരവധി ആഗോള പ്രതിനിധി സംഘങ്ങളുടെ ഭാഗമായി. വ്യാപാര കരാർ ചർച്ചകളിലെ പങ്കിന് യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്, അസിം മുനീറിനെ പ്രശംസിക്കുകയും ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'