
ട്രംപ് പ്ലാസ എന്നത് ഒരു കാലത്ത് അറ്റ്ലാന്റിക് സിറ്റിയിലെ ഏറെ ജനപ്രിയമായ ഒരിടമായിരുന്നു. സിനിമാതാരങ്ങളും, കായികതാരങ്ങളും, സെലിബ്രിറ്റി ഗായകരും ഒക്കെ അവിടെ സ്ഥിരം സന്ദര്ശകരായിരുന്നു. ഒരു കാലത്ത് ട്രംപ് തന്റെ അഭിമാന സ്തംഭങ്ങളിൽ ഒന്നായി കണ്ടിരുന്ന കെട്ടിടമായിരുന്നു ഇത്. ചരിത്രത്തിൽ ഇടം നേടിയ ആ ബഹുനിലക്കെട്ടിടം, ഇന്നലെ, വെറും സെക്കന്റുകൾ കൊണ്ട് കോൺക്രീറ്റ് കമ്പി അവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമായി മാറി. വേണ്ടവിധത്തിൽ പരിപാലിക്കാതെ, അറ്റകുറ്റ പണികൾ സമയത്തിന് നടത്താതെ കെട്ടിടത്തിൽ നിന്ന് ഭാഗങ്ങൾ അടർന്ന് വഴിയേ പോകുന്നവരുടെ തലയിൽ വന്നു വീഴാൻ തുടങ്ങിയ സാഹചര്യത്തിലായിരുന്നു, അധികൃതരുടെ മുൻകൈയിൽ നടന്ന ഈ തകർക്കൽ.
രാവിലെ ഒമ്പതുമണിയോടെ ആ പ്രദേശത്തു കേട്ടത് സ്ഫോടനങ്ങളുടെ പരമ്പരയാണ്. 3800 ഡൈനാമൈറ്റ് സ്റ്റിക്കുകൾ പൊട്ടിത്തീരാൻ വേണ്ടിവന്നത് 19.5 സെക്കൻഡ് നേരം മാത്രം. സ്‌ഫോടനങ്ങൾക്ക് പിന്നാലെ നിമിഷനേരം കൊണ്ട് കെട്ടിടം തകർന്നടിഞ്ഞു. പുകയും പൊടിയും പ്രദേശമെങ്ങും പരക്കുകയും ചെയ്തു. എല്ലാത്തിനും കൂടി ആകെ എടുത്തത് വെറും 20 സെക്കൻഡ് നേരം മാത്രമായിരുന്നു. കെട്ടിടം നിലം പൊത്തിയതും അത് കണ്ടുനിന്നവരിൽ നിന്ന് കയ്യടികളും, ചൂളം വിളിയും, വിസിലടിയുമൊക്കെ ഉണ്ടായി.
39 നിലകളുള്ള ഈ കെട്ടിടം തകർന്നു നിലം പൊത്തിയത് എട്ടുനില ഉയരത്തിലുള്ള അവശിഷ്ടങ്ങളുടെ രൂപത്തിലാണ്. ട്രംപിന്റെ കാസിനോ ബിസിനസ് നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തിയതോടെ, 2016 -ൽ, ബിസിനസ് ടൈക്കൂൺ ആയ കാൾ ഐകാൻ ആണ് ഈ കാസിനോ ട്രംപിൽ നിന്ന് വിലയ്ക്ക് വാങ്ങുന്നത്. ഓഷ്യൻസ് ഇലവൻ പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ വരെ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഏറെ പ്രസിദ്ധിയാർജ്ജിച്ച ഈ കസീനോ തകർന്നടിഞ്ഞതോടെ അവസാനിക്കുന്നത് അതുമായി ബന്ധപ്പെട്ടുകിടക്കുന്ന ഡോണൾഡ് ട്രംപ് എന്ന റിയൽ എസ്റ്റേറ്റ് ടൈക്കൂണിന്റെ ചരിത്രം കൂടിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam